കാലടി സർവ്വകലാശാലയിലെ നിരാഹാര സമരം ചെറുത്തു നിൽപ്പിൻ്റെ അധ്യായം: കവി മുരുകൻ കാട്ടാക്കട

കവി മുരുകൻ കാട്ടാക്കട നിരാഹര സമര വിദ്യാർഥികളെ കാണുന്നു
തിരുവനന്തപുരം: കാലടി സംസ്കൃത സർവകലാശാലയിൽ നടക്കുന്ന നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രശസ്ത കവി മുരുകൻ കാട്ടാക്കട സമരവേദിയിലെത്തി. ഫാസിസത്തിനെതിരായ ചെറുത്തുനിൽപ്പിന്റെ അധ്യായമായി സർവകലാശാലയിലെ സമരത്തെ കാണണമെന്ന് അദ്ദേഹം പറഞ്ഞു. സമരക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ മനഃസാക്ഷിയോട് നിരവധി ചോദ്യങ്ങളാണ് വിദ്യാർഥികൾ സമരത്തിലൂടെ ഉന്നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ഇഡിയും മോദിയും ഒന്നാണെന്ന യാഥാർഥ്യം തിരിച്ചറിയണം. ഫാസിസ്റ്റ് ശക്തികൾക്ക് മുന്നിൽ എങ്ങനെ ചെറുത്തുനിൽക്കണമെന്ന ചോദ്യമാണ് വിദ്യാർഥികൾ ഈ സമരത്തിലൂടെ ഉയർത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
വടക്കേ ഇന്ത്യയിൽ ശക്തിപ്രാപിച്ച ഫാസിസം ഇപ്പോൾ തെക്കേ ഇന്ത്യയിലേക്കും വ്യാപിക്കുകയാണ്. ഫാസിസത്തെ എന്തുവിലകൊടുത്തും തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുഡിഎഫ് സർക്കാരിനെ ഉപയോഗിച്ച് സർവകലാശാലകളെ കാവിവത്കരിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മുരുകൻ കാട്ടാക്കട ആരോപിച്ചു. ചരിത്രത്തെ മാറ്റിമറിക്കാനും ഇല്ലാതാക്കാനുമാണ് ഫാസിസ്റ്റ് ശക്തികൾ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന് താൻ രചിച്ച കവിതകൾ ആലപിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.








0 comments