മുഖ്യമന്ത്രിയുടെ സ്വന്തം ലഹരിമാഫിയ; മുഖ്യപ്രതികളെ ഉൗരിയെടുക്കാൻ പൊലീസിന്റെ നാടകം


സ്വന്തം ലേഖകൻ
Published on Oct 05, 2026, 01:05 AM | 1 min read
കാസർകോട്: കാലിക്കടവിൽ എംഡിഎംഎ പിടിച്ചെടുത്ത കേസിൽ പ്രതികളായ, മുഖ്യമന്ത്രി വി ഡി സതീശന്റെ സോഷ്യൽമീഡിയ കോർഡിനേറ്റർ കെ എച്ച് മുഹമ്മദ് ഹുസൈനെയും യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പി എ അബ്ദുൽസലാമിനെയും ഇടനിലക്കാർ മാത്രമാക്കി പൊലീസ്. കോടതിയിൽ നൽകിയ അന്വേഷണ പുരോഗതി റിപ്പോർട്ടിലാണ് പ്രതികളെ ഇടനിലക്കാർ മാത്രമാക്കിയത്. മുഹമ്മദ് ഹുസൈൻ, അബ്ദുൾസലാം, പി എ അബ്ബാസ്, സൈനുൽ ആബിദ്, റിയ ഖാൻ, വിഷ്ണു കുമാർ എന്നീ ആറ് പ്രതികളുടെ ജാമ്യാപേക്ഷയിൽ നൽകിയ റിപ്പോർട്ടിലാണിത്.
എംഡിഎംഎ മൊത്തവിതരണത്തിന് എത്തിച്ച കേസിൽ പെരുമ്പാവൂർ അറക്കപ്പടി സ്വദേശി സൈനുൽ ആബിദ്, പശ്ചിമബംഗാൾ സ്വദേശിനി റിയ ഖാൻ എന്ന സാത്തി ഷേഖ്, ഐവറികോസ്റ്റ് സ്വദേശി സാമുവൽ ഓസ്റ്റിൻ എന്നിവർ മുഖ്യ പ്രതികളെന്നാണ് റിപ്പോർട്ടിൽ. ആഗസ്‌ത് ഒന്പതിന് കാലിക്കടവിൽ 140 ഗ്രാം എംഡിഎംഎയുമായി ആദ്യം പിടിയിലായ മുഹമ്മദ് ഹുസൈൻ, അബ്ദുൾസലാം എന്നിവരുടെ പങ്കിനെക്കുറിച്ച് കാര്യമായൊന്നും റിപ്പോർട്ടിലില്ല.
ഇവരുടെ സാമ്പത്തികസ്രോതസിനെക്കുറിച്ചുള്ള വിവരവുമില്ല. മയക്കുമരുന്ന് കടത്തിനായി പ്രതികൾ ലക്ഷങ്ങളുടെ ഇടപാട് നടത്തിയതായി നേരത്തെ പുറത്തുവന്നിരുന്നു. മയക്കുമരുന്ന് വിതരണ സംഘത്തിന്റെ ഇടനിലക്കാരെക്കുറിച്ചും പരാമർശമില്ല. കാസർകോട് ജില്ലാ സെഷൻസ് കോടതിയിലാണ് അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചത്. ജാമ്യാപേക്ഷ ആറിന് പരിഗണിക്കും.









0 comments