print edition ഒന്നര ലക്ഷം കടന്ന് കെ ഫോൺ കണക്‌ഷൻ ; 14,198 കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റർനെറ്റ്

തിരുവനന്തപുരം
കുറഞ്ഞ ചെലവില്‍ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ "കെ ഫോണ്‍' ഒന്നര ലക്ഷം കണക്‌ഷനുകളുമായി കുതിപ്പ് തുടരുന്നു. രണ്ടരവര്‍ഷത്തിനിടെ സംസ്ഥാനത്ത് 1,50,012 കണക്‌ഷൻ നല്‍കി. ഇതില്‍ 1,22,317 ഗാര്‍ഹിക കണക്‌ഷനുകളാണ്. ദാരിദ്ര്യരേഖയ്ക്കുതാഴെയുള്ള 14,198 കുടുംബങ്ങള്‍ക്കാണ് സൗജന്യമായി ഇന്റര്‍നെറ്റ് സേവനം നല്‍കുന്നത്.
27,473 സര്‍ക്കാര്‍ ഓഫീസുകളിലും 222 സ്വകാര്യസ്ഥാപനങ്ങളിലും കണക്‌ഷൻ ആയി. പ്രതിദിനം ശരാശരി 150 കണക്‌ഷൻ നൽകുന്നു. ഫെബ്രുവരി 11 വരെയുള്ള കണക്കാണിത്. 2023 ജൂണിലാണ് കെ ഫോണ്‍ ഇന്റര്‍നെറ്റ് നല്‍കിത്തുടങ്ങിയത്. സംസ്ഥാനത്ത് കൂടുതല്‍ ഉപഭോക്താക്കളും സൗജന്യ കണക്‌ഷനും മലപ്പുറത്താണ്. 26,628 വീടുകളിലുള്‍പ്പെടെ 29,669 കണക്‌ഷൻ. 3,560 വീടുകളില്‍ സൗജന്യ ഇന്റര്‍നെറ്റ് എത്തുന്നു. രണ്ടാംസ്ഥാനത്ത് പാലക്കാട് ജില്ലയാണ് –13,650. ഇവിടെ 11,317 ഗാര്‍ഹിക ഗുണഭോക്താക്കളുണ്ട്. 1173 വീടുകളിലാണ് സൗജന്യ ഇന്റര്‍നെറ്റുള്ളത്.

വീണ്ടും പ്രേമചന്ദ്രന്റെ ‘ചോദ്യപ്പാര’: ഇക്കുറി ലക്ഷ്യം കെ ഫോൺ
കേരളത്തിൽ എൽഡിഎഫ് സർക്കാർ നടപ്പാക്കുന്ന വികസനപദ്ധതികൾക്ക് തുരങ്കം വെക്കുകയെന്ന ഒറ്റലക്ഷ്യത്തോടെ പാർലമെന്റിൽ ചോദ്യങ്ങൾ ഉന്നയിക്കുന്ന എൻ കെ പ്രേമചന്ദ്രൻ എംപിയുടെ മറ്റൊരു കുതന്ത്രവും പൊളിഞ്ഞു. കെ ഫോൺ പദ്ധതിക്ക് പാരവെക്കുകയെന്ന ഏകലക്ഷ്യത്തോടെ ഫെബ്രുവരി 11ന് പാർലമെന്റിൽ പ്രേമചന്ദ്രൻ ഉന്നയിച്ച ചോദ്യവും അതിന് കേന്ദ്രസർക്കാർ നൽകിയ മറുപടിയുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ചാവിഷയം.
കെ ഫോണിന് കേന്ദ്രസർക്കാർ ലൈസൻസ് നൽകിയിട്ടുണ്ടോ, ലൈസൻസ് അനുവദിച്ചിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ, ലൈസൻസിന് വേണ്ടി സമർപ്പിച്ച രേഖകൾ അനുസരിച്ചാണോ പദ്ധതി നടപ്പാക്കിയിട്ടുള്ളത്, പദ്ധതിയുടെ പുരോഗതി കേന്ദ്രസർക്കാർ പരിശോധിച്ചിട്ടുണ്ടോ, സാന്പത്തികമായും വാണിജ്യപരമായും സാങ്കേതികമായും പദ്ധതി പ്രായോഗികമാണോ, കെ ഫോൺ പ്രവർത്തനത്തിന്റെ ഗുണനിലവാരം കേന്ദ്രം വിലയിരുത്തിയിട്ടുണ്ടോ– തുടങ്ങി പദ്ധതിക്ക് തുരങ്കം വെക്കുകയെന്ന ഒറ്റലക്ഷ്യത്തോടെ ഏഴ് കാര്യങ്ങളാണ് പ്രേമചന്ദ്രൻ തന്റെ ചോദ്യത്തിൽ ഉന്നയിച്ചത്. എന്നാൽ, പദ്ധതിയുടെ യോഗ്യതാമാനദണ്ഡങ്ങൾ എല്ലാം കൃത്യമായി പാലിക്കപ്പെട്ടിട്ടുണ്ടെന്നും പദ്ധതി മികച്ച രീതിയിൽ മുന്നോട്ടുപോകുന്നുണ്ടെന്നും കേന്ദ്ര സഹമന്ത്രി പെമ്മസനി ചന്ദ്രശേഖർ രേഖാമൂലം മറുപടി നൽകിയതോടെ, കുതന്ത്രം പാളി
കൊല്ലം എംപി ഇളിഭ്യനായി.
യൂണിഫൈഡ് ലൈസൻസ് ഗൈഡ്‌ലൈസൻസ് പ്രകാരമുള്ള എല്ലാ യോഗ്യതാമാനദണ്ഡങ്ങളും കേരളാ ഫൈബർ ഒപ്‌റ്റിക് നെറ്റ്‌വർക്ക് ലിമിറ്റഡ് കൃത്യമായി പാലിക്കുന്നുണ്ടെന്നും 2026 ജനുവരി 31 വരെയുള്ള കണക്ക് പ്രകാരം കേരളത്തിൽ മൊത്തം 99,970 ഇന്റർനെറ്റ് കണക്ഷനുകൾ നൽകിയിട്ടുണ്ടെന്നും കേന്ദ്രസർക്കാർ മറുപടിയിൽ വ്യക്തമാക്കി. നേരത്തെ, കേരളം അതിദാരിദ്ര മുക്തമായി പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിൽ, സംസ്ഥാനത്തെ എഎവൈ വിഭാഗത്തിലുള്ള റേഷൻ കാർഡുകൾ റദ്ദാക്കുമോ, കേരളത്തിനുള്ള ഭക്ഷ്യധാന്യവിതരണത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുമോ– തുടങ്ങിയ അതിവിചിത്രമായ ചോദ്യങ്ങൾ എൻ കെ പ്രേമചന്ദ്രൻ ഉന്നയിച്ചത് വലിയ വിവാദമായിരുന്നു. കേരളത്തിലെ സഹകരണബാങ്കുകൾ നിയന്ത്രിക്കാൻ വേണ്ടി കേന്ദ്രസർക്കാർ ഇടപെടലുകൾ നടത്തുമോയെന്ന ദുരുദ്ദേശപരമായ ചോദ്യവും പ്രേമചന്ദ്രൻ ഉന്നയിച്ചിരുന്നു. രാഷ്ട്രീയവിരോധത്താൽ കേരളത്തിന് അർഹിച്ച സഹായങ്ങൾ നിഷേധിക്കുന്ന മോദിസർക്കാരിന്റെ നടപടികൾ ചോദ്യം ചെയ്യാതെ, പരിമിതികൾക്കുള്ളിൽ നിന്നും കേരളം നടപ്പാക്കുന്ന വികസനപദ്ധതികൾക്ക് തുരങ്കംവെക്കാനുള്ള പ്രേമചന്ദ്രന്റെ ‘ചോദ്യപ്പാരകൾക്ക്’ എതിരെ എല്ലാവിഭാഗങ്ങളിൽ നിന്നും വിമർശം ശക്തമാകുകയാണ്.










0 comments