print edition കിഫ്ബി; ലക്ഷം കോടിയുടെ പദ്ധതികൾ

മിൽജിത് രവീന്ദ്രൻ
Published on Mar 28, 2026, 08:31 AM | 2 min read
തിരുവനന്തപുരം : കിഫ്‌ബിയോട് എതിർപ്പില്ലെന്നും ഹരിപ്പാട് ഉൾപ്പെടെ എല്ലാ മണ്ഡലത്തിലും കിഫ്‌ബി വഴി വികസനം എത്തിയിട്ടുണ്ടെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പേരാവൂരിലെ റോഡുകൾ മികച്ചതായി മാറിയെന്നും അതുകൊണ്ട് മണ്ഡലത്തിൽ എളുപ്പത്തിൽ എത്താൻ കഴിയുന്നുണ്ടെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. തങ്ങൾ അധികാരത്തിൽ വന്നാൽ കിഫ്‌ബി പിരിച്ചുവിടുമെന്ന് അന്നത്തെ യുഡിഎഫ് കൺവീനർ എം എം ഹസൻ അടക്കം പറഞ്ഞിടത്തുനിന്നാണ് ഇൗ മാറ്റം. ഇവരുൾപ്പെടെ ഇന്ന് മണ്ഡലത്തിലെ കിഫ്‌ബി പദ്ധതികൾ എടുത്തുപറയുന്നു.
ഓരോ മണ്ഡലങ്ങളിലും 1500 മുതൽ 2500 കോടി രൂപവരെയുള്ള കിഫ്‌ബി പദ്ധതികളാണ് യാഥാർഥ്യമായത്. തള്ളിപ്പറയുകയും നിരന്തരം എതിർക്കുകയും ചെയ്‌ത യുഡിഎഫ് എംഎൽഎമാർക്കുപോലും ഇൗ പദ്ധതികളെ ഉയർത്തിക്കാട്ടേണ്ടിവന്നതുതന്നെ കേരളത്തിന്റെ വികസന മെഷീനായി കിഫ്‌ബി വളർന്നതിന്റെ സാക്ഷ്യമാണ്.
കിഫ്‌ബി എന്തു മാറ്റം വരുത്തിയെന്നതിന്റെ തെളിവ് ജനങ്ങളുടെ കൺമുന്നിലുണ്ട്. ദേശീയപാത അടക്കമുള്ള റോഡുകൾ, പാലങ്ങൾ, ആശുപത്രി– സ്‌കൂൾ കെട്ടിടങ്ങൾ, മറ്റു അടിസ്ഥാന സൗകര്യങ്ങൾ, കെ ഫോൺ തുടങ്ങി വൻകിട പദ്ധതികളെല്ലാം സാധ്യമാക്കിയത് കിഫ്‌ബിയാണ്.
കഴിഞ്ഞ 10 വർഷത്തിനിടെ 99,744.27 കോടി രൂപയുടെ പദ്ധതികൾക്കാണ് കിഫ്‌ബി അംഗീകാരം നൽകിയത്. 76,554.53 കോടി രൂപയുടെ പശ്‌ചാത്തല സൗകര്യ വികസന പദ്ധതികളും 23,189.74 കോടിയുടെ ഭൂമി ഏറ്റെടുക്കൽ പദ്ധതികളും ഇതിൽ ഉൾപ്പെടും. 38,621 കോടി രൂപ ഇതിനകം ചെലവിട്ടു. പൊതുമരാമത്ത്, ആരോഗ്യം, വിദ്യാഭ്യാസം, സാങ്കേതിക വിദ്യ, വ്യവസായം, ഗതാഗതം തുടങ്ങി എല്ലാ മേഖലകളിലും കൈയൊപ്പ് ചാർത്താൻ കിഫ്‌ബിക്കായി. ഇരുപത്തഞ്ചോ മുപ്പതോ വർഷം കാത്തുനിൽക്കാതെ അത്യന്താപേക്ഷിതമായ പശ്‌ചാത്തല സൗകര്യം ഉടൻ സൃഷ്ടിക്കുക എന്ന തത്വമാണ് കിഫ്‌ബിയിലൂടെ വിഭാവനം ചെയ്‌ത് നടപ്പാക്കിയത്.
കേരളത്തിൽ ദേശീയപാത വികസനം സാധ്യമാക്കിയത് കിഫ്‌ബിയാണ്. സ്ഥലമേറ്റെടുപ്പ് തുകയുടെ 25 ശതമാനമാണ് കേരളം ചെലവഴിച്ചത്. 5581 കോടി രൂപ. മറ്റൊരു സംസ്ഥാനത്തിനും ദേശീയപാതയ്‌ക്കായി പണം ചെലവഴിക്കേണ്ടി വന്നില്ല.
കിഫ്‌ബി പദ്ധതികൾ
10 വർഷത്തിനിടെ 99,744.27 കോടി രൂപയുടെ പദ്ധതികൾ
പദ്ധതികൾക്കായി ഭൂമിയേറ്റെടുക്കൽ - 23,189.74 കോടി
പിഡബ്ല്യുഡി, ദേശീയപാത - 6769.01 കോടി
3 വ്യവസായ പാർക്കുകൾ - 14,006.13 കോടി
കൊച്ചി– ബംഗളൂരു വ്യവസായ ഇടനാഴി - 2214 കോടി
44,700 സ്‌കൂളുകളിൽ ഡിജിറ്റലൈസേഷൻ
629 സ്‌കൂളുകളിൽ പുതിയ കെട്ടിടങ്ങൾ
ഉന്നത വിദ്യാഭ്യാസ മേഖലയിൽ 2227 കോടിയുടെ പദ്ധതികൾ
മട്ടന്നൂരിൽ ആയുർവേദ ഗവേഷണ സ്ഥാപനം 204 കോടി
എംസി റോഡ് വികസനം 1900 കോടി
33 ജലവിതരണ പദ്ധതികൾ
ആനക്കാംപൊയിൽ– മേപ്പാടി തുരങ്കപാത നിർമാണം 2315 കോടി
45 ആശുപത്രികളിൽ ഡയാലിസിസ് യൂണിറ്റ്
ശബരിമല ഇടത്താവളങ്ങൾ 126 കോടി
49 ഐസൊലേഷൻ വാർഡുകൾ
1709 കോടിയുടെ ട്രാൻസ്‌ഗ്രിഡ് പദ്ധതികൾ
മനുഷ്യ– മൃഗ സംഘർഷ ലഘൂകരണ പദ്ധതികൾ 221 കോടി









0 comments