'ഹൃദയം' തൊട്ട ചിറകുകൾ: ഇത് കേരളത്തിന്റെ സ്വന്തം എയർ ആംബുലൻസ്

കൊല്ലം ഇടവട്ടം ചിറക്കൽ സ്വദേശി ഷിബുവിന്റെ ഹൃദയവുമായി മെഡിക്കൽ സംഘം കൊച്ചിയിൽ

അമ്പിളി ചന്ദ്രമോഹനൻ
Published on Dec 23, 2025, 02:44 PM | 2 min read
തിരുവനന്തപുരം: നിർണ്ണായക നിമിഷങ്ങളിൽ ജീവശ്വാസമായി സംസ്ഥാന സർക്കാർ വാടകയ്ക്കെടുത്തിരിക്കുന്ന ഹെലികോപ്റ്റർ. ജീവൻ പിടിച്ചുനിർത്താനുള്ള പോരാട്ടത്തിൽ കേരളത്തിന്റെ ഹൃദയത്തുടിപ്പുകൾ പേറി പറന്നുയരുന്ന കാഴ്ചയാണ് ഇന്നലെയും കേരളം കണ്ടത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് പറന്നത് ആറാമത്തെ ഹൃദയമായിരുന്നു. അപൂർവ ജനിതകരോഗം ബാധിച്ച നേപ്പാൾ സ്വദേശി ദുർഗ കാമിയിൽ കൊല്ലം ഇടവട്ടം ചിറക്കൽ സ്വദേശി ഷിബു (47)വിന്റെ ഹൃദയം തുന്നിച്ചേർക്കാനുള്ള യാത്ര.
സംസ്ഥാന സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്കെടുത്തതിന് ശേഷമുള്ള ആദ്യ പറക്കൽ അവയവദാനത്തിനുള്ള ഹൃദയവുമായായിരുന്നു. ലോക്ക്ഡൗൺ കാലത്ത് തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേക്ക് തന്നെയായിരുന്നു ആ യാത്രയും. അന്യൂറിസം ബാധിച്ച് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ മസ്തിഷ്‌ക മരണം സംഭവിച്ച ചെമ്പഴന്തി സ്വദേശി ലാലി ഗോപകുമാറിന്റെ ഹൃദയം എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിലുള്ള കോതമംഗലം സ്വദേശിനിക്കാണ് നൽകിയത്.

ഹൃദയം ദാതാവിൽനിന്ന് വേർപെടുത്തിയാൽ നാല് മണിക്കൂറിനുള്ളിൽ രോഗിയിൽ തുന്നിച്ചേർക്കണം. ഏറ്റവും കൂടിയ സമയം ആറ് മണിക്കൂറാണ്. ഇന്നലെ 40 മിനിറ്റുകൊണ്ട് ഹൃദയം കൊച്ചിയിലെത്തിച്ചു. അവയവദാനം സംബന്ധിച്ച എപ്പോൾ വിളിവന്നാലും സിസ്റ്റം റെഡിയാണെന്ന വീണ്ടും ഉറപ്പിക്കുകയാണ് ഇവിടെ. ഹൃദയം എടുക്കുന്ന ആശുപത്രിമുതൽ തുന്നിപിടിപ്പിക്കുന്ന ആശുപത്രിവരെ ഗ്രീൻ ചാനൽ.
പൊലീസ് ഉദ്യോഗസ്ഥരും ഡോക്ടർമാരും സന്നദ്ധ പ്രവർത്തകരും ഉൾപ്പെടെ പ്രവർത്തനത്തിൽ ഉൾപ്പെടുന്ന മുഴുവൻ ആളുകളും ഉൾപ്പെടുന്ന വാട്ട്സാപ് ഗ്രൂപ്പിലൂടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ഹൃദയവുമായെത്തുന്ന സംഘത്തെ ഹെലിപാഡിലേക്കും തുടർന്ന് ഹെലിപാഡിൽ നിന്ന് ആശുപത്രിയിലേക്കും നിമിഷങ്ങൾക്കുള്ളിലെത്തിക്കുന്ന ആംബുലൻസ് ഡ്രൈവർമാരെയും ഈ സാഹചര്യത്തിൽ പ്രത്യേകം ഓർമിക്കേണ്ടതാണ്.
സർക്കാർ ചെലവിൽ അവയവദാനത്തിനും കൈമാറ്റത്തിനുമായി പ്രവർത്തിക്കുന്ന ഹെലികോപ്റ്റർ സംവിധാനമുള്ളത് കേരളത്തിൽ മാത്രമാണ്. മറ്റ് സ്ഥലങ്ങളിൽ വാടകയ്ക്കെടുക്കുന്ന ഇത്തരം എയർ ആംബുലൻസ് സംവിധാനങ്ങൾക്ക് മണിക്കൂറിന് ഒന്നര മുതൽ രണ്ട് ലക്ഷം രൂപ വരെ നൽകണം. അഞ്ച് വർഷത്തിനിടയിൽ ആറ് തവണയാണ് ഹൃദയവുമായി ഹെലികോപ്റ്റർ പറന്നത്. കൊച്ചി അമൃത ആശുപത്രിയിലേക്ക് ഒരു തവണ, ദാനം ചെയ്ത കൈയും എത്തിച്ചിട്ടുണ്ട്. വയനാട് ഉരുൾപൊട്ടൽ സമയത്ത് രക്ഷാപ്രവർത്തനത്തിനായും നിരീക്ഷണത്തിനായും ഇതേ ഹെലികോപ്റ്റർ ഉപയോഗിച്ചിട്ടുണ്ട്.

പൊലീസിന്റെ പ്രവർത്തനങ്ങൾക്കായി 2020ലാണ് കേരള സർക്കാർ ഹെലികോപ്റ്റർ വാടകയ്ക്കെടുത്തത്. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചിപ്സൺ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡ് (Chipsan Aviation Pvt. Ltd) എന്ന കമ്പനിയുമായാണ് സർക്കാർ ഇപ്പോൾ കരാറിലേർപ്പെട്ടിരിക്കുന്നത്. ആദ്യം പവൻ ഹാൻസുമായി കരാർ ഉണ്ടായിരുന്നു. ഇത് അവസാനിച്ചതിനെ തുടർന്നാണ് ദേശീയതലത്തിൽ വിളിച്ച ടെൻഡറിലൂടെ പുതിയ കമ്പനിയെ തെരഞ്ഞെടുത്തത്.
ജിഎസ്ടി ഉൾപ്പെടെ 80 ലക്ഷം രൂപയാണ് ഹെലികോപ്റ്ററിന്റെ പ്രതിമാസ വാടക. ഓരോ മാസവും ഈ വാടകയ്ക്ക് 25 മണിക്കൂർ പറക്കാനുള്ള അനുമതിയുണ്ട്. കമ്പനിയുടെ ചാലക്കുടിയിലുള്ള ഹെലിപാഡും ഹാങ്ങർ സൗകര്യവും കുറഞ്ഞ നിരക്കിൽ പൊലീസിന് ഉപയോഗിക്കാം എന്ന കരാറിൽ വ്യവസ്ഥയുണ്ട്.

ഹെലികോപ്റ്റർ സേവനം എങ്ങനെ വിനിയോഗിക്കണം എന്നതിനെക്കുറിച്ച് സർക്കാർ കൃത്യമായ മാർഗനിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിലെയും അതിർത്തികളിലെയും നിരീക്ഷണത്തിന് 5 മണിക്കൂർ, വിഐപിയാത്രകൾ, എയർ ആംബുലൻസ്, അവയവ കൈമാറ്റം, പ്രകൃതിക്ഷോഭ സമയങ്ങളിലെ രക്ഷാപ്രവർത്തനം എന്നിവയ്ക്കായി 15 മണിക്കൂർ, എൽഡബ്ല്യുഇ ബാധിതമായ 5 ജില്ലകളിൽ നിരീക്ഷണത്തിനായി 5 മണിക്കൂർ എന്നിങ്ങനെയാണ് ഉപയോഗ ക്രമം നിഷ്കർഷിക്കുന്നത്.
അടിയന്തര സാഹചര്യങ്ങളിൽ ഈ സമയക്രമത്തിൽ മാറ്റം വരുത്താൻ സംസ്ഥാന പൊലീസ് മേധാവിക്ക് അധികാരമുണ്ടാകും. മുൻപ് പവൻ ഹാൻസുമായി ഉണ്ടായിരുന്ന കരാറിനേക്കാൾ ലാഭകരവും കൂടുതൽ സേവന സമയം ഉറപ്പാക്കുന്നതുമാണ് പുതിയ കരാർ. ഹെലികോപ്റ്റർ വാടകയ്ക്കെടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനമെടുത്തപ്പോൾ കേരളത്തെ സാമ്പത്തികമായി ഞെരുക്കുമെന്നും ദുർചെലവാണെന്നും വിവാദങ്ങളുയർന്നിരുന്നു. എന്നാൽ അതേ ഹെലികോപ്റ്ററാണ് ഇന്ന് പലരുടേയും ജീവൻ തുന്നിച്ചേർക്കാൻ കൂട്ടായത്.










0 comments