ഭർത്താവിനെയും മൂന്നുവയസുള്ള മകനെയും കൊന്നു; ജീവനൊടുക്കാൻ പൊലീസിന്റെ സഹായം തേടി യുവതി

പെൻസിൽവാനിയ: ഭർത്താവിനെയും മൂന്നുവയസുള്ള മകനെയും കൊലപ്പെടുത്തിയ ശേഷം യുവതി ജീവനൊടുക്കാൻ ശ്രമിച്ചു. അമേരിക്കയിലെ പെൻസിൽവാനിയയിലെ പോകൊനോ പർവതനിരകളിലെ 'ഗ്രേറ്റ് വോൾഫ് ലോഡ്ജ്' റിസോർട്ടിലാണ് സംഭവം. ഭർത്താവിനെയും മൂന്നുവയസ്സുകാരനായ മകനെയും കുത്തിക്കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട് യുവതി 911ലേക്ക് വിളിക്കുകയായിരുന്നു.
സംഭവത്തിൽ പെൻസിൽവാനിയ ടോവാണ്ട സ്വദേശിനിയായ 27 കാരി മെറ്റാലിക്ക റോസ് ഹാരിസണെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.13ഓടെയാണ് യുവതി അടിയന്തര സഹായത്തിനായി പൊലീസിനെ വിളിച്ചത്. കഴുത്തിലെ ഞരമ്പ് മുറിക്കാൻ കഴിയുന്നില്ലെന്നും ജീവനൊടുക്കാൻ സഹായിക്കണമെന്നുമാണ് യുവതി ഫോണിൽ ആവശ്യപ്പെട്ടതെന്ന് പോകൊനോ ടൗൺഷിപ്പ് പൊലീസ് അറിയിച്ചു.
തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് റിസോർട്ട് മുറിയിൽ ഭർത്താവ് ചാൾസ് ഹാരിസൺ, മൂന്നുവയസ്സുകാരനായ മകൻ എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇരുവരുടെയും നെഞ്ചിൽ കുത്തേറ്റ പാടുകളുണ്ടായിരുന്നു. സംഭവസ്ഥലത്തുനിന്ന് രണ്ട് കത്തികളും കണ്ടെടുത്തു. ഭർത്താവിനും മകനുമൊപ്പം ജീവനൊടുക്കാനാണ് താൻ ആഗ്രഹിച്ചതെന്നും ഇരുവരുടെയും അരികിലേക്ക് പോകാനാണ് കൊലപാതകം നടത്തിയതെന്നുമാണ് യുവതി പൊലീസിന് നൽകിയ മൊഴി.
ആംബുലൻസിൽ കയറ്റി കൊണ്ടുപോകുന്നതിനിടയിൽ മെറ്റാലിക്ക റോസ് ഹാരിസൺ, മെഡിക്കൽ ജീവനക്കാരോട് വിചിത്രമായ രീതിയിൽ സംസാരിച്ചു. "ഓരോ ദിവസവും നല്ലൊരു വ്യക്തിയാകാനും നല്ലൊരു അമ്മയും ഭാര്യയുമാകാനും ഞാൻ കഠിനാധ്വാനം ചെയ്തു. കാര്യങ്ങൾ ഇങ്ങനെ അവസാനിക്കുമെന്ന് കരുതിയതല്ല. ഒരു നല്ല കുടുംബമായിരുന്നു എന്റെ സ്വപ്നം" എന്ന് യുവതി പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സെപ്റ്റംബർ 21നാണ് കുടുംബം റിസോർട്ടിൽ മുറിയെടുത്തത്. ചൊവ്വാഴ്ചയായിരുന്നു ഇവർ മടങ്ങിപ്പോകേണ്ടിയിരുന്നത്. സംഭവത്തിൽ രണ്ട് കൊലപാതകക്കുറ്റങ്ങൾ ചുമത്തി യുവതിക്കെതിരെ കേസെടുത്തു.









0 comments