വിരാട് കോഹ്ലിക്ക് തുടർച്ചയായ രണ്ടാം സെഞ്ചുറി, ഏകദിനത്തിൽ 53, ആകെ സെഞ്ചുറി 84
print edition അടിച്ചെടുത്തു ആഫ്രിക്ക ; നാല് വിക്കറ്റ് ജയം

ദക്ഷിണാഫ്രിക്കയ്ക്കെതിരെ സെഞ്ചുറി നേടിയ ഇന്ത്യയുടെ ഋതുരാജ് ഗെയ്--ക്ക്--വാദിന്റെ ആഹ്ലാദം
റായ്‌പുർ
റൺപോരിൽ ഇന്ത്യയെ തകർത്ത് ദക്ഷിണാഫ്രിക്ക. ഏകദിന ക്രിക്കറ്റ് പരന്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 359 റൺ ലക്ഷ്യം നാല് പന്ത് ശേഷിക്കെ ആഫ്രിക്കക്കാർ അടിച്ചെടുത്തു. 717 റണ്ണും മൂന്ന് സെഞ്ചുറികളും പിറന്ന കളിയിൽ നാല് വിക്കറ്റിനാണ് ജയം. ഇതോടെ മൂന്ന് മത്സര പരന്പരയിൽ 1–1ന് ഒപ്പമെത്തി. അവസാന മത്സരം ശനിയാഴ്‌ച നടക്കും.
സ്‌കോർ: ഇന്ത്യ 358/5, ദ. ആഫ്രിക്ക 359/6 (49.2)
ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 358 റണ്ണാണെടുത്തത്. തുടർച്ചയായ രണ്ടാം മത്സരത്തിലും തകർപ്പൻ സെഞ്ചുറിയുമായി വിരാട് കോഹ്‌ലിയും (93 പന്തിൽ 102) കന്നി സെഞ്ചുറിയുമായി ഋതുരാജ് ഗെയ്‌ക്ക്‌വാദും (84 പന്തിൽ 105) തകർത്തുകളിച്ചപ്പോൾ മികച്ച സ്‌കോറാണ് ഇന്ത്യ റായ്‌പുരിൽ കുറിച്ചത്. ക്യാപ്‌റ്റൻ കെ എൽ രാഹുലും (43 പന്തിൽ 66*) തിളങ്ങി. കോഹ്‌ലി ഏകദിനത്തിലെ 53–ാം സെഞ്ചുറിയാണ് സ്വന്തമാക്കിയത്. ആകെ 84 സെഞ്ചുറികളായി മുപ്പത്തേഴുകാരന്.
പക്ഷേ, ബാറ്റിങ്ങിലെ മികവ് ഇന്ത്യക്ക് പന്തിൽ കാട്ടാനായില്ല. എയ്‌ദൻ മാർക്രം (98 പന്തിൽ 110) സെഞ്ചുറിയുമായി ദക്ഷിണാഫ്രിക്കൻ ജയത്തിന് അടിത്തറയിട്ടു. മാത്യു ബ്രീറ്റ്‌സ്‌കി (64 പന്തിൽ 68), ഡെവാൾഡ് ബ്രെവിസ് (34 പന്തിൽ 54), ക്യാപ്‌റ്റൻ ടെംബ ബവുമ (48 പന്തിൽ 46) എന്നിവരും തകർപ്പൻ കളി പുറത്തെടുത്തപ്പോൾ ഇന്ത്യൻ ബൗളർമാരുടെ നിലതെറ്റി. 15 പന്തിൽ 26 റണ്ണുമായി പുറത്താകാതെനിന്ന കോർബിൻ ബോഷാണ് വിജയറൺ കുറിച്ചത്. 53 റണ്ണെടുത്തുനിൽക്കെ മാർക്രത്തിന്റെ ക്യാച്ച് യശസ്വി ജയ്‌സ്വാൾ വിട്ടുകളഞ്ഞത് നിർണായകമായി.
തുടർച്ചയായ ഇരുപതാം തവണയും ടോസ് നഷ്ടപ്പെട്ട ഇന്ത്യക്ക് റായ്‌പുരിൽ ആദ്യം ബാറ്റ് എടുക്കേണ്ടിവന്നു. രോഹിത് ശർമയും (8 പന്തിൽ 14) യശസ്വി ജയ്‌സ്വാളും (38 പന്തിൽ 22) വേഗം മടങ്ങി. പക്ഷേ, മൂന്നാം വിക്കറ്റിൽ കോഹ്‌ലിയും ഋതുരാജും റണ്ണടിച്ചുകൂട്ടി. 156 പന്തിൽ 195 റൺ പിറന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏതൊരു വിക്കറ്റിലെയും മികച്ച കൂട്ടുകെട്ട്. ഏകദിനത്തിൽ 11–ാം തവണയാണ് തുടർച്ചയായി രണ്ട് മത്സരങ്ങളിൽ കോഹ്‌ലി മൂന്നക്കം കടക്കുന്നത്. രണ്ട് സിക്‌സറും ഏഴ് ഫോറുമായിരുന്നു ഇന്നിങ്‌സിൽ.
ഋതുരാജും തകർപ്പൻ കളി പുറത്തെടുത്തു. 77 പന്തിൽ സെഞ്ചുറി പൂർത്തിയാക്കി. രണ്ട് സിക്‌സും 12 ഫോറും ഋതുരാജിന്റെ ഇന്നിങ്‌സിൽ ഉൾപ്പെട്ടു. രവീന്ദ്ര ജഡേജ 27 പന്തിൽ 24 റണ്ണുമായി പുറത്തായില്ല. അവസാന പത്തോവറിൽ ഇന്ത്യക്ക് പ്രതീക്ഷിച്ച റണ്ണടിക്കാനായില്ല.









0 comments