ad
Deshabhimani

തോക്ക്‌ ചൂണ്ടി കവർച്ച ; ഒരാൾ അറസ്റ്റിൽ 
3 പേർ കസ്റ്റഡിയിൽ

kochi robbery
വെബ് ഡെസ്ക്

Published on Oct 10, 2025, 02:53 AM | 1 min read


മരട് (കൊച്ചി)

കുണ്ടന്നൂരിലെ സ്റ്റീൽ വ്യാപാര സ്ഥാപനത്തിൽ തോക്ക് ചൂണ്ടി 81 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാളുടെ അറസ്റ്റ്‌ രേഖപ്പെടുത്തി. മൂന്നുപേരെ കസ്‌റ്റഡിയിലെടുത്തു. വടുതല സ്വദേശി സജിയുടെ അറസ്റ്റാണ്‌ രേഖപ്പെടുത്തിയത്‌. സഹായികളായ കൊച്ചി എസ്ആർഎം റോഡ് കണ്ണിടത്ത് വീട്ടിൽ നിഖിൽ (43), ചേരാനല്ലൂർ താമരശ്ശേരി വീട്ടിൽ ആസിഫ് ഇക്ബാൽ (43), പള്ളുരുത്തി കണ്ണോത്ത് പീടികയിൽ ബുഷാവ (47) എന്നിവരാണ്‌ കസ്റ്റഡിയിലുള്ളത്‌. സജിയുടെ ഒപ്പം ഇടപാടിന്‌ എത്തിയതായി കരുതുന്ന വിഷ്ണുവും കസ്റ്റഡിയിലായതായി സൂചനയുണ്ട്.


കവർച്ചാസംഘം സഞ്ചരിച്ച രണ്ടു കാറുകളും പിടിച്ചെടുത്തു. മുഖംമൂടി ധരിച്ച് കവർച്ചയ്‌ക്ക്‌ എത്തിയ മൂന്നുപേരും സജിയുടെ ഒപ്പമെത്തിയ ജോജിയും ഒളിവിലാണ്‌. ഇവരെ പിടികൂടാൻ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു. കുണ്ടന്നൂരിലെ ‘നാഷണൽ സ്റ്റീൽ’ കമ്പനിയിൽ ബുധൻ പകൽ 3.30നായിരുന്നു കവർച്ച. സംഭവത്തിൽ സ്ഥാപനമുടമ തോപ്പുംപടി പുളിയനത്ത് വീട്ടിൽ സുബിൻ ജോസഫ് പൊലീസിൽ പരാതി നൽകിയിരുന്നു.


ട്രേഡ് പ്രോഫിറ്റ് ഫണ്ട്‌ എന്ന പേരിൽ തമിഴ്നാട് കേന്ദ്രീകരിച്ച്‌ നടക്കുന്ന നോട്ടിരട്ടിപ്പിന്റെ പേരിലായിരുന്നു തട്ടിപ്പിന്റെ തുടക്കം. 81 ലക്ഷം രൂപ കൊടുത്താൽ 1.10 കോടിയായി തിരിച്ചു കിട്ടുമെന്നാണ് ഇവർ വാഗ്‌ദാനം ചെയ്‌തിരുന്നത്. രണ്ടാഴ്‌ച മുമ്പ്‌ സജി ഇക്കാര്യവുമായി സുബിനെ സമീപിച്ചിരുന്നുവെന്നും തുടർന്ന് നോട്ടിരട്ടിപ്പ് സംഘത്തിലുൾപ്പെട്ട വിഷ്ണു, ജോജി എന്നിവരെ പരിചയപ്പെടുത്തിയെന്നും പൊലീസ്‌ പറയുന്നു. കവർച്ചാ സംഘം മുഖംമൂടി ധരിച്ച് സ്ഥാപനത്തിലെത്തുമ്പോൾ സജിയും വിഷ്ണുവും ജോജിയുമാണ്‌ സ്ഥലത്തുണ്ടായിരുന്നത്‌. ഇവർ പണം എണ്ണി തിട്ടപ്പെടുത്തിക്കൊണ്ടിരിക്കുകയായിരുന്നു. സംഘത്തെ കണ്ടതോടെ വിഷ്ണുവും ജോജിയും കടയിൽ നിന്ന്‌ മാറി.


പണവുമായി കവർച്ചാസംഘം കടന്നതിനു പിന്നാലെ സജിയെ സുബിനും കടയിലെ ജീവനക്കാരും കൂടി പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

സ്ഥാപനത്തിൽ ഉണ്ടായിരുന്ന 81 ലക്ഷം രൂപ അസംസ്‌കൃത വസ്‌തുക്കൾ വാങ്ങാനുള്ള പണമായിരുന്നെന്നും ഈ തുകയ്ക്ക് രേഖകളുണ്ടെന്നുമാണ് സുബിൻ പൊലീസിനോട്‌ പറഞ്ഞത്. സ്ഥാപനത്തിലെ സിസിടിവി ക്യാമറ പ്രവർത്തനരഹിതമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home