print edition കൊടകര ബിജെപി കുഴൽപ്പണക്കടത്ത് ; വിചാരണക്കോടതി മാറ്റണമെന്ന് ഇഡി; പിന്നിൽ അട്ടിമറിനീക്കം

തൃശൂർ
കൊടകര കുഴൽപ്പണക്കടത്ത് കേസിന്റെ വിചാരണ ഇരിങ്ങാലക്കുട അഡീഷണൽ സെഷൻസ് കോടതിയിൽനിന്ന് കൊച്ചിയിലെ പിഎംഎൽഎ കേസുകളുടെ പ്രത്യേക സിബിഐ–2 കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇഡി ഹർജി നൽകി. ഇരിങ്ങാലക്കുട കോടതിയിലാണ് ഹർജി നൽകിയത്. കേസ് അട്ടിമറിക്കാനുള്ള നീക്കമാണിതെന്നാണ് സൂചന.
മൂന്നരക്കോടി രൂപയുടെ കൊടകര കുഴൽപ്പണക്കവർച്ചാ കേസിൽ കേരള പൊലീസാണ് അന്വേഷണം നടത്തി ഇരിങ്ങാലക്കുട കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. സംസ്ഥാന സർക്കാർ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെയും നിയമിച്ചു. എന്നാൽ, പ്രത്യേക കോടതിയിൽ ഇഡി പ്രാേസിക്യൂട്ടറായിരിക്കും വാദിക്കുക. അതുവഴി കേസ് അട്ടിമറിക്കാൻ സാധ്യതയുണ്ടെന്ന് നിയമവിദഗ്‌ധർ പറയുന്നു.
ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന കെ സുരേന്ദ്രന്റെ നിർദേശത്തോടെ നിയമസഭാ തെരഞ്ഞെടുപ്പിൽ 41.4 കോടിയും പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ 12 കോടിയും ഉൾപ്പെടെ 53.4 കോടി കുഴൽപ്പണം കേരളത്തിൽ ഇറക്കിയെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. കള്ളപ്പണക്കേസ് അന്വേഷിക്കാൻ അധികാരമില്ലാത്തതിനാൽ വിശദ റിപ്പോർട്ട് ഇഡിക്ക് പൊലീസ് കൈമാറി. ബിജെപി നേതാക്കളുടെ പങ്ക് വ്യക്തമാക്കുന്ന റിപ്പോർട്ടിനൊപ്പം പണമിടപാടിന്റെ രേഖകളും കൈമാറി. ആദ്യം കേസെടുക്കാൻ മടിച്ച ഇഡി, ഹൈക്കോടതി ഇടപെട്ടതോടെയാണ് തയ്യാറായത്. എന്നാൽ, കള്ളപ്പണത്തിന്റെ ഉറവിടവും കണ്ണികളെയും കണ്ടെത്താൻ ശ്രമിക്കാതെ കവർച്ചക്കേസിലുള്ളവരെ ഇഡിയും പ്രതിയാക്കി.
ബിജെപി തൃശൂർ ജില്ലാകമ്മിറ്റി ഓഫീസിൽ ആറ് ചാക്കുകെട്ടിൽ ഒമ്പത് കോടി രൂപ എത്തിച്ചതിന് സാക്ഷിയാണെന്ന് മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ് മാധ്യമങ്ങളോട് പരസ്യമായി പറഞ്ഞിട്ടും മൊഴി രേഖപ്പെടുത്തിയില്ല. പകരം കവർച്ചചെയ്‌ത പണം ഹോട്ടൽ കച്ചവടത്തിനുള്ളതാണെന്ന വ്യാജമൊഴി രേഖപ്പെടുത്തി കുറ്റപത്രം സമർപ്പിച്ച് ബിജെപി നേതാക്കളെ രക്ഷിച്ചു.










0 comments