10 രൂപക്ക് പ്രഭാത ഭക്ഷണം: 'ഗുഡ്‌മോണിങ് കൊല്ലം' പദ്ധതി മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു

kollam-ten-rupee-breakfast
വെബ് ഡെസ്ക്

Published on Apr 14, 2025, 05:02 PM | 1 min read

കൊല്ലം: 10 രൂപ നൽകിയാൽ വയറ് നിറയെ പ്രഭാത ഭക്ഷണം കഴിക്കാം... കൊല്ലം കോർപറേഷന്റെ നേതൃത്വത്തിൽ ഗുഡ്മോർണിങ്‌ കൊല്ലം എന്ന പേരിലുള്ള പ്രഭാതഭക്ഷണ പദ്ധതി മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു.


കേരളത്തെ ദാരിദ്ര്യമുക്തമാക്കാൻ സർക്കാർ ഒരുക്കിയത് മികവുറ്റ പദ്ധതികളാണെന്നും ഈ വർഷംതന്നെ ലക്ഷ്യം പൂർത്തീകരിക്കുമെന്നും മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. പൊതുവിതരണ സംവിധാനങ്ങൾ വഴിയും കുറഞ്ഞ നിരക്കിൽ ഉൽപന്നങ്ങൾ കൃത്യമായി നൽകുന്നതിനാൽ പട്ടിണിയില്ലാതെ ജീവിക്കാനുള്ള സാഹചര്യം നിലനിൽക്കുന്നുണ്ട്. നവംബറോടെ കേരളത്തിൽ അതിദരിദ്രരില്ലാതാവുമെന്നും ഇതിന് കോർപറേഷന്റെ പദ്ധതി ഏറെ സഹായകമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


നഗരത്തിലെത്തുന്ന പാവപ്പെട്ടവരുടെ വിശപ്പകറ്റുകയെന്ന ലക്ഷ്യത്തോടെ 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 'ഗുഡ്‌മോണിങ് കൊല്ലം' മാതൃകാ പദ്ധതി നടപ്പാക്കുന്നത്. ചിന്നക്കട ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം ഒരുക്കുന്ന പ്രത്യേക കൗണ്ടറിൽ എത്തിയാൽ ഓരോ പ്രഭാതത്തിലും ഇഡ്ലിയും ദോശയും അപ്പവും ഇടിയപ്പവുമെല്ലാം കറിയും കൂട്ടി 10 രൂപക്ക് കഴിച്ചു മടങ്ങാം.


ഓരോ ദിവസം ഓരോ വിഭവങ്ങളാണ് ഉണ്ടാവുക. ആദ്യഘട്ടത്തിൽ 300 പേർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. കൂടുതൽ ആവശ്യക്കാരുണ്ടെങ്കിൽ വിപുലീകരിക്കും. ആശ്രാമത്തെ 'സ്‌നേഹിത' കുടുംബശ്രീ യൂണിറ്റിലെ സംരംഭക രജിതയാണ് രുചിക്കൂട്ടുകൾ ഒരുക്കുക. 2015 മുതൽ വിദ്യാലയങ്ങളിൽ കുട്ടികളുടെ വിശപ്പകറ്റാൻ നടപ്പാക്കിവരുന്ന 'അമ്മമനസ്സ്' പദ്ധതിയുടെയും കോവിഡ് കാലത്ത് നടപ്പാക്കിത്തുടങ്ങിയ ജനകീയ ഹോട്ടലുകളുടെയും തുടർച്ചയാണിതെന്ന് മേയർ ഹണി പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home