രാജ്‌ഭവനിലേക്ക് കെജിഒഎ ഉജ്വല മാർച്ച് ; കേന്ദ്രം നടപ്പാക്കുന്നത് കണ്ണിൽ ചോരയില്ലാത്ത നയങ്ങളെന്ന് എ വിജയരാഘവൻ

തിരുവനന്തപുരം
കേന്ദ്രസർക്കാർ കണ്ണിൽചോരയില്ലാത്ത നയങ്ങൾ നടപ്പാക്കി കർഷകരെയും തൊഴിലാളികളെയും ജീവനക്കാരെയും ദ്രോഹിക്കുകയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. വിവിധ ആവശ്യങ്ങളുയർത്തി കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷൻ രാജ്‌ഭവനിലേക്ക് സംഘടിപ്പിച്ച മാർച്ച് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഛത്തീസ്‌ഗഡിൽ ഗുരുതര കുറ്റാരോപണങ്ങൾ നടത്തി ബിജെപി സർക്കാർ ജയിലിലടച്ച കന്യാസ്‌ത്രീകൾക്ക് ജാമ്യംപോലും കിട്ടാത്ത സ്ഥിതിയാണ്. അമിതാധികാരപ്രയോഗമാണ് രാജ്യത്ത് കാണുന്നത്. വർഗീയ കൂട്ടുകെട്ടിനൊപ്പമാണ് കോൺഗ്രസും. നാടിനെ ഒന്നിച്ചുനിർത്തുന്ന സമാധാനചേരിക്കൊപ്പമാണ് ജനങ്ങൾ നിൽക്കേണ്ടത്. കേന്ദ്രസർക്കാർ വിവേചനം തുടരുമ്പോഴും വികസനത്തിൽ കേരളം മുന്നേറുകയാണെന്നും വിജയരാഘവൻ പറഞ്ഞു.
പബ്ലിക് ഓഫീസിനു മുന്നിൽനിന്നാണ് പ്രകടനം ആരംഭിച്ചത്. ജനറൽ സെക്രട്ടറി എം ഷാജഹാൻ അടക്കമുള്ള നേതാക്കൾ സംസാരിച്ചു. കേന്ദ്രസർക്കാരിന്റെ ജന, തൊഴിലാളിവിരുദ്ധ നയങ്ങൾ അവസാനിപ്പിക്കുക, തൊഴിലാളിവിരുദ്ധ ലേബർ കോഡുകളും പിഎഫ്‌ആർഡിഎ നിയമവും പിൻവലിക്കുക, എല്ലാ ജീവനക്കാർക്കും ഒപിഎസ് പുനഃസ്ഥാപിക്കുക, ശമ്പള പരിഷ്‌കരണ നടപടി ആരംഭിക്കുക, ക്ഷാമബത്ത കുടിശിക അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്.









0 comments