print edition ആഭിചാരക്രിയയുടെ മറവിൽ പീഡനം; കുടുംബപ്രശ്‌നം പരിഹരിക്കാൻ ‘ഗന്ധർവപൂജ’ വേണമെന്ന് ബിജെപി നേതാവ്

പ്രതീകാത്മക ചിത്രം
ശൂരനാട് (കൊല്ലം): ആഭിചാരക്രിയയുടെ മറവിൽ പതിനഞ്ചുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ബിജെപി നേതാവ് അറസ്റ്റിലായ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുടുംബപ്രശ്നം പരിഹരിക്കാൻ ‘ഗന്ധർവപൂജ’ നടത്താൻ കേസിലെ പ്രതി ബിജെപി കൊല്ലം ഇൗസ്റ്റ് ജില്ലാ കമ്മിറ്റി അംഗം ഇടയ്ക്കാട് തെക്ക് കാഞ്ഞിരവിള വടക്കതിൽ ടി രഞ്ജു (അമ്പാടി, 52) ആവശ്യപ്പെട്ടെന്ന വിവരം പുറത്ത്.
പോരുവഴി നിവാസികളായ ദന്പതികൾ കുടുംബപ്രശ്നം പരിഹരിക്കാൻ ബിജെപി പ്രവർത്തകയും അധ്യാപികയുമായ വാർഡ് അംഗത്തെ സമീപിച്ചതു മുതലാണ് സംഭവങ്ങളുടെ തുടക്കം. പ്രശ്നപരിഹാരത്തിനായി വാർഡ് അംഗത്തിന്റെ വീട്ടിൽ പ്രാദേശിക ബിജെപി നേതാക്കളുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി.
അതിനുശേഷവും വഴക്ക് തുടർന്നതോടെ ഭാര്യ പഞ്ചായത്ത് അംഗത്തെയും പ്രതി രഞ്ജുവിനെയും സമീപിച്ച് പൊലീസിൽ പരാതി നൽകാൻ പിന്തുണ തേടി. എന്നാൽ, പരാതി നൽകേണ്ടെന്നും അടൂരിലെ വീട്ടിലേക്ക് കുട്ടികളുമായി മടങ്ങാനും പ്രതി നിർദേശിച്ചു. തുടർന്ന് അടൂരിലെ വീട്ടിലെത്തിയ പ്രതി പെൺകുട്ടിയുടെ ദേഹത്തുള്ള ‘ബാധ’മൂലമാണ് അച്ഛനമ്മമാർ വഴക്കുണ്ടാകുന്നതെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു.
കുട്ടിക്ക് 18 വയസ്സാകുന്നതോടെ അച്ഛനമ്മമാർക്ക് ജീവഹാനിയുണ്ടാകുമെന്നും പറഞ്ഞു. ഇതിന് പരിഹാരമായാണ് ‘ഗന്ധർവപൂജ’ നടത്താൻ നിർദേശിച്ചത്. രണ്ടുദിവസങ്ങളായി പുലർച്ചെ മൂന്നരയ്‌ക്ക് പൂജ നടത്തണമെന്നും പറഞ്ഞു.
ഇതുപ്രകാരം ആദ്യദിവസം കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ പൂജ നടത്തി. ദക്ഷിണയായി 1000 രൂപയും പ്രതി കൈപ്പറ്റി. രണ്ടാംദിവസം അടച്ചിട്ട മുറിയിൽ കുട്ടിയോടൊപ്പം തനിച്ച് പൂജ നടത്തണമെന്നായി. 10നു പുലർച്ചെ അടച്ചിട്ട മുറിയിൽ പൂജയുടെ മറവിൽ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു.
ഇതിനിടെ കുട്ടി അബോധാവസ്ഥയിലായെന്നും മൊഴിയിൽ പറയുന്നു. മുറിയിൽനിന്ന് പുറത്തിറങ്ങിയ പ്രതി ‘ബാധ’യുടെ പ്രേരണകാരണം കുട്ടി പരസ്പരവിരുദ്ധമായി സംസാരിക്കാൻ സാധ്യതയുണ്ടെന്നും കാര്യമാക്കേണ്ടെന്നും ദമ്പതികളോട് പറഞ്ഞശേഷം മുങ്ങുകയായിരുന്നു. പ്രതി ഉപദ്രവിച്ചെന്നു മനസ്സിലാക്കിയ അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പ്രതി പല വീടുകളിലും ‘ഗന്ധർവ പൂജ’ നടത്തിയതായി പൊലീസ് പറഞ്ഞു. ഇടയ്ക്കാട്ടിലെ ഒരു വീട്ടിൽ പൂജയ്‌ക്കിടെ നിലവിളക്കുകൊണ്ട് അടിയേറ്റതായും പറയുന്നു. പ്രതി റിമാൻഡിലാണ്.









0 comments