ആക്കുളം ചേറ്റുവ ജലപാത; 280 കിലോമീറ്റർ കനാൽപാത മുഖ്യമന്ത്രി 26ന് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: കേരളത്തിലെ ഉൾനാടൻ ജലഗതാഗത വികസനത്തിൽ പുതിയ തുടക്കം കുറിച്ച് സംസ്ഥാന സർക്കാരിൻറെ അഭിമാന പദ്ധതിയായ വെസ്റ്റ് കോസ്റ്റ് കനാൽ പദ്ധതിയുടെ ഭാഗമായ ആക്കുളം- ചേറ്റുവ ജലപാതയുടെ ഒന്നാംഘട്ട നവീകരണം പൂർത്തിയാകുന്നു.
തിരുവനന്തപുരത്തെ ആക്കുളം മുതൽ തൃശ്ശൂരിലെ ചേറ്റുവ വരെയുള്ള 280 കിലോമീറ്റർ കനാൽപാതയുടെ ഉദ്ഘാടനം ഫെബ്രുവരി 26ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വെസ്റ്റ് കോസ്റ്റ് കനാൽ നവീകരണ പദ്ധതിയുടെ ഭാഗമായി ഇൻലാൻഡ് നാവിഗേഷൻ വിഭാഗം പൂർത്തീകരിച്ച വിവിധ പദ്ധതികളുടെയും ചിലക്കൂർ വിനോദസഞ്ചാര പദ്ധതിയുടെയും ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിക്കും.
സംസ്ഥാന സർക്കാരിൻറെയും കൊച്ചിൻ ഇൻറർനാഷണൽ എയർപോർട്ട് ലിമിറ്റഡിൻറെയും (സിയാൽ) സംയുക്ത സംരംഭമായ കേരള വാട്ടർവേയ്സ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (ക്വിൽ) ആണ് വെസ്റ്റ് കോസ്റ്റ് കനാൽ നവീകരണ പദ്ധതി നടപ്പിലാക്കുന്നത്. പുഴകൾ, കായലുകൾ, കനാലുകൾ എന്നിവയെ ഏകോപിപ്പിച്ചുകൊണ്ട് 11 ജില്ലകളെ ബന്ധിപ്പിക്കുന്ന കോവളം- ബേക്കൽ പാതയെ ചരക്കുനീക്കത്തിനും ടൂറിസത്തിനും തുല്യപ്രാധാന്യം നൽകിക്കൊണ്ട് 24 മണിക്കൂറും ഗതാഗതയോഗ്യമായ ആധുനിക ജലപാതയായി വികസിപ്പിച്ചുവരികയാണ്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിലാണ് ആക്കുളം മുതൽ ചേറ്റുവ വരെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നത്.










0 comments