print edition കേരളത്തിന്റെ ജന്തർ മന്തർ

എസ്എഫ്ഐ സെക്രട്ടേറിയറ്റ് മാർച്ചിനിടെ പ്രവർത്തകരെ പൊലീസ് മർദിക്കുന്നു (ഫയൽ ചിത്രം)
പി ആർ ചന്തു കിരൺ
Published on Nov 14, 2026, 01:25 AM | 2 min read
ഭരണസിരാകേന്ദ്രമായ സെക്രട്ടറിയറ്റ് നീതിക്കുവേണ്ടിയുള്ള പ്രക്ഷോഭവേലിയേറ്റങ്ങളുടെ വേദികൂടിയാണ്. കേരളം ഉറ്റുനോക്കിയ പോരാട്ടങ്ങൾ പലതും തലസ്ഥാനത്തേക്ക് പടർന്നത് സെക്രട്ടറിയറ്റിന് മുന്നിലേക്കായിരുന്നു. ജനശ്രദ്ധയും മാധ്യമശ്രദ്ധയും കിട്ടാതെപോയ സംഭവവികാസങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞതും അവിടെയാണ്. സാധാരണക്കാർമുതൽ പ്രമുഖ രാഷ്‌ട്രീയ, സാംസ്‌കാരിക നേതാക്കൾവരെ നിരാഹാരവും രാപകൽ ധർണയുമിരുന്ന് നടത്തിയ ആയിരക്കണക്കിന് സമരങ്ങളുടെ തീക്കാറ്റ് ഏറ്റ വേദി. പല രാഷ്‌ട്രീയ നേതാക്കളുടെയും വാഗ്‌ദാനങ്ങളുടെ നെല്ലും പതിരും തിരിഞ്ഞതും അവിടെയാണ്.
നിരാഹാര സമരത്തിലുള്ള എൽപിഎസ്‌ടി സമരസമിതി കൺവീനർ വളർമതിയെ പൊലീസ് ബലമായി നീക്കിയപ്പോൾ അഴിഞ്ഞുവീണത് മുഖ്യമന്ത്രി വി ഡി സതീശന്റെ മുഖംമൂടികൂടിയാണ്. നീതിതേടിയുള്ള സമരത്തിൽ വളർമതി തല മുണ്ഡനം ചെയ്‌തത് കണ്ണുനനയിച്ചെന്ന് മുഖ്യമന്ത്രി മുതലക്കണ്ണീർ ഒഴുക്കിയതിനു പിന്നാലെയായിരുന്നു രാത്രിയുടെ മറവിലെ പൊലീസ് രാജ്. സമരപ്പന്തൽ പൊളിച്ചുനീക്കി. കട്ടിലും കസേരയും മൈക്കും പിടിച്ചെടുത്തു.
മാസങ്ങൾക്കു മുന്പ് ഡൽഹിയിൽ ജന്തർ മന്തറിൽ കണ്ട സംഭവങ്ങൾ സെക്രട്ടറിയറ്റ് നടയിൽ ആവർത്തിച്ചു. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് ഐക്യദാർഢ്യവുമായി നിരാഹാരമിരുന്ന സാമൂഹ്യ, വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്‌ചുക്കിനെ ജൂലൈ 18ന് ഡൽഹി പൊലീസ് വലിച്ചിഴച്ചാണ് കസ്‌റ്റഡിയിലെടുത്തത്. പ്രതിഷേധക്കാരെ മർദിച്ചും ഭീകരാന്തരീക്ഷം സൃഷ്‌ടിച്ചുമായിരുന്നു നടപടി. ജന്തർ മന്തറിൽ കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള ഡൽഹി പൊലീസും സെക്രട്ടറിയറ്റിന് മുന്നിൽ കേരള പൊലീസുമാണ് സമരക്കാരെ ആട്ടിയോടിക്കുന്നത്.
വിദ്യാഭ്യാസമടക്കം എല്ലാ മേഖലയിലും സംഘപരിവാർ ഇംഗിതം നടപ്പാക്കുന്ന യുഡിഎഫ് സർക്കാർ കേന്ദ്രത്തിലെ എൻഡിഎ സർക്കാരിന്റെ സാമന്തരായി അധപ്പതിക്കുന്നു. മുൻ എൽഡിഎഫ് സർക്കാരിന്റെ സമയത്ത് സംസ്ഥാനത്ത് സംഘടിതമായി വലിയ ചർച്ചയാക്കിയ ആശ സമരത്തിന്റെ വേദിയും സെക്രട്ടറിയറ്റ് നടയായിരുന്നു. ദേശീയ ആരോഗ്യദൗത്യത്തിന്റെ ഭാഗമായ ആശമാർക്ക് എൽഡിഎഫ് സർക്കാർ മികച്ച പരിഗണനയും മറ്റു സംസ്ഥാനങ്ങളിലേതിനേക്കാൾ വേതനവും നൽകിയപ്പോഴാണ് ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിച്ചത്. ആ സമരത്തിനെതിരെ പൊലീസ് നടപടിയോ സമരപ്പന്തലിലേക്ക് കടന്നുകയറ്റമോ ഒരു ഘട്ടത്തിലും ഉണ്ടായിട്ടില്ല.
‘ലൈറ്റ് മരിച്ചേ' നാടകം ദിവസങ്ങൾക്കുമുന്പാണ് സെക്രട്ടറിയറ്റിന് മുന്നിൽ വിദ്യാർഥികൾ അവതരിപ്പിച്ചത്. കേടുവന്ന പഠനോപകരണങ്ങൾ നന്നാക്കണമെന്ന് ആവശ്യപ്പെട്ട് കാലടി സംസ്‌കൃത സർവകലാശാലയിലെ വിദ്യാർഥികൾ കാന്പസിൽ ഇൗ നാടകം അവതരിപ്പിച്ചതിനാണ് 70 ദിവസത്തിലേറെയായി സസ്‌പെൻഷനിൽ തുടരുന്നത്. അപരിഷ്‌കൃതമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ വിശേഷിപ്പിച്ച നാടകം ജനം കൈയടിയോടെ ഏറ്റെടുത്തു.
സോളാർ തട്ടിപ്പ് കേസിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് എൽഡിഎഫ് ആഹ്വാനം ചെയ്ത സെക്രട്ടറിയറ്റ് വളയൽ സംസ്ഥാനത്തെ ബഹുജന പ്രക്ഷോഭങ്ങളിലെ അപൂർവ സംഭവമായിരുന്നു. മുത്തങ്ങ ഭൂസമരക്കാർക്കുനേരെ എ കെ ആന്റണിയുടെ പൊലീസ് നടത്തിയ നരനായാട്ടിനെതിരായ അലയൊലികളും സെക്രട്ടറിയറ്റിനെ പ്രകന്പനം കൊള്ളിച്ചു.
നീതിതേടിയുള്ള പോരാട്ടങ്ങളിൽ അവസാന ആശ്രയമായാണ് പലരും സെക്രട്ടറിയറ്റ് നടയിലെ പ്രക്ഷോഭ വേദികളെ കാണുന്നത്. വാഗ്‌ദാന ലംഘനങ്ങൾ തുടർക്കഥയാക്കിയ യുഡിഎഫ് സർക്കാരിന്റെ കാലത്ത് ആ സമരവേദി ഇനിയും പ്രക്ഷുബ്‌ധമാകും.









0 comments