print edition ലോഗോ എടുക്കണം; വനിതാകർഷകരെ ഒരുകുടക്കീഴിൽ കൊണ്ടുവരാനാകണം: കെ കെ ശൈലജ

കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് ഹരിപ്പാട് നടന്ന വനിതാ കർഷകസംഗമം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം കെ കെ ശൈലജ ഉദ്ഘാടനം ചെയ്യുന്നു
ഹരിപ്പാട് : ഇന്ത്യയിൽ കാർഷികമേഖലയിൽ പണിയെടുക്കുന്നവരിൽ മുക്കാൽപങ്കും സ്‌ത്രീകളാണെങ്കിലും കൃഷിഭൂമിയുടെ ഉടമസ്ഥതയിൽ അവരുടെ പങ്കാളിത്തം പരിതാപകരമാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം കെ കെ ശൈലജ. കാർഷികരംഗത്തേക്ക് സ്വമേധയാ കടന്നുവരുന്നവരുടെ എണ്ണം കൂടുന്നില്ല. വനിതാകർഷകരെ ഒരു കുടക്കീഴിൽ കൊണ്ടുവരാൻ കഴിയണം. അതിനായി കർഷകസംഘം പ്രവർത്തകർ ഗ്രാമങ്ങളിലേക്കിറങ്ങണമെന്നും കെ കെ ശൈലജ പറഞ്ഞു.
കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഹരിപ്പാട് സംഘടിപ്പിച്ച വനിതാ കർഷകസംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ. തൊഴിലിനായി ഗ്രാമങ്ങളിൽനിന്ന് നഗരങ്ങളിലേക്കുള്ള കുടിയേറ്റം കൂടിവരികയാണ്. കൃഷിപ്പണിയും ഭക്ഷണ വിതരണവും പ്രവൃത്തി വിഭജനവുമൊക്കെയായി സ്ത്രീകളെ അടിമത്തത്തിലേക്ക് നയിക്കുകയായിരുന്നു.
ബ്രിട്ടീഷ് ഭരണകാലത്ത് കൃഷിക്കാർ കടുത്ത ചൂഷണത്തിനിരയായി. അതിനെതിരെയുള്ള ഉജ്വല പോരാട്ടങ്ങളാണ് ഉത്തരകേരളത്തിൽ നടന്നത്. കടുത്തപട്ടിണിയിൽ വലഞ്ഞ കർഷകർ അവർ കൃഷിചെയ്‌തുണ്ടാക്കി ജന്മിയുടെ പത്തായപ്പുരകളിൽ സംഭരിച്ച നെല്ലിൽ ഒരുഭാഗം ചോദിച്ചു. അതിനെതിരെ ജന്മിമാരുടെ ഗുണ്ടകളും പൊലീസും നടത്തിയ തേർവാഴ്‌ചകൾക്കെതിരെ കയ്യൂരിലും കരിവള്ളൂരിലും കാവുമ്പായിലും മുനയൻകുന്നിലുമൊക്കെ നടന്ന പോരാട്ടങ്ങൾ തൊഴിലാളി-, കർഷക മുന്നേറ്റങ്ങൾക്ക് വലിയ ഊർജം നൽകി.
ഇത്തരത്തിൽ ത്യാഗോജ്വലമായ പോരാട്ടങ്ങളിലൂടെ കർഷകസമൂഹം നേടിയെടുത്ത മുഴുവൻ അവകാശങ്ങളും ഇല്ലാതാക്കുന്ന ബിജെപി സർക്കാരിന്റെ നയങ്ങൾക്കെതിരെ രാജ്യതലസ്ഥാനത്ത് വലിയ കർഷകപോരാട്ടങ്ങളാണ് നടന്നത്. അതിനുമുന്നിൽ കേന്ദ്രസർക്കാരിന് അടിയറവ് പറയേണ്ടിവന്നു. രാജ്യത്ത് തൊഴിൽനിയമങ്ങൾ ഇല്ലാതാക്കുന്നതിനെതിരെയും നിതാന്തജാഗ്രതയുണ്ടാകണമെന്നും കെ കെ ശൈലജ പറഞ്ഞു.









0 comments