രാജ്യത്തെ വിമാന അറ്റകുറ്റപ്പണികളുടെ ഹബ്ബാക്കി കൊച്ചിയെ മാറ്റും: മുഖ്യമന്ത്രി

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെ യാത്രാകേന്ദ്രം എന്നതിലുപരി, ലോകനിലവാരത്തിലുള്ള സമ്പൂർണ വ്യോമയാന വ്യവസായ കേന്ദ്രമാക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിയാലിന്റെ ബൃഹദ് പദ്ധതിയായ ‘എയ്റോ പാർക്ക്’ ഫേസ് വണ്ണിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഇന്ത്യൻ വ്യോമയാന ഭൂപടത്തിൽ കൊച്ചിയെ ഒരു എയർക്രാഫ്റ്റ് മെയിന്റനൻസ് ഹബ്ബാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. വ്യോമയാന പരിശീലന രംഗത്ത് സിയാൽ നടത്തുന്ന മറ്റൊരു വിപ്ലവകരമായ ചുവടുവെപ്പാണ് 8 കോടി രൂപ ചെലവ് വരുന്ന ഏവിയേഷൻ പ്രഷർ ഫെഡ് ഫയർ ഫൈറ്റിംഗ് ഫെസിലിറ്റി. ഈ സംവിധാനം അപകടകരമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നതിന് ജീവനക്കാർക്ക് പരിശീലനം നൽകും.
ഇന്ത്യയിലാദ്യമായി വിമാനത്താവളത്തിനുള്ളിൽ സജ്ജമാക്കുന്ന അത്യാധുനിക അണ്ടർവാട്ടർ ക്രൂ മെയിന്റനൻസ് സൗകര്യവും ഒരുങ്ങുകയാണ്. 3 കോടി രൂപയുടെ നിർമ്മാണ ചെലവിൽ വരുന്ന പദ്ധതി ജലാശയങ്ങളിൽ ഉണ്ടാകാനിടയുള്ള അപകട സാഹചര്യങ്ങളെ നേരിടാൻ രക്ഷാ സേനയെ സജ്ജമാക്കും. സിയാൽ ഐടി പാർക്ക് ഉൾപ്പെടുന്ന എയ്റോ പാർക്ക് രണ്ടാം ഘട്ടം , എയറോസിറ്റി ഉൾപ്പെടുന്ന എയ്റോ പാർക്ക് മൂന്നാം ഘട്ടം കൂടി പൂർത്തിയാകുന്നതോടെ സിയാൽ ഒരു സമ്പൂർണ ഏവിയേഷൻ എക്കോസിസ്റ്റമായി മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ 10 വർഷമായി നടപ്പിലാക്കി വരുന്ന വികസന കാഴ്ചപ്പാടുകൾ എങ്ങനെയാണ് നാടിന്റെ മുഖച്ഛായ മാറ്റിയത് എന്നതിന്റെ നേർചിത്രമാണ് സിയാൽ. വിമാനത്താവള പ്രവർത്തനങ്ങൾ പൂർണ്ണമായും ഡിജിറ്റലൈസ് ചെയ്ത 'സിയാൽ 2.0' പദ്ധതി കഴിഞ്ഞ വർഷമാണ് ആരംഭിച്ചത്. അന്താരാഷ്ട്ര നിലവാരമുള്ള ബിസിനസ് ജെറ്റ് ടെർമിനൽ, യാത്രക്കാർക്കായി എയ്റോ ലോഞ്ച്, താജ് കൊച്ചി എയർപോർട്ട് ഹോട്ടൽ, അത്യാധുനിക ഇമ്പോർട്ട് കാർഗോ ടെർമിനൽ തുടങ്ങിയ സംവിധാനങ്ങൾ ഈ കാലയളവിൽ നടപ്പിലാക്കാൻ സാധിച്ചു. യാത്രക്കാർക്കായി ഒരുക്കിയ ഇൻഹൗസ് ഡിജി യാത്ര സംവിധാനവും, വിമാനത്താവള പരിസരത്തെ വെള്ളപ്പൊക്ക ഭീഷണി ഒഴിവാക്കാനുള്ള 'ഓപ്പറേഷൻ പ്രവാഹ്' ഉൾപ്പെടെയുള്ള പദ്ധതികളും സിയാലിനെ കൂടുതൽ ജനകീയമാക്കി. സിയാലിന്റെ വളർച്ച നാടിന് ആകെ അഭിമാനകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങിൽ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷനായി. ഹാരിസ് ബീരാൻ എംപി, എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം ജോൺ, ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, സിയാൽ ഡയറക്ടർമാരായ എം. എ യൂസഫലി, ഇ.കെ ഭരത് ഭൂഷൺ, എൻ.വി ജോർജ്, വർഗീസ് ജേക്കബ്, മാനേജിങ് ഡയറക്ടർ എസ്.സുഹാസ്, അങ്കമാലി നഗരസഭ ചെയർപേഴ്സൺ റീത്ത പോൾ, കാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ പോൾ, നെടുമ്പാശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ജോർജ്, ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഡേവിസ്, അങ്കമാലി നഗരസഭ കൗൺസിലർ ടി വൈ ഏലിയാസ്, സിഐഎഎസ്എൽ മാനേജിംഗ് ഡയറക്ടർ സന്തോഷ് ജെ പൂവാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.










0 comments