മിന്നിത്തിളങ്ങി ഖാദി ബോർഡ് ‘മില്ലെനി’

ഖാദി ബോർഡിന്റെ ആലപ്പുഴ മില്ലെനി ബ്രാൻഡ് വസ്‌ത്ര നിർമാണ യൂണിറ്റിൽ ജോലിചെയ്യുന്ന വനിതകൾ

ഫെബിൻ ജോഷി
Published on Apr 14, 2025, 01:01 AM | 1 min read
ആലപ്പുഴ : ഖാദി ബോർഡിന്റെ ‘മില്ലെനി’ ഷർട്ടുകൾക്ക് 25ാം പിറന്നാൾ. ബോർഡിന്റെ ഉൽപ്പന്നങ്ങളിൽ ഏറ്റവുമധികം ആവശ്യക്കാരുള്ള ഉൽപ്പന്നവും ആലപ്പുഴയിൽനിന്ന് വിപണിയിലെത്തുന്ന ‘മില്ലെനി’ ബ്രാൻഡഡ് ഷർട്ടാണ്. ഷർട്ടിന് പുറമെ ജുബ്ബ, സ്‌ത്രീകൾക്കുള്ള ടോപ്പുകൾ എന്നിവയും ഈ പേരിൽ വിൽപ്പനയ്‌ക്കുണ്ട്. ആലപ്പുഴയിൽ വസ്‌ത്രോൽപ്പാദന യൂണിറ്റ് 2000ലാണ് തുടങ്ങിയത്. പുതിയ നൂറ്റാണ്ടിന്റെ തുടക്കത്തെ സൂചിപ്പിക്കുന്ന മില്ലെനി എന്ന പേരുംനൽകി.
ഖാദി ബോർഡ് വൈസ്‌ചെയർമാനായിരുന്ന ഗോപി കോട്ടമുറിക്കലാണ് സംരംഭത്തിന് മുൻകൈയെടുത്തത്. സുശീല ഗോപാലനായിരുന്നു വ്യവസായമന്ത്രി. തയ്യലിന്റെ കൃത്യതയാണ് ഷർട്ടിന് ആരാധകരെ സൃഷ്‌ടിച്ചത്. സർക്കാർ അംഗീകൃത സഹകരണസംഘങ്ങളിൽനിന്നും ഖാദി സ്ഥാപനങ്ങളിൽനിന്നുമാണ് ഷർട്ടിനായി തുണി ശേഖരിക്കുന്നത്. പ്രിന്റഡ് കോട്ടൺ 930–1480, മസ്‌ലിൻ കോട്ടൺ- 1120-1530, സിൽക്ക് -1770-4080 എന്നിങ്ങനെയാണ് ഷർട്ടുകളുടെ വില. ടോപ്പുകൾക്ക് 1500രൂപവരെ വിലയുണ്ട്. 20 ശതമാനം റിബേറ്റുമുണ്ട്. ഇത് ഉത്സവകാലത്ത് 30 ശതമാനംവരെയാകും. കാലത്തിനൊപ്പം മാറാനും മില്ലെനി മനസുകാണിക്കുന്നുണ്ട്. കേരള ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയുമായി സഹകരിച്ച് മാറ്റങ്ങളും പരീക്ഷണങ്ങളും നടത്തുന്നുണ്ട്.
കട്ട് പീസുകൾ ഉപയോഗിച്ച് തൂവാലയും തോൾബാഗും ഉണ്ടാക്കുന്നുണ്ട്. 2022-23 സാമ്പത്തികവർഷം 1. 21കോടിയുടെ വിൽപ്പന നടത്തിയപ്പോൾ 2023-24ൽ 2.11 കോടിരൂപയായി. കഴിഞ്ഞ സാമ്പത്തികവർഷം 2.24കോടിയാണ് നേടിയത്. ഖാദി ബോർഡ് വൈസ്‌ചെയർമാൻ പി ജയരാജൻ, സെക്രട്ടറി ഡോ. കെ എ രതീഷ് എന്നിവരുടെ നേതൃത്വത്തിൽ മില്ലെനിയുടെ 25–ാം പിറന്നാൾ ആഘോഷത്തിന് ഒരുക്കം പുരോഗമിക്കുന്നു.









0 comments