ad
Deshabhimani

ഇനി ചരിത്രത്തുടിപ്പ്; വിടവാങ്ങിയത് മതനിരപേക്ഷ ചിന്തയുടെ കരുത്തുറ്റ ശബ്ദം

Dr K N Panikkar
avatar
സ്വന്തം ലേഖകൻ

Published on Mar 10, 2026, 12:15 AM | 2 min read

തിരുവനന്തപുരം: ലോകമാദരിക്കുന്ന മാർക്‌സിസ്റ്റ്‌ ചരിത്ര പണ്ഡിതനും മതനിരപേക്ഷതയുടെ കാവലാളുമായ ഡോ. കെ എൻ പണിക്കർ വിട പറഞ്ഞു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന്‌ തിങ്കൾ പകൽ 12ന്‌ പട്ടം എസ്‌യുടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന അദ്ദേഹം പകൽ 1.47 ഓടെ അന്തരിച്ചു. 90 വയസ്സായിരുന്നു. ചൊവ്വ രാവിലെ 10 മുതൽ കവടിയാർ ജവഹർ നഗറിലെ നികുഞ്ജം ഫോർച്യൂണിൽ പൊതുദർശനം. സംസ്‌കാരം വൈകിട്ട്‌ 4.30ന്‌ തൈക്കാട്‌ ശാന്തികവാടത്തിൽ.


​1936–ൽ ഗുരുവായൂർ തൈക്കാട്‌ കണ്ടിയൂർ കുടുംബത്തിലാണ്‌ ജനനം. മുഴുവൻ പേര്‌ കണ്ടിയൂർ നാരായണ പണിക്കർ. അച്ഛൻ: പരേതനായ കുഞ്ഞുപറമ്പിൽ കൃഷ്‌ണൻ നായർ. അമ്മ: പരേതയായ കണ്ടിയൂർ ഇപ്പുക്കുട്ടിയമ്മ. സഹപാഠിയായിരുന്ന രാജസ്ഥാൻ സ്വദേശിനി പരേതയായ ഉഷ പണിക്കരാണ്‌ ഭാര്യ. മക്കൾ: രാഗിണി, ശാലിനി (ഇരുവരും ബംഗളൂരു). മരുമക്കൾ: പീതാംബർ (ഹൈദരാബാദ്‌), ആർ വി രമൺ (ബംഗളൂരു). ചാവക്കാട്‌ ബോർഡ്‌ ഹൈസ്‌കൂളിലായിരുന്നു പഠനം. പാലക്കാട്‌ വിക്‌ടോറിയ കോളേജിൽ ബിരുദപഠന കാലത്ത്‌ യൂണിയൻ ചെയർമാനായിരുന്നു. രാജസ്ഥാൻ യൂണിവേഴ്സിറ്റിയിൽനിന്ന്‌ ബിരുദാനന്തര ബിരുദവും ഡോക്‌ടറേറ്റും കരസ്ഥമാക്കി. രാജസ്ഥാൻ യൂണിവേഴ്സിറ്റി, ന്യൂഡൽഹിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ പബ്ലിക്‌ അഡ്‌മിനിസ്ട്രേഷൻ എന്നിവിടങ്ങളിൽ അധ്യാപകനായി. ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിൽ പ്രൊഫസർ, വകുപ്പധ്യക്ഷൻ, സാമൂഹ്യശാസ്‌ത്ര വിഭാഗം ഡീൻ എന്നീ നിലകളിലും പ്രവർത്തിച്ചു. 2017ൽ കേരള സാഹിത്യ അക്കാദമി വിശിഷ്‌ടാംഗത്വം നൽകി ആദരിച്ചു.


ഇന്ത്യയിൽ ഹിന്ദുത്വ രാഷ്‌ട്രീയത്തിന്റെ കടന്നുവരവിനെയും പ്രത്യയശാസ്‌ത്ര മേൽക്കോയ്‌മയ്‌ക്കായുള്ള നീക്കങ്ങളെയും ചെറുക്കാൻ വസ്‌തുനിഷ്‌ഠ ചരിത്രരചനയിലൂടെ ആഹ്വാനംചെയ്‌ത കെ എൻ പണിക്കർക്ക് വർഗീയശക്തികളിൽനിന്ന് ആക്രമണങ്ങളും ഭീഷണികളും നേരിടേണ്ടിവന്നു.

​കൊളോണിയൽ അധിനിവേശകാലഘട്ടത്തിലെ ബ‍ൗദ്ധിക ചരിത്രമാണ് ഗവേഷണമേഖല. മലബാർ കലാപം മുതൽ ബാബ്റി മസ്ജിദ് വിഷയംവരെ ചരിത്രത്തിലൂടെ അപഗ്രഥിച്ച അദ്ദേഹം ഇംഗ്ലീഷിലാണ് കൂടുതൽ കൃതികളും രചിച്ചത്. ചരിത്ര വിശകലനത്തിലെ കരുത്തുറ്റ മാർക്‌സിയൻ സ്വരമായിരുന്ന അദ്ദേഹത്തിന്റെ കൃതികൾ.


കേരള ചരിത്ര കോൺഗ്രസിന്റെ സ്ഥാപകാധ്യക്ഷനാണ്‌. കേരള ചരിത്രഗവേഷണ ക‍ൗൺസിൽ, ഇന്ത്യൻ ചരിത്ര കോൺഗ്രസ്‌ അധ്യക്ഷൻ എന്നീ നിലകളിലും പ്രവർത്തിച്ചു. 2001– 2004 വരെ ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിൽ വൈസ്‌ ചാൻസലറും 2007–2011ൽ കേരള ഉന്നതവിദ്യാഭ്യാസ ക‍ൗൺസിൽ ഉപാധ്യക്ഷനുമായി. കേരള കൗൺസിൽ ഫോർ ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ (കെസിഎച്ച്ആർ) നിലനിൽപ്പിന് അഹോരാത്രം പ്രവർത്തിക്കുകയും കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തിന് ഏറെ സംഭാവനകൾ നൽകുകയും ചെയ്‌ത ധൈഷണികൻ കൂടിയാണ്‌ പണിക്കർ. കെസിഎച്ച്ആറിനെ 2001ലെ യുഡിഎഫ് സർക്കാർ പിരിച്ചുവിട്ടപ്പോൾ തന്റെ സഹപ്രവർത്തകരോടൊപ്പം കൗൺസിലിനെ നിലനിർത്താൻ അദ്ദേഹം മുൻപന്തിയിലുണ്ടായിരുന്നു. കെസിഎച്ച്ആറിന്റെ ആദ്യത്തെ ചെയർപേഴ്സൺ എന്ന നിലയിൽ സമാനതകളില്ലാത്ത സംഭാവനകളാണ് അദ്ദേഹം നൽകിയത്.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home