print edition പെട്രോകെമിക്കൽ പാർക്കിന് നിലമൊരുക്കിയത് കിഫ്ബി

കൊച്ചി : വ്യവസായചരിത്രത്തില് പുതിയ അധ്യായമെഴുതി അമ്പലമുകളിലെ പെട്രോകെമിക്കല് പാര്ക്ക് യാഥാർഥ്യമാകുന്നതും എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കിഫ്ബി നൽകിയ പിന്തുണയിലൂടെ. ബിപിസിഎൽ കൊച്ചി റിഫൈനറിയിൽനിന്നുള്ള ഉപോൽപ്പന്നങ്ങൾക്ക് പെട്രോകെമിക്കല് ഹബ് നിർമിക്കാനുള്ള സർക്കാർ നീക്കത്തിന് നട്ടെല്ലായത് കിഫ്ബി അനുവദിച്ച 977 കോടി രൂപ.
സംസ്ഥാന സര്ക്കാര് എഫ്എസിടിയിൽനിന്ന് 481.79 ഏക്കർ ഭൂമി ഏറ്റെടുത്തതോടെയാണ് കിൻഫ്ര പാർക്കിന്റെ പ്രവർത്തനമാരംഭിച്ചത്. പാർക്കിന്റെ റോഡുകൾ, വൈദ്യുതി, തടസ്സമില്ലാത്ത ജലവിതരണം, മലിനജല സംസ്കരണ പ്ലാന്റ് തുടങ്ങിയവ ഒരുക്കാനായിരുന്നു അത്. വായ്പ അടിസ്ഥാനത്തിൽ നൽകിയ തുക, പാർക്കിലെ പ്ലോട്ടുകൾ വ്യവസായ സംരംഭങ്ങൾക്ക് പാട്ടത്തിന് നൽകുന്നതിലൂടെ ലഭിക്കുന്ന വരുമാനത്തിൽനിന്ന് കിൻഫ്ര തിരിച്ചടയ്ക്കും.
പ്രൊപ്പിലീൻ ഡെറിവേറ്റീവ്സ് പെട്രോകെമിക്കൽ പ്രോജക്ടി(പിഡിപിപി)ന് വലിയ തുകയാണ് പാർക്കിൽ ബിപിസിഎൽ നിക്ഷേപിച്ചത്. 1200 കോടിയുടെ പദ്ധതിയിൽ 90 ശതമാനത്തിലേറെ ഇതിനകം പൂര്ത്തിയായി. പെയിന്റ്, പശ, ഔഷധങ്ങൾ, നാപ്കിൻ, അക്രിലേറ്റ് തുടങ്ങിയവ നിർമിക്കുന്ന യൂണിറ്റുകളും ഇതിൽപ്പെടുന്നു. പദ്ധതി ഉദ്ഘാടനത്തിന് മുന്പേ പത്തോളം യൂണിറ്റുകള് പ്രവര്ത്തനമാരംഭിച്ചു. 10,000 പുതിയ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുക.
വനംവകുപ്പിൽ 600 കോടിയുടെ വികസനം
കിഫ്ബിയിലൂടെ വനംവകുപ്പ് നടപ്പാക്കിയത് 600 കോടിയലധികം രൂപയുടെ വികസന പദ്ധതികൾ. മനുഷ്യ–വന്യജീവി സംഘർഷം ലഘൂകരിക്കാനും പരിസ്ഥിതി പുനരുജ്ജീവനത്തിനും വിപുലമായ പദ്ധതി നട പ്പാക്കി. സംഘർഷം ലഘൂകരിക്കാന് 110 കോടി രൂപ വിനിയോഗിച്ച് ആർആർടി(റാപ്പിഡ് റെസ്പോണ്സ് ടീം) കൾക്ക് ഉപകരണങ്ങൾ വാങ്ങി. വനമേഖലയിൽ താമസിച്ച 275 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ 41.25 കോടി രൂപ വിനിയോഗിച്ചു. 336 ഏക്കർ വനഭൂമിയിൽ വ്യാപിച്ചുകിടക്കുന്ന തൃശൂർ സുവോളജിക്കൽ പാർക്കിന്റെ നിർമാണവും കിഫ്ബി ഫണ്ട് വിനിയോഗിച്ചാണ്. കോട്ടൂരിൽ ലോകത്തിലെ ആദ്യത്തെ ആന നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം നിര്മാണവും പുരോഗമിക്കുന്നു.









0 comments