തൊഴിലാളിഹൃദയത്തിൽ ഇടംനേടിയ സംഘാടകൻ, എഴുത്തുകാരൻ

കൊച്ചി: കൊച്ചിയിലെ സാമൂഹ്യ, രാഷ്‌ട്രീയ രംഗത്തെ നിറസാന്നിധ്യമായിരുന്നു എഴുത്തുകാരനും സംഘാടകനുമായിരുന്ന എൻ കെ കണ്ണൻമേനോൻ. അസംഘടിതരായ ഇൻഷുറൻസ് മേഖലയിലെ തൊഴിലാളികളെ സംഘടിപ്പിച്ച് കേരള സ്റ്റേറ്റ് ജനറൽ ഇൻഷുറൻസ് എംപ്ലോയീസ് യൂണിയൻ രൂപീകരിക്കുന്നതിന് നേതൃപരമായ പങ്കുവഹിച്ചു.
എഴുത്തുകാരനെന്നനിലയിലും ശ്രദ്ധേയനായി. സഹോദരി ബേബിമേനോനുമായി ചേർന്നാണ് എഴുതിയിരുന്നത്. അതിരുകൾക്കപ്പുറം, രജതരേഖ, കീഴടങ്ങാത്ത മനസ്സുകൾ, പിഴച്ചുപോകുന്ന ചുവടുകൾ, അനുശോചനം, ചുഴി, കൂട്ടംതെറ്റി മേയുന്നവർ, ചൂതാട്ടം, അവസാനത്തെ ആരംഭം, പട്ടംപറപ്പിക്കുന്ന കുട്ടികൾ, അത്താഴവിരുന്ന്, കറുത്ത സായാഹ്നങ്ങൾ, കുട്ടിശങ്കരന്റെ കഥ, നന്ദു തുടങ്ങി നിരവധി കൃതികൾ ഇരുവരും ചേർന്ന് പ്രസിദ്ധീകരിച്ചു.
‘അതിരുകൾക്കപ്പുറം’ കഥാസമാഹാരത്തിന് ഇ എം എസ് ആണ് അവതാരിക എഴുതിയത്. ദേശാഭിമാനി വാരിക ഉൾപ്പെടെയുള്ള ആനുകാലിക പ്രസിദ്ധീകരണങ്ങളിലും എഴുതി. ബേബിമേനോൻ ഭർത്താവ് വിജയൻമേനോന്റെ കൂടെ എറണാകുളത്തെ വീട്ടിൽ വിശ്രമജീവിതത്തിലാണ്. തൊഴിലാളിവർഗ രാഷ്‌ട്രീയം നെഞ്ചേറ്റിയിരുന്ന കണ്ണൻമേനോൻ എല്ലാ കാലത്തും ഇടതുപക്ഷ പ്രചാരകനായിരുന്നു. ആനുകാലിക രാഷ്‌ട്രീയ സ്ഥിതിഗതികൾ കൃത്യമായി നിരീക്ഷിക്കുകയും വിലയിരുത്തുകയുംചെയ്തു.
സമൂഹമാധ്യമങ്ങളിലൂടെ സജീവമായി ഇടതുപക്ഷ ആശയപ്രചാരണം നടത്തി. നാട്ടിലെത്തുമ്പോൾ ഗ്രന്ഥശാലകൾക്ക് പുസ്തകങ്ങൾ വാങ്ങിനൽകുക പതിവായിരുന്നു. കഴിഞ്ഞതവണ പുസ്തകശേഖരവും ഷെൽഫുകളും എറണാകുളം പബ്ലിക് ലൈബ്രറിക്ക് നൽകി. കേരള സ്റ്റേറ്റ് ജനറൽ ഇൻഷുറൻസ് എംപ്ലോയീസ് യൂണിയൻ സുവർണജൂബിലി സമ്മേളനത്തിൽ പങ്കെടുക്കാനാണ് ഇത്തവണ എത്തിയത്. അദ്ദേഹത്തെയും ഒപ്പം ഭാരവാഹികളായിരുന്ന കെ ജി പ്രഭാകരൻ, എം വി കോര എന്നിവരെയും ചടങ്ങിൽ ആദരിച്ചു. കണ്ണൻമേനോൻ പങ്കെടുത്ത അവസാന പൊതുപരിപാടിയും ഇതായിരുന്നു.








0 comments