ad
Deshabhimani

print edition കൈറ്റ് ക്യൂട്രാക്കില്‍ സേഫാണ് ചോദ്യപേപ്പര്‍

kite
വെബ് ഡെസ്ക്

Published on Mar 02, 2026, 01:02 AM | 1 min read


തിരുവനന്തപുരം

ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ചോദ്യപേപ്പറിന്റെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ‘കൈറ്റ് -ക്യൂട്രാക്ക്' മൊബൈൽ ആപ്പ് പുറത്തിറക്കി. ക്യൂആർ കോഡ് അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ക്യൂട്രാക്കില്‍ ചോദ്യപേപ്പർ പാക്കറ്റ് തുറക്കുന്നതുമുതൽ പരീക്ഷ പൂർത്തിയാക്കി ഉത്തരക്കടലാസുകൾ മൂല്യനിർണയ ക്യാമ്പിലേക്ക് അയക്കുന്നതുവരെയുള്ള വിവരങ്ങളാണ് ഉള്‍പ്പെടുത്തുന്നത്. ചോദ്യപേപ്പര്‍ തത്സമയം ട്രാക്ക് ചെയ്യാനും നിരീക്ഷിക്കാനുമാണ് ആപ്പ് വികസിപ്പിച്ചത്. ചീഫ്, ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാര്‍ ബുധനാഴ്ചക്കകം പ്ലേ സ്റ്റോറിൽനിന്ന്‌ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ലോഗിൻ ചെയ്യണമെന്ന സര്‍ക്കുലറും പുറത്തിറക്കി.


പരീക്ഷാദിവസം ചോദ്യപേപ്പർ പാക്കറ്റുകൾ പുറത്തെടുക്കുന്നതുമുതൽ ഓരോ ഘട്ടത്തിലും ആപ്പിലെ നിശ്ചിത ബട്ടൺ ഉപയോഗിച്ച് വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണം. ചോദ്യപേപ്പർ പാക്കറ്റുകൾ സ്കാൻ ചെയ്യുമ്പോൾ കൃത്യമായ വിഷയമല്ലെങ്കിൽ ആപ്പിൽ എറർ മെസേജ് ദൃശ്യമാകും. വിവരം ഉടന്‍ പരീക്ഷാ വിഭാഗത്തിൽ ഒരു ഇൻസിഡന്റായി റിപ്പോർട്ട് ചെയ്യപ്പെടും. പരീക്ഷ ആരംഭിക്കുന്നതും അവസാനിക്കുന്നതും നിശ്ചിത സമയത്തിനുള്ളിൽ ആപ്പിൽ രേഖപ്പെടുത്തണം. ഉത്തരക്കടലാസുകൾ ക്യാമ്പുകളിലേക്ക് അയക്കുമ്പോൾ ട്രാക്ക് ഐഡി, തൂക്കം, അയച്ച സമയം തുടങ്ങിയ വിവരങ്ങൾ ആപ്പിൽ നൽകണം. പരീക്ഷാ വേളയിൽ ക്രമക്കേട്‌, സാങ്കേതിക തടസ്സം തുടങ്ങിയവയുണ്ടായാൽ അപ്പോൾത്തന്നെ റിപ്പോർട്ട് ചെയ്യാം.


​ഹയർ സെക്കന്‍ഡറി അഡ്മിഷൻ മുതൽ പരീക്ഷാഫലം വരെയുള്ള മുഴുവൻ പരീക്ഷാ പ്രക്രിയയും പൂർണമായും ഓട്ടോമേറ്റ് ചെയ്യാനായി പോർട്ടൽ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് ക്യൂട്രാക്ക് ഒരുക്കിയതെന്ന് കൈറ്റ് സിഇഒ കെ അൻവർ സാദത്ത് പറഞ്ഞു. ഡ്യൂപ്ലിക്കേറ്റ് സർട്ടിഫിക്കറ്റ് വിതരണം, റീവാലുവേഷൻ, സ്ക്രൂട്ടിനി അപേക്ഷകൾ, മറ്റ് പരീക്ഷാനന്തര സേവനങ്ങൾ എന്നിവയും ഡിജിറ്റലാക്കും. സുരക്ഷിതമായ ഓൺലൈൻ പേയ്‌മെന്റ് സൗകര്യവും ഉൾപ്പെടുത്തി വിദ്യാർഥികൾക്ക് അപേക്ഷകൾ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി സമർപ്പിക്കാമെന്ന് അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home