print edition കുംഭത്തിലെ പിറന്നാള്‍ മധുരം രുചിച്ച് പണിക്കരുടെ മടക്കം

കവടിയാറിലെ ഫ്ലാറ്റില്‍ ശനിയാഴ്ച നടന്ന കെ എന്‍ പണിക്കരുടെ പിറന്നാളാഘോഷം. ഡോ. എന്‍ ഗോപകുമാരന്‍ നായര്‍ സമീപം
സ്വന്തം ലേഖിക
Published on Mar 10, 2026, 12:39 AM | 1 min read
തിരുവനന്തപുരം: അമ്മയോര്‍മകളില്‍ നിറഞ്ഞൊരു തൊണ്ണൂറാം പിറന്നാള്‍ ആഘോഷമാക്കിയാണ് പ്രൊഫ. കെ എന്‍ പണിക്കരുടെ വിടവാങ്ങല്‍. കവടിയാറിലെ നികുഞ്ജം ഫ്ലാറ്റില്‍ ശനിയാഴ്ച ഏറ്റവുമടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം കേക്ക് മുറിച്ചും ഇഷ്ടപ്പെട്ട കടലപ്പായസവും കഴിച്ചായിരുന്നു ആഘോഷം.
ഭാര്യയുടെ മരണശേഷം ബംഗളൂരുവില്‍ നിന്നെത്തിയ പണിക്കര്‍, സഹായിക്കൊപ്പമാണ് കവടിയാറിലെ ഫ്ലാറ്റില്‍ താമസിച്ചിരുന്നത്. ഇതിനിടെയാണ് അമ്മ തന്റെ പിറന്നാള്‍ ആഘോഷിച്ചിരുന്ന കാര്യങ്ങള്‍ അദ്ദേഹം പങ്കുവച്ചത്.
കൊല്ലവര്‍ഷം 1111 കുംഭമാസത്തിലെ അത്തം നക്ഷത്രത്തിലാണ് പ്രൊഫ. കെ എൻ പണിക്കര്‍ ജനിച്ചത്. എന്നാല്‍, സ്കൂളില്‍ ചേര്‍ക്കുന്ന സമയത്ത് കൊല്ലവര്‍ഷത്തെ ഇംഗ്ലീഷ് കലണ്ടര്‍ പ്രകാരം ജന്മദിനം ഏപ്രില്‍ ആറായി. അമ്മയുണ്ടായിരുന്നത് വരെ പിറന്നാള്‍ ആഘോഷിച്ചിരുന്നത് അത്തത്തിനായിരുന്നു.
ഇതറിഞ്ഞതിനെ തുടർന്ന് ജെഎന്‍യുവിലെ പണിക്കരുടെ ശിഷ്യനും കേരള ചരിത്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായിരുന്ന ഡോ. എന്‍ ഗോപകുമാരന്‍ നായർ, മാഷിന് ഇഷ്ടമുള്ള പായസമെത്തിച്ച് പിറന്നാൾ ആഘോഷിച്ചു. ചരിത്ര ഗവേഷണ കൗണ്‍സില്‍ ചെയര്‍മാന്‍ ഡോ. കെ എൻ ഗണേഷും ആഘോഷത്തില്‍ പങ്കെടുത്തിരുന്നു.










0 comments