print edition കിഫ്ബി: വസ്തുത എന്ത്

സർക്കാർ നൽകുന്ന തുക തിരിച്ചടവിന്
സർക്കാർ കൈമാറുന്ന മോട്ടോർ വാഹന നികുതിയും പെട്രോൾ സെസ്സും പദ്ധതികൾക്ക് നേരിട്ട് ഫണ്ട് ചെയ്യാനല്ല, വായ്പകളുടെ തിരിച്ചടവിനാണ് വിനിയോഗിക്കുന്നതെന്ന് സമിതി റിപ്പോർട്ടിൽ പറയുന്നു. അതെ, വായ്പകൾ തിരിച്ചടയ്ക്കാനുള്ള മാർഗങ്ങളിലൊന്നായി നിയമസഭ അംഗീകരിച്ചതാണിത്.
വായ്പകൾ ഓഫ് ബജറ്റ്
കിഫ്ബി വായ്പകൾ ബജറ്റിന് പുറത്തുനിന്നുള്ളതും സംസ്ഥാനത്തിന്റെ വായ്പ പരിധിയെ മറികടക്കുന്നതുമാണ് എന്നാണ് മറ്റൊരു കണ്ടെത്തൽ. എന്നാൽ, വസ്തുത 2016–17ൽ ഇതുണ്ടായിരുന്നില്ല. 2021–22 മുതലാണ് കേന്ദ്രസർക്കാർ കിഫ്ബി വായ്പയെ സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ ഉൾപ്പെടുത്തിയത്. കേന്ദ്ര സർക്കാരിനുകീഴിലെ ദേശീയപാത അതോറിറ്റി, എൻടിപിസി, നാഷണൽ ഹൈഡ്രോളിക് പവർ കോർപറേഷൻ എന്നിവയുടെ വായ്പ കേന്ദ്രസർക്കാരിന്റെ വായ്പപരിധിയിൽ ഉൾക്കൊള്ളിച്ചുമില്ല. ഇതാണ് വിവേചനം.
പലിശച്ചെലവ്
സർക്കാർ എടുക്കുന്ന വായ്പയെക്കാൾ കൂടുതലാണ് കി-ഫ്ബിയുടെ വായ്പാ പലിശ എന്നാണ് മറ്റൊരു കണ്ടെത്തൽ. ബാങ്കുകൾ സ്റ്റാറ്റ്യൂട്ടറി ആയി സർക്കാരിനുനൽകാൻ ബാധ്യതപ്പെട്ട ബോണ്ടുകളാണ് സംസ്ഥാനത്തിനുള്ള വായ്പ. സ്വാഭാവികമായും പലിശ കുറയും. സർക്കാരിനല്ലാതെ കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭിക്കില്ല. ഇൗ വായ്പയ്ക്ക് കേന്ദ്രം പരിധി നിശ്ചയിച്ചിട്ടുമുണ്ട്.
ഭൂമിയേറ്റെടുക്കൽ
വികസന ആവശ്യത്തിന് ഭൂമിയേറ്റെടുത്തു എന്ന കുറ്റമാണ് മറ്റൊന്ന്. കണ്ണൂരിൽ വിമാനത്താവളത്തിനോടനുബന്ധിച്ച് വ്യവസായ ഹബ്ബ് ആരംഭിക്കാനാകും എന്ന വിലയിരുത്തലിൽ ഭാവിയിലെ ആവശ്യത്തിനാണ് ഭൂമിയേറ്റെടുത്തത്. ഫെയർ വാല്യൂവിനേക്കാൾ കൂടുതൽ തുക നൽകി എന്ന വിമർശവുമുണ്ട്. ഫെയർ വാല്യു പ്രകാരം ഭൂമിയേറ്റെടുക്കൽ പ്രായോഗികമല്ല. ദേശീയപാത നിർമാണം നീണ്ടുപോയത് ഉദാഹരണം.
പരസ്യച്ചെലവ്
കിഫ്ബി പദ്ധതികൾ ജനങ്ങളിലേക്ക് അറിയിക്കാൻ പരസ്യങ്ങൾ നൽകാറുണ്ട്. സർക്കാർ പദ്ധതികളുടെ ഉദ്ഘാടനത്തിന് പരസ്യങ്ങൾ നൽകുന്നത് പതിവാണ്. തെരഞ്ഞെടുപ്പു പ്രചാരണത്തിന് പരസ്യം നൽകി എന്ന ആക്ഷേപം വസ്തുതാവിരുദ്ധം.
അധിക ജീവനക്കാർ
40 ജീവനക്കാരെ മാത്രമേ നിയമിക്കാവൂ എന്നിരിക്കെ 498 പേർ ജോലി ചെയ്യുന്നു എന്ന കണ്ടെത്തലും വസ്തുതാവിരുദ്ധം. 40 ജീവനക്കാരേയുള്ളു. ബാക്കിയുള്ളത്, അതത് പദ്ധതികളുടെ നടത്തിപ്പിന് താൽക്കാലികമായി നിയമിക്കപ്പെട്ടവർ. പദ്ധതി നിർവഹണം വേഗത്തിലാക്കാനാണിത്.









0 comments