print edition തുലച്ചത് കോടികളും വൈദ്യുതി സുസ്ഥിരതയും

പി പി സതീഷ്‌കുമാർ
Published on Sep 13, 2026, 01:11 AM | 1 min read
കണ്ണൂർ : വൈദ്യുതി മേഖലയിലെ വന്പൻ പദ്ധതികൾ തടസ്സപ്പെടുത്തി കേരളത്തെ കൂരിരുട്ടിലാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചത് യുഡിഎഫ്. കൂടംകുളത്തുനിന്ന് വൈദ്യുതിയെത്തിക്കാൻ 400 കെവി ഇടമൺ–കൊച്ചി ലൈൻ കൊണ്ടുവരാൻ തടസ്സംനിന്നത് യുഡിഎഫാണ്.
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളിയിലായിരുന്നു ശക്തമായ എതിർപ്പ്.
വ്യാജ ആരോപണമുന്നയിച്ചാണ് അന്ന് ജനങ്ങളെ സമരത്തിനിറക്കിയത്. എന്നാൽ, എൽഡിഎഫ് സർക്കാരിൽ വൈദ്യുതിമന്ത്രിയായിരുന്ന എം എം മണിയുടെ നേതൃത്വത്തിൽ 800 മെഗാവാട്ട് ശേഷിയുള്ള ലൈൻ 2019 നവംബറിൽ പൂർത്തിയാക്കി. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ പ്രതിസന്ധിക്ക് പരിഹാരമാവുന്ന പവർ ഹൈവേ വർഷങ്ങൾ വൈകിയത് സണ്ണി ജോസഫും കൂട്ടരും തുടർന്ന രാഷ്‌ട്രീയക്കളിയിലാണ്. 2025 മെയിൽ പൂർത്തിയാക്കാനിരുന്ന പദ്ധതിയാണ് നീണ്ടത്.
മാടക്കത്തറ–അരീക്കോട് ലൈനിനെ ആശ്രയിക്കുന്ന വടക്കൻ ജില്ലകളുടെ വൈദ്യുതിപ്രശ്‌നങ്ങൾക്ക് ശാശ്വതപരിഹാരമാണ് പവർ ഹൈവേ. അരീക്കോടുനിന്ന് രണ്ട് 220 കെവി ലൈനിലൂടെയും കക്കയത്തുനിന്ന് രണ്ട് 110 കെവി ലൈനിലൂടെയുമാണ് ഈ ജില്ലകളിൽ ഇപ്പോൾ വൈദ്യുതിയെത്തിക്കുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിൽമാത്രം 900 മെഗാവാട്ട് വൈദ്യുതി വേണം.
നിലവിൽ 600 മെഗാവാട്ട് മാത്രമാണ് ലഭ്യത. സതേൺ പവർഗ്രിഡിൽനിന്ന് അധികവൈദ്യുതി എത്തിക്കാമെന്നതാണ് പദ്ധതിയുടെ മറ്റൊരു പ്രധാന നേട്ടം. ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാൻ ആയിരം മെഗാവാട്ട് വൈദ്യുതി വേണമെന്നാണ് സർക്കാർ പറയുന്നത്. കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിൽനിന്ന് സമ്മർദംചെലുത്തി വൈദ്യുതി വാങ്ങാനും ശ്രമമില്ല.
കേരളത്തെ ഉഡുപ്പിയുമായും മൈസൂരുവുമായും ബന്ധിപ്പിക്കുന്ന പവർ ഹൈവേ 125 കിലോമീറ്റർ വയനാട്–-കാസർകോട്, 115 കിലോമീറ്റർ ഉഡുപ്പി–കാസർകോട് 400 കെവി ലൈനുകളും കരിന്തളത്തെ 400 കെ വി സബ്‌സ്റ്റേഷനും ഉൾപ്പെട്ടതാണ്. പ്രസരണമേഖല ശക്തിപ്പെടുത്താൻ രൂപീകരിച്ച ട്രാൻസ് ഗ്രിഡ് 2.0 പദ്ധതിക്ക് കീഴിലാണ് നിർമാണം.
3500 മെഗാവാട്ട് ശേഷിയുള്ള ഉഡുപ്പി-കരിന്തളം ലൈൻ നിർമാണം 2025ൽ നഷ്‌ടപരിഹാരം തീരുമാനമായതോടെ വേഗത്തിലായി. ലൈൻപണി പൂർത്തിയായി. ഒക്‌ടോബറിൽ സബ്സ്റ്റേഷൻ പ്രവർത്തനക്ഷമമാകും. 3500 മെഗാവാട്ട് ശേഷിയുള്ള കാസർകോട്–വയനാട് ലൈൻ പ്രവൃത്തിയാണ് ഇഴയുന്നത്.









0 comments