ad
Deshabhimani

കേരളത്തിന്റെ വ്യവസായ കുതിപ്പും നിർമല സീതാരാമന്റെ നുണകളും

avatar
റഷീദ്‌ ആനപ്പുറം

Published on Feb 12, 2026, 08:33 PM | 3 min read

തിരുവനന്തപുരം: കേരളം വ്യവസായ സ‍ൗഹൃദമല്ല, കേരളത്തിൽനിന്ന്‌ നിക്ഷേപകർ മറ്റ്‌ സംസ്ഥാനങ്ങളിലേക്ക്‌ പോകുന്നു എന്ന്‌ പച്ചനുണ പറയുന്ന കേന്ദ്ര ധനമന്ത്രി നിർമല സീതാരാം അപമാനിച്ചത്‌ കേരളത്തെ. കഴിഞ്ഞ ദിവസം പാർലമെന്റിൽ ബജറ്റ്‌ ചർച്ചക്കുള്ള മറുപടിയിലാണ്‌ ധനമന്ത്രി കള്ളം എഴുന്നള്ളിച്ചത്‌. കേന്ദ്ര സർക്കാരിന്‌ കീഴിലെ വിവിധ വകുപ്പുകൾ, ഏജൻസികൾ കേരളത്തിലെ വ്യവസായത്തെ നമ്പർ വൺ ആയി പ്രകീർത്തിക്കുമ്പോഴാണ്‌ നിർമല സീതാരാമൻ നുണകൾ തട്ടിവിട്ടത്‌. ഇതിനെതിരെ സംരംഭകരും വ്യവസായ ലോകവും തൊഴിലാളികളും അമർഷത്തിലാണ്‌.


കേരളത്തിന്റെ വ്യവസായ അന്തരീക്ഷം വികസിത രാജ്യങ്ങളുമായി കിടപിടിക്കുന്നതാണ്‌. നാലാം വ്യവസായ വിപ്ലവത്തിന്റെ ലക്ഷ്യസ്ഥാനമായി കേരളത്തെ മാറ്റുമെന്ന ഉറച്ച പ്രഖ്യാപനത്തിലാണ്‌ സർക്കാരും വ്യവസായ വകുപ്പും മന്ത്രി പി രാജീവും. ഇതിന്റെ വിളംബരമാണ് തുടർച്ചയായി കേരളത്തിലേക്കെത്തിയ ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾ. നിശബ്ദ വിപ്ലവത്തിലൂടെ കേരളത്തെ രാജ്യത്തെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കി മാറ്റി എന്നതാണ് നമ്മുടെ നേട്ടമെന്ന്‌ പി രാജീവ്‌ പറഞ്ഞു.


ഇന്ന്‌ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് ഇൻഡക്സിൽ 28-ാം സ്ഥാനത്തുണ്ടായിരുന്ന കേരളം ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും മുൻ നിരയിലുള്ള സംസ്ഥാനമായി മാറി. റാങ്കിംഗിന്റെ സ്വഭാവവും രീതിയും പരിഷ്കരിച്ചതിന്റെ ഫലമായി പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വിവിധ തട്ടുകളായി സംസ്ഥാനങ്ങളെ വിലയിരുത്തുകയാണ് ഇപ്പോൾ ചെയ്യുന്നത്. അതിൽ ഏറ്റവും മുൻ നിരയിലാണ് കേരളം ഉള്ളത്. 2022 ലെ റാങ്കിംഗിലാണ് ആദ്യമായി ടോപ്പ് എച്ചീവർ പദവി കൈവരിച്ചത്. ഇതിന് ശേഷം നടന്ന തൊട്ടടുത്ത റാങ്കിംഗിലും ഇതേ സ്ഥാനം ചാഞ്ചാട്ടമില്ലാതെ നില നിർത്താനായി. 2022 ൽ 15-ാം സ്ഥാനത്തേക്കും 2024 ലും 2025 ലും ഒന്നാം സ്ഥാനത്തേക്കും അതിവേഗത്തിലുള്ള കുതിപ്പാണ് നാം നടത്തിയത്. ഏറ്റവും ഒടുവിലെ വിലയിരുത്തൽ ഫലം പുറത്തു വിട്ട 2025ൽ ഏറ്റവും മുൻ നിരയിലുള്ള ഫാസ്റ്റ് മൂവർ പട്ടികയിലാണ് കേരളം. അതിവേഗത്തിൽ വളരുന്ന വ്യവസായ രംഗം ഉള്ള സംസ്ഥാനങ്ങളാണ് ഈ പട്ടികയിൽ. സർക്കാർ നടപ്പാക്കേണ്ട പരിഷ്കാരങ്ങളിൽ 99.3 ശതമാനവും ഇത്തവണ നടപ്പാക്കി. 2024ൽ ബിസിനസ് ഓറിയന്റഡായ രണ്ട് മേഖലകളിലായിരുന്നു ഒന്നാമതെങ്കിൽ ഇത്തവണ നാല് മേഖലകളിൽ ഒന്നാമതെത്തി.


ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ വ്യവസായ സൗഹൃദ നില വിലയിരുത്തുന്ന പ്രധാന സങ്കേതമാണ് കേന്ദ്ര വ്യവസായ വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള ഡിപിഐ ഐടിയുടെ മാർഗ്ഗനിർദേശപ്രകാരം നടത്തപ്പെടുന്ന സ്റ്റേറ്റ് ബിസിനസ് റിഫോംസ് ആക്ഷൻ പ്ലാൻ. ബിസിനസ് ചെയ്യുന്നതിന് സർക്കാർ നൽകുന്ന സേവനത്തിന്റെ കാര്യക്ഷമതയെ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങളുടെ പ്രകടനം വിലയിരുത്തപ്പെടുന്നത്. കേന്ദ്ര സർക്കാരിന്റെ വ്യവസായ വാണിജ്യമന്ത്രാലയത്തിന് കീഴിലുള്ള ഡിപിഐ ഐടി മാർഗനിർദ്ദേശങ്ങൾക്കനുസൃതമായി 2016 മുതൽ സ്റ്റേറ്റ് ബിസിനസ് റിഫോംസ് ആക്ഷൻ പ്ലാൻ നടപ്പിലാക്കി വരുന്നു. ഈ റാങ്കിംഗ് പ്രക്രിയയിൽ കേരളം സജീവമായി പങ്കെടുക്കുകയും വ്യവസായ പ്രവർത്തനങ്ങൾക്കും സംരംഭകത്വത്തിനും ഉള്ള അന്തരീക്ഷം ഒരുക്കുന്നതിനായി ഒട്ടേറെ നടപടികൾ കൈക്കൊള്ളുകയും ചെയ്തു. ഇതിൽ സർക്കാർ വകുപ്പുകളിൽ വരുത്തേണ്ട പരിഷ്കാരങ്ങൾ, സ്റ്റേറ്റ് ഹോൾഡർമാരുടെ കൂടിയാലോചനകൾ, സംരംഭകരിൽ നിന്നുള്ള അഭിപ്രായ ശേഖരണം തുടങ്ങി വ്യത്യസ്ത ഘടകങ്ങൾ ഉൾപ്പെടുന്നു.


ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗ് ഉയർത്തുന്നതിന്റെ ഭാഗമായി 2022 ൽ സംസ്ഥാനം നടപ്പാക്കിയ പരിഷ്കാരങ്ങൾ 91 ശതമാനമാണ്. 2025 ലാകട്ടെ 99.3 ശതമാനം പരിഷ്കാരങ്ങളും നടപ്പാക്കി. ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനമായി രണ്ടു തവണയും കേരളം അംഗീകരിക്കപ്പെട്ടു. സംരംഭകരിൽ നിന്നുള്ള പ്രതികരണത്തെ അടിസ്ഥാനമാക്കിയാണ് ഡിപിഐഐടി റാങ്കിംഗ് നടത്തുന്നത്. ഒരു പരിഷ്കാര മേഖലയ്ക്ക് 95% ത്തിൽ അധികം അനുകൂല പ്രതികരണം ലഭിച്ചാൽ മാത്രമാണ് ആ മേഖല ടോപ്പ് എച്ചീവർ പദവി നേടുക. ഇപ്രകാരമാണ് കേരളം 9 മേഖലകളിൽ ടോപ്പ് എച്ചീവർ പദവി കരസ്ഥമാക്കിയത്.


ഇതിനൊപ്പം ലോക അംഗീകാരവും കേരളത്തെ തേടിയെത്തി. അമേരിക്കൻ സൊസൈറ്റി ഫോർ പബ്ലിക് അഡ്മിനിസ്ട്രേഷൻ്റെ നോവൽ ഇന്നവേഷൻ ഇൻ പബ്ലിക് അഡ്മിനിസ്ട്രേഷൻ അംഗീകാരം നേടുന്ന പദ്ധതിയായി കേരളത്തിന്റെ സംരംഭക വർഷം തെരഞ്ഞെടുക്കപ്പെട്ടു. അമേരിക്കൻ സൊസൈറ്റിയുടെ 87 വർഷത്തെ ചരിത്രത്തിനിടയിൽ ഇന്ത്യയിൽ നിന്നുള്ള ഒരു പദ്ധതി ഈ അംഗീകാരം നേടുന്നത് ഇതാദ്യമായാണ്. പ്രധാനമന്ത്രി പങ്കെടുത്ത ദേശീയ വ്യവസായ അവലോകന യോഗത്തിൽ ഇന്ത്യയിലെ എം എസ് എം ഇ രംഗത്തെ ഏറ്റവും മികച്ച പദ്ധതിയായും ( ബെസ്റ്റ് പ്രാക്ടീസ് ) ഇതേ പദ്ധതി തെരഞ്ഞെടുക്കപ്പെട്ടു. ദാവോസിലെ വേൾഡ് എക്കണോമിക് ഫോറത്തിലും കേരളത്തിന് പ്രശംസ ലഭിച്ചു.

ഇ‍ൗ നേട്ടങ്ങൾ ഒരു സുപ്രഭാതത്തിൽ കൈവന്നതല്ല. കഴിഞ്ഞ പത്ത്‌ വർഷമായി കേരളത്തിലെ വ്യവസായ രംഗത്ത്‌ എൽഡിഎഫ്‌ സർക്കാർ നടത്തിയ ഇടപെടലിന്റ ഫലമാണ്‌. 2011–2016 ലെ യുഡിഎഫ്‌ സർക്കാരിന്റെ കാലത്ത്‌ താറുമാറായ പൊതുമേഖലാ വ്യവസായങ്ങളെ പിന്നീട്‌ വന്ന എൽഡിഎഫ്‌ സർക്കാർ പുനരുജ്ജീവിപ്പിച്ചു. നഷ്‌ടത്തിൽ കൂപ്പുകുത്തി അടച്ചുപൂട്ടൽ ഭീഷണി നേരിട്ട വ്യവസായങ്ങളെ ലാഭകരമാക്കി. വ്യവസായ വകുപ്പിന് കീഴിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളുടെ എണ്ണം 27 ആയി ഉയർന്നു. 2025 - 26 സാമ്പത്തിക വർഷത്തെ അർധ വാർഷിക അവലോകന പ്രകാരം പുതുതായി 14 പൊതുമേഖലാ സ്ഥാപനങ്ങൾ കൂടി ലാഭത്തിലായി. 7 പൊതുമേഖലാ സ്ഥാപനങ്ങൾ അവയുടെ ലാഭം വർദ്ധിപ്പിച്ചു. പ്രവർത്തന ലാഭത്തിലും 82.09 കോടി രൂപയുടെ വർദ്ധനവുണ്ടായി.


പൊതുമേഖലാ സ്ഥാപനങ്ങളുടെ ആകെ വിറ്റു വരവ് 2440.14 കോടി ആയി വർദ്ധിക്കുകയും ചെയ്തു. 50 വർഷം പൂർത്തിയാക്കുന്ന കെൽട്രോൺ ചരിത്രത്തിലാദ്യമായി 1056.94 കോടി രൂപയുടെ വിറ്റുവരവ് നേടി. പരമ്പരാഗത വ്യവസയങ്ങളെയും സർക്കാർ ചേർത്തു നിർത്തി. ഇതോടൊപ്പം സ്വകാര്യ സംരംഭകരെ പ്രോത്സാഹിപ്പിച്ചു. പുതിയ നിക്ഷേപകർക്കായി പലതരം ഇളവുകൾ കൊണ്ടുവന്നു. കാലഹരണപ്പെട്ട നിയമങ്ങൾ മാറ്റി. സംരംഭകത്വ വർഷം പദ്ധതി നടപ്പാക്കി. വ്യവസായ സമൂഹവും ട്രേഡ് യൂണിയനുകളും മറ്റ് സ്റ്റേക് ഹോൾഡർമാരുമുൾപ്പെടെ എല്ലാ വിഭാഗങ്ങളുമായും സർക്കാർ നിരന്തരം സംവദിച്ചു. അങ്ങനെ രണ്ട്‌ തവണ തുടർച്ചയായി ഒരു സർക്കാർ അധികാരത്തിലിരുന്നതിന്റെ ഫലം കേരളത്തിലെ വ്യവസായ മേഖലയുടെ പുഷ്‌കല കാലമായി. ഇതെല്ലാം മറച്ചുവെക്കുകയാണ്‌ നിർമല സീതാരാമൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home