കായിക അധ്യാപനത്തോടൊപ്പം കാട്ടുപോത്ത് വേട്ടയും; ഡെനിൻ ദാസ് അറസ്റ്റിൽ

കാട്ടാക്കട: നെയ്യാർഡാം നെട്ടുകാൽത്തേരി തുറന്ന ജയിലിന് സമീപം മുക്കോട്ടുമല എസ്റ്റേറ്റിൽ കാട്ടുപോത്തിനെ വെടിവച്ചുകൊന്ന് മാംസം കടത്തിയ കേസിലെ മുഖ്യപ്രതിയെ പരുത്തിപ്പള്ളി റേഞ്ച് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു. സെപ്തംബർ 26ന് പുലർച്ചെ നടന്ന സംഭവത്തിൽ വെള്ളറട ജങ്ഷനിൽ ദാസ് ഹൗസിൽ ഡെനിൻ ദാസാണ് (44) പിടിയിലായത്. പ്രതിയെ നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വെള്ളറടയിലെ ഒരു സ്കൂളിൽ കായികാധ്യാപകനാണ് ഇയാൾ.
ഇതേ കേസിൽ കാട്ടാക്കട പൂവച്ചൽ കാക്കാമുകൾ സ്വദേശി സുകുമാരൻകുട്ടി നായർ (65), ചൊവ്വി നിവാസിൽ ചന്ദ്രദാസ് (65) എന്നിവർ നേരത്തേ അറസ്റ്റിലായിരുന്നു. ഇവർ റിമാൻഡിലാണ്. കേരള-തമിഴ്നാട് അതിർത്തി കേന്ദ്രീകരിച്ച് നായാട്ട് നടത്തിവരുന്ന സംഘങ്ങളിലെ പ്രധാനിയാണ് ഡെനിൻ ദാസ്. വേട്ടയാടുന്ന മൃഗങ്ങളുടെ മാംസം തമിഴ്നാട്ടിലെ ചില റിസോർട്ടുകളിലേക്കാണ് ഇവർ നൽകിവരുന്നത്. മുക്കോട്ടുമല എസ്റ്റേറ്റ് കേന്ദ്രീകരിച്ച് രണ്ടാം തവണയാണ് ഈ സംഘം നായാട്ട് നടത്തുന്നത്. ചില തമിഴ്നാട് സ്വദേശികളും സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് റേഞ്ച് ഓഫീസർ അറിയിച്ചു.
നായാട്ട് സംഘത്തിലെ മറ്റു പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പരുത്തിപ്പള്ളി റേഞ്ച് ഓഫീസർ വി വിപിൻ ചന്ദ്രൻ പറഞ്ഞു. റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി ആർഎഫ്ഒ അനിൽകുമാർ, എസ്എഫ്ഒ അനിൽ, ബിഎഫ്ഒമാരായ റോയ്, റോഷ്നി, മനു, ഡ്രൈവർ രാജേഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.








0 comments