'നീ പെണ്ണാണോ എന്നറിയാൻ ഡ്രസ്സ് ഊരി നോക്കേണ്ടി വരും'; വിദ്യാർത്ഥിനിയെ അവഹേളിച്ച് പ്രിയദർശിനി ബസ് കണ്ടക്ടർ

പ്രതീകാത്മക ചിത്രം
കൊച്ചി: കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിൽ കയറിയ വിദ്യാർത്ഥിനിയെ കണ്ടക്ടർ അധിക്ഷേപിച്ചെന്ന് പരാതി. ഗുരുവായൂർ-എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് പ്രിയദർശിനി ബസിലെ കണ്ടക്ടറാണ് വിദ്യാർത്ഥിനിയെ അവഹേളിക്കുകയും സൗജന്യ ടിക്കറ്റ് നൽകാൻ കഴിയില്ല എന്ന് പറയുകയുമായിരുന്നു.
ഇതിനെയൊക്കെ കണ്ടാൽ പെണ്ണാണെന്ന് തോന്നുന്നില്ലെന്നും അതുകൊണ്ട് സീറോ ടിക്കറ്റ് നൽകാൻ കഴിയില്ല എന്ന് പറയുകയും ചെയ്തു എന്ന് വിദ്യാർത്ഥിനി പറവൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
നീ പെണ്ണാണോ എന്നറിയാൻ ഡ്രസ്സ് ഊരി നോക്കണമെന്നും അല്ലെങ്കിൽ പെണ്ണാണെന്ന് നെറ്റിയിൽ എഴുതിയോടിക്കണമെന്നും രോഷാകുലനായി പറയുകയായിരുന്നു. ഉറക്കെ യാത്രക്കാരോടായി ഇതിനെ കണ്ടാൽ പെണ്ണാണെന്ന് തോന്നുമോ എന്ന് ചോദിക്കുകയും ചെയ്തതായി പെൺകുട്ടി പറഞ്ഞു.
തന്റെ സ്ത്രീത്വത്തെ അപമാനിക്കുകയും മാനസിക ബുദ്ധിമുട്ട് തോന്നുന്ന തരത്തിൽ പൊതുസമൂഹത്തിന് മുന്നിൽ ആക്ഷേപിക്കുന്നതരത്തിലുള്ള പരാമർശങ്ങൾ നടത്തിയെന്നും പെൺകുട്ടി പരാതിയിൽ പറഞ്ഞു. തനിക്ക് നാണക്കേടും മാനസിക ബുദ്ധിമുട്ടും ഉണ്ടാക്കിയ കണ്ടക്ടർക്കെതിരെ നടപടി സ്വീകരിക്കണമെന്നും നീതി ഉറപ്പാക്കണമെന്നും പരാതിയിൽ പറയുന്നു.








0 comments