സതീശന്റേത് സവർണ ഫ്യൂഡൽ മാടമ്പി മനസ്സ്; കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ

ചേർത്തല: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എസ്എൻഡിപി യോഗത്തെ തെരുവിലിട്ട് ആക്ഷേപിക്കുന്ന വിഷയത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു.
സതീശന്റേത് സവർണ ഫ്യൂഡൽ മാടമ്പി മാനസികാവസ്ഥയാണെന്നും ഈഴവർ ഉൾപ്പെടെയുള്ള മതസാമുദായിക സംഘടനകളെ ആക്ഷേപിക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിക്കുന്നതെന്നും വെള്ളാപ്പള്ളി പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
ശ്രീനാരായണ ഗുരുദേവന്റെ ദർശനങ്ങൾ രാജ്യം മുഴുവൻ പ്രചരിപ്പിക്കുന്ന രാഹുൽ ഗാന്ധിയുടെയും, പിന്നാക്ക വിഭാഗത്തിന്റെ പ്രതിനിധിയായ മല്ലികാർജുന ഖാർഗെയുടെയും അറിവോടെയാണോ സതീശന്റെ ഈ നീക്കങ്ങളെന്ന് വ്യക്തമാക്കണം.
ബിഹാർ തിരഞ്ഞെടുപ്പിലുൾപ്പെടെ പിന്നാക്കക്കാർക്ക് നീതി ഉറപ്പാക്കുമെന്ന് പ്രസംഗിച്ച രാഹുൽ ഗാന്ധിയെ വെല്ലുവിളിക്കുകയാണ് സതീശൻ ചെയ്യുന്നത്. ശ്രീനാരായണ ഗുരു തുടച്ചുനീക്കിയ ഉച്ചനീചത്വങ്ങളുടെ കാലത്തേക്ക് കേരളത്തെ തിരികെ കൊണ്ടുപോകാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്.
സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങില്ലെന്ന് വീമ്പിളക്കുന്ന സതീശന്റെ ഇരട്ടമുഖം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. എൻഎസ്എസ് ആസ്ഥാനത്ത് ഒന്നര മണിക്കൂർ തിണ്ണ നിരങ്ങിയ കഥ ഇതിനകം വെളിപ്പെട്ടു. കൊച്ചിയിൽ സീറോ മലബാർ സഭയുടെ സിനഡ് നടന്നപ്പോൾ ആരുമറിയാതെ മറ്റൊരു കാറിൽ സതീശൻ പോയത് എന്തിനാണെന്നും വെളിപ്പെടുത്തണം. എസ്എൻഡിപി യോഗത്തെ ആക്ഷേപിക്കുന്ന സതീശൻ ശിവഗിരിയിൽ പ്രസംഗിക്കാൻ പോയപ്പോൾ എന്തുകൊണ്ട് ഈ നിലപാട് സ്വീകരിച്ചില്ല? ഇത് സതീശന്റെ പ്രീണന നയവും ഇരട്ടത്താപ്പുമാണെന്നും വെള്ളാപ്പള്ളി നടേശൻ ആരോപിച്ചു.










0 comments