print edition വൈറ്റ് കോളർ ഡ്രഗ് പാർട്ടി: കെവിന്റെ പ്രധാന കൂട്ടാളി അറസ്‌റ്റിൽ

സിദ്ദിഖ് ഷമീർ
കൊച്ചി: സമൂഹത്തിലെ ഉന്നതരെ ഉൾപ്പെടുത്തി ആഡംബരഹോട്ടലുകളിൽ വൈറ്റ് കോളർ ഡ്രഗ് പാർട്ടികൾ നടത്തുന്ന കേസിലെ മുഖ്യപ്രതി തൊടുപുഴ സ്വദേശി കെവിൻ ബി മാത്യുവിന്റെ പ്രധാന കൂട്ടാളി അറസ്‌റ്റിൽ. പറവൂർ മഠം കാഞ്ഞിരപ്പറമ്പിൽ സിദ്ദിഖിനെ (28)യാണ് കളമശേരി വട്ടേക്കുന്നം സിപി നഗറിൽനിന്ന് 30 ഗ്രാം എംഡിഎംഎയുമായി ഡാൻസാഫ് സംഘം പിടികൂടിയത്. ഇയാൾക്ക് മയക്കുമരുന്ന് നൽകിയിരുന്നത് കെവിനാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. സിദ്ദിഖും കെവിനും തമ്മിൽ നാല് വർഷത്തോളമായി ഇടപാടുകൾ നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
നാർകോട്ടിക് സെൽ എസിപി ടി ഡി സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ്-് ടീമാണ് സിദ്ദിഖിനെ പിടികൂടിയത്. കെവിന്റെ മറ്റൊരു കൂട്ടാളി പള്ളുരുത്തി സ്വദേശി പി എം ഷമീർ കഴിഞ്ഞയാഴ്‌ച അറസ്‌റ്റിലായിരുന്നു. ഷമീറിന്റെ സുഹൃത്താണ് സിദ്ദിഖ്. കെവിന്റെ കൈയിൽനിന്ന് രണ്ടുതവണയായി 50 ഗ്രാംവീതം എംഡിഎംഎ വാങ്ങി സിദ്ദിഖ് ഷമീറിന് നൽകിയതായി അന്വേഷകസംഘം കണ്ടെത്തിയിരുന്നു.
കെവിനെ ചോദ്യം ചെയ്‌തതിൽനിന്നാണ് സിദ്ദിഖിനെക്കുറിച്ച് വിവരം ലഭിച്ചത്. കെവിനെ വീണ്ടും റിമാൻഡ് ചെയ്‌തു. ഇയാളുടെ മയക്കുമരുന്നു ശൃംഖലയിൽപ്പെട്ടവരിലേക്ക് അന്വേഷണം വ്യാപിപ്പിച്ചു.
കളമശേരി വട്ടേക്കുന്നത്ത് ലോഡ്ജിൽനിന്ന് എംഡിഎംഎയും കഞ്ചാവുമായി പിടികൂടിയ സിയാദ്, ആദിൽ അൻസാർ എന്നിവരും കെവിന്റെ അനുയായികളാണെന്ന് കണ്ടെത്തിയിരുന്നു.
വാഴക്കാലയിൽനിന്ന് 183.55 ഗ്രാം എംഡിഎംഎയും 93.51 ഗ്രാം എക്സ്റ്റസി ഗുളികകളുമായാണ് കെവിനെ കൊച്ചി സിറ്റി പൊലീസ് പിടിച്ചത്. മാർച്ച് 28ന് കടവന്ത്രയിലെ ആഡംബരഹോട്ടലിൽനിന്ന് വിവിധയിനം മയക്കുമരുന്നുകളുമായി എട്ടുപേർ പിടിയിലായ കേസിന്റെ തുടരന്വേഷണത്തിലാണ് ഇയാൾ അറസ്‌റ്റിലായത്.










0 comments