ബലപ്രയോഗം വേണ്ടെന്ന് റഷ്യ, ചൈന
print edition വെനസ്വേലയില്‍ കരയാക്രമണം വൈകില്ലെന്ന് ട്രംപ്

വാഷിങ്‌ടൺ
സമ്മർദതന്ത്രങ്ങൾക്ക് വഴങ്ങാത്ത വെനസ്വേലക്കെതിരെ കരയാക്രമണ നീക്കവുമായി അമേരിക്ക. കരയാക്രമണം വൈകാതെ ആരംഭിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. "ലഹരിക്കടത്തു സംഘങ്ങളെ തേടി'കരയാക്രമണം ഉടൻ ഉണ്ടാകുമെന്നാണ് ട്രംപ് പറഞ്ഞത്. ലഹരിക്കടത്ത് സംഘങ്ങൾക്ക് വെനസ്വേലൻ ഭരണാധികാരികളുമായി ബന്ധമുണ്ടെന്നാണ് ട്രംപ് നിരന്തരം ആവർത്തിക്കുന്നതെങ്കിലും ഇതുമായി ബന്ധപ്പെട്ട തെളിവ് പുറത്തുവിടാന്‍ യുഎസി കഴിഞ്ഞിട്ടില്ല.
കരീബിയൻ കടലിൽ തന്പടിച്ച യുഎസ് സൈന്യം വെനസ്വേലയിൽനിന്നുള്ള ബോട്ടുകൾ ആക്രമിക്കുന്നത് തുടരുകയാണ്. കരീബിയൻ കടലിൽ ആഗസ്‌തിനുശേഷം 21 ആക്രമണങ്ങളിൽ കുറഞ്ഞത് 83 പേർ കൊല്ലപ്പെട്ടു.
ബലപ്രയോഗം വേണ്ടെന്ന് റഷ്യ, ചൈന
വെനസ്വേലയുടെ പരമാധികാരത്തെ ലംഘിക്കുംവിധമുള്ള അമേരിക്കൻ നീക്കത്തെ അതിശക്തമായി അപലപിച്ച് ചൈനയും റഷ്യയും ഉൾപ്പടെയുള്ള രാജ്യങ്ങൾ. യുഎൻ ചാർട്ടറുകളെ സംരക്ഷിക്കാനായി 18 രാജ്യങ്ങൾ ചേർന്ന് രൂപം കൊടുത്ത ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് കൂട്ടായ്‌മ യുഎസ് നടപടിയെ ശക്തമായി വിമർശിച്ചു. ലാറ്റിൻ അമേരിക്കൻ, കരീബിയൻ മേഖലയിലെ സ്ഥിതി വഷളാകുന്നതിൽ രാജ്യങ്ങൾ ആശങ്ക അറിയിച്ചു. വെനസ്വേലയുടെ പരമാധികാരത്തിലേക്ക് കടന്നുകയറുന്ന ഇടപെടല്‍ ഉണ്ടാകരുത്. യുഎസ് പടക്കപ്പലുകൾ മേഖലയിൽനിന്ന് പിൻവലിക്കണമെന്നും കൂട്ടായ്‌മ ആവശ്യപ്പെട്ടു.
2021ൽ രൂപംകൊണ്ട കൂട്ടായ്‌മയിൽ ചൈന, റഷ്യ, ബൊളീവിയ, ഉത്തര കൊറിയ, ബെലാറസ്, ക്യൂബ, ഇറാൻ, ലാവോസ്, അൾജീരിയ, സിംബാബ്‌വേ, നിക്കരാഗ്വ തുടങ്ങി 18 രാജ്യങ്ങൾ അംഗങ്ങളാണ്.









0 comments