റിപ്പർ ചന്ദ്രൻ കേസിലെ ദൃക്‌സാക്ഷി മരിച്ചനിലയിൽ

കാസർകോട്: കുപ്രസിദ്ധ കൊലയാളി റിപ്പർ ചന്ദ്രന് വധശിക്ഷ ലഭിക്കാനിടയാക്കിയ കേസിലെ ദൃക്‌സാക്ഷി വീട്ടിനകത്ത് മരിച്ചനിലയിൽ. മഞ്ചേശ്വരം വാമഞ്ചൂർ ചെക്ക് പോസ്റ്റ് ശാസ്താക്ഷേത്രത്തിന് സമീപത്തെ ബാലചന്ദ്ര (53) യാണ് മരിച്ചത്. മൂന്നുദിവസമായി മൊബൈൽ ഫോൺ എടുക്കാത്തതിനെ തുടർന്ന് മംഗളൂരുവിലുള്ള സഹോദരി ശശികല വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. വീട് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പരേതരായ നരസപ്പയ്യ ഹന്തെയുടെയും ഇന്ദിരാ ഹന്തെയുടെയും മകനായ ബാലചന്ദ്ര ക്ഷേത്ര പൂജാരിമാരുടെ സഹായിയായി ജോലിചെയ്തു വരികയായിരുന്നു. മറ്റൊരു സഹോദരി: ഭാരതി.
ബാലചന്ദ്രയ്‌ക്ക് 13 വയസ്സുള്ളപ്പോൾ 1985ലാണ് അച്ഛൻ നരസപ്പയ്യ ഹന്തയെയും വീട്ടിലെ ജോലിക്കാരനായ വിശ്വനാഥനെയും ഉറങ്ങിക്കിടക്കുമ്പോൾ റിപ്പർ ചന്ദ്രൻ തലയ്ക്കടിച്ചുകൊന്നത്. അമ്മ ഇന്ദിര ഹന്തെയെ വധിക്കാനും ശ്രമമുണ്ടായി. തലക്കടിയേറ്റ ഇന്ദിര ഏറെക്കാലം അബോധാവസ്ഥയിലായിരുന്നു. പിന്നീട് ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നു. കുറച്ചുവർഷം മുമ്പ് അവർ മരിച്ചു.
ക്രൂരമായ കൊലപാതകത്തിന്റെ സാക്ഷിയായിരുന്നു ബാലചന്ദ്ര. ഇൗ ഇരട്ടക്കൊലപാതകമടക്കം 14 കൊലപാതകക്കേസുകളിലെ പ്രതിയായിരുന്നു റിപ്പർ ചന്ദ്രൻ. 13 കേസുകളിൽ ജീവപര്യന്തം തടവ് ശിക്ഷയാണ് വിവിധ കോടതികൾ വിധിച്ചത്. എന്നാൽ വാമഞ്ചൂരിലെ കൊലപാതകക്കേസിൽ ബാലചന്ദ്ര നൽകിയ മൊഴി പ്രകാരമാണ് വധശിക്ഷ വിധിച്ചത്. വിധിക്കെതിരെ പ്രതി സുപ്രിംകോടതി വരെ പോയെങ്കിലും വധശിക്ഷ ശരിവയ്‌ക്കുകയായിരുന്നു.










0 comments