കിഫ്ബിക്കെതിരെ കടുത്ത ആക്ഷേപങ്ങളുമായി മുഖ്യമന്ത്രി; കൂട്ടുപിടിച്ചത് വിദഗ്ദ സമിതിയെ

തിരുവനന്തപുരം: കേരളത്തിന്റെ അടിസ്ഥാനസൗകര്യ വികസനത്തിൽ നിർണായക പങ്കുവഹിച്ച കിഫ്ബിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുഖ്യമന്ത്രി വി ഡി സതീശൻ. കിഫ്ബി സംസ്ഥാനത്തിന് വൻ കടബാധ്യത വരുത്തിയെന്നും ധനവകുപ്പിനെ നോക്കുകുത്തിയാക്കിയെന്നുമാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞത്. കിഫ്ബിയുടെ പ്രവർത്തനം സംബന്ധിച്ച വിദഗ്ധസമിതി റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകളുണ്ടെന്നാണ് മുഖ്യമന്ത്രി ആരോപിക്കുന്നത്. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ 25,932.55 കോടി രൂപയുടെ കുറവുണ്ടാകാൻ കിഫ്ബി കാരണമായെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് ഭരണകാലത്ത് കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ചെന്നാണ് മുഖ്യമന്ത്രിയുടെ വിമർശനം. ധനവകുപ്പിന്റെ എതിർപ്പ് മറികടന്ന് മുഖ്യമന്ത്രി അധ്യക്ഷനായ യോഗം തീരുമാനങ്ങളെടുത്തു. ഇതിലൂടെ 13,103 കോടി രൂപയുടെ അധിക ചെലവുണ്ടായി. വായ്പ തിരിച്ചടവിന്റെ 99.4 ശതമാനവും സർക്കാർ കൈമാറിയ തുക ഉപയോഗിച്ചാണ് നിർവഹിച്ചത്.
കിഫ്ബി പദ്ധതികൾ ജില്ലകൾക്കിടയിൽ അസമത്വം സൃഷ്ടിച്ചെന്നും ഭൂമിയേറ്റെടുക്കലിൽ ക്രമക്കേടുകളുണ്ടായെന്നും മുഖ്യമന്ത്രി ആരോപിച്ചു. അഞ്ചിരട്ടി തുക നൽകിയാണ് ഭൂമി ഏറ്റെടുത്തത്. കണ്ണൂരിൽ മാത്രം ആയിരം ഏക്കർ ഭൂമി ഏറ്റെടുത്തു. 40 തസ്തികകൾക്ക് മാത്രം അംഗീകാരമുള്ളപ്പോൾ 498 ജീവനക്കാരെ സർക്കാർ അനുമതിയില്ലാതെ നിയമിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, കിഫ്ബി വഴി കഴിഞ്ഞ പത്തുവർഷത്തിനിടെ സംസ്ഥാനത്ത് നടന്ന വികസനപ്രവർത്തനങ്ങൾ നിരാകരിച്ചുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ആരോപണങ്ങൾ. ദേശീയപാത 66ന്റെ ഭൂമിയേറ്റെടുക്കൽ, മലയോര ഹൈവേ, തീരദേശ ഹൈവേ, കെ-ഫോൺ, ട്രാൻസ്ഗ്രിഡ്, പൊതുവിദ്യാലയങ്ങളുടെ നവീകരണം, ആശുപത്രികളുടെ അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയ പദ്ധതികളിലേക്കാണ് കിഫ്ബി ഫണ്ട് വിനിയോഗിച്ചത്. 2025 അവസാനത്തെ കണക്കുപ്രകാരം 96,486.57 കോടി രൂപയുടെ 1212 പദ്ധതികൾക്ക് കിഫ്ബി അംഗീകാരം നൽകിയിട്ടുണ്ട്.
ദേശീയപാത ഭൂമിയേറ്റെടുക്കലിന് മാത്രം 5580 കോടിയിലധികം രൂപയാണ് കിഫ്ബി നൽകിയത്. സർക്കാർ സ്കൂളുകളിലെ 45,000 ക്ലാസ് മുറികൾ ഹൈടെക്കാക്കുന്നതിനും നൂറുകണക്കിന് സ്കൂൾ കെട്ടിടങ്ങൾക്കും ആശുപത്രികളിലെ ചികിത്സാസൗകര്യങ്ങൾക്കും ധനസഹായം ലഭ്യമാക്കി. സാധാരണ ബജറ്റ് വിഹിതത്തെ മാത്രം ആശ്രയിച്ചിരുന്നെങ്കിൽ വർഷങ്ങളെടുക്കുമായിരുന്ന നിരവധി പദ്ധതികളാണ് കിഫ്ബി ധനസഹായത്തോടെ മുന്നോട്ടുപോയത്.
മുൻപ് പ്രതിപക്ഷത്തിരുന്നപ്പോൾ കടമെടുപ്പിനെ നിശിതമായി വിമർശിച്ച മുഖ്യമന്ത്രി ആണ് ഇപ്പോൾ കടമെടുക്കാൻ ആകാത്തതിൽ പരിഭവം പറയുന്നത്.









0 comments