ഐടി മേഖലയ്ക്ക് ആശ്വാസമായി 'വർക്ക് നിയർ ഹോം'; ആദ്യ കേന്ദ്രം കൊട്ടാരക്കരയിൽ

കൊട്ടാരക്കര: കേരളത്തിലെ ഗ്രാമങ്ങളെ നഗരതുല്യമായ സൗകര്യങ്ങളുള്ള ഐടി ഹബ്ബുകളാക്കി മാറ്റുന്ന 'വർക്ക് നിയർ ഹോം' പദ്ധതി തിങ്കളാഴ്ച മുഖ്യമന്ത്രി നാടിനു സമർപ്പിക്കും. പദ്ധതിയുടെ ആദ്യ കേന്ദ്രം കൊട്ടാരക്കരയിലാണ് ആരംഭിക്കുക.
കൊട്ടാരക്കരയിൽ സോഹോ ക്യാമ്പസ്, ഐടി പാർക്ക്, വർക്ക് നിയർ ഹോം എന്നിവ ഒരുമിച്ചെത്തുന്നതോടെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അയ്യായിരത്തോളം പേർക്ക് നേരിട്ട് ജോലി ലഭിക്കുമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ.
പദ്ധതി വഴി നേരിട്ട് 50,000 പുതിയ തൊഴിലവസരങ്ങളും 5 ലക്ഷം അനുബന്ധ തൊഴിൽ സാഹചര്യങ്ങളും സൃഷ്ടിക്കപ്പെടും. ഇതിലൂടെ ഖജനാവിലേക്ക് 5000 കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നുണ്ട്.
ഹൈ-സ്പീഡ് ഇന്റർനെറ്റ്, എയർകണ്ടീഷൻഡ് വർക്ക് സ്റ്റേഷനുകൾ, മീറ്റിംഗ് റൂമുകൾ, 100% പവർ ബാക്കപ്പ് എന്നിവയോടെ ലോകനിലവാരത്തിലുള്ള സൗകര്യങ്ങളാണ് കേന്ദ്രങ്ങളിൽ ഒരുക്കുന്നത്.
കരിയറിൽ ബ്രേക്ക് വന്ന സ്ത്രീകൾക്ക് വീടിനടുത്തുള്ള തൊഴിലിടങ്ങളിൽ തിരിച്ചെത്താൻ ഈ പദ്ധതി വലിയ സഹായമാകും. ഓരോ പഞ്ചായത്തിലും ചെറിയ ഐടി പാർക്കുകൾ സ്ഥാപിക്കാനാണ് സർക്കാർ തീരുമാനം.
ഇതിനായി ബജറ്റിൽ 50 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ബെംഗളൂരു പോലുള്ള മെട്രോ നഗരങ്ങളിൽ വിജയകരമായ 'കോ-വർക്കിംഗ് സ്പേസ്' മാതൃകയാണ് കേരളത്തിലെ ഗ്രാമപ്രദേശങ്ങളിലേക്ക് എത്തിക്കുന്നത്.
പ്രൊഫഷണലുകൾക്ക് ദൂരസ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാതെ തന്നെ അന്താരാഷ്ട്ര കമ്പനികൾക്ക് വേണ്ടി സ്വന്തം നാട്ടിലിരുന്ന് ജോലി ചെയ്യാൻ ഇതിലൂടെ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.









0 comments