print edition ഇതാ കേരളത്തിന്റെ ഡിജിറ്റൽ മാതൃക; നൂറുകോടി ക്ലബ്ബിൽ സി- ഡിറ്റ്


സ്വന്തം ലേഖകൻ
Published on May 25, 2026, 12:01 AM | 1 min read
തിരുവനന്തപുരം: കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ ദീർഘവീക്ഷണത്തോടെയുള്ള ഇടപെടലിലും പിന്തുണയിലും ചരിത്ര മുന്നേറ്റവുമായി സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ്). സംസ്ഥാന സർക്കാരിന്റെ കീഴിലെ സ്വയംഭരണ സ്ഥാപനമായ സി- ഡിറ്റിന് 102 കോടിയിലധികം രൂപയുടെ വാർഷിക വിറ്റുവരവ്. ഡിജിറ്റൽ ഗവേണൻസ്, ഐടി ഇൻഫ്രാസ്ട്രക്ചർ രംഗങ്ങളിൽ കേരളത്തിന്റെ മുഖ്യ സാങ്കേതിക പങ്കാളിയായ സി- ഡിറ്റ്, നൂതന സാങ്കേതികവിദ്യകളിലൂടെയും മികച്ച പ്രകടനത്തിലൂടെയുമാണ് ഈ സുവർണ നേട്ടം.
ദേശീയതലത്തിൽ നീറ്റ് ഉൾപ്പെടെയുള്ള പ്രമുഖ മത്സരപ്പരീക്ഷകളുടെ നടത്തിപ്പ് വിവാദത്തിലായ സാഹചര്യത്തിൽ സി- ഡിറ്റ് വികസിപ്പിച്ച പരീക്ഷാ സംവിധാനം ചർച്ചയായിരുന്നു. കേരളത്തിലെ എൻജിനിയറിങ്, മെഡിക്കൽ പ്രവേശന പരീക്ഷയായ ‘കീം' ഉൾപ്പെടെയുള്ളവ സുരക്ഷിതവും കുറ്റമറ്റ രീതിയിലുമാണ് സി -ഡിറ്റ് വിജയകരമായി പൂർത്തിയാക്കിയത്. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷാ രീതി, സി -ഡിറ്റിന്റെ ശക്തമായ സാങ്കേതിക അടിത്തറയിലൂടെ കേരളത്തിൽ വൻ വിജയമായി. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷാ രീതി കുസാറ്റ്, എംജി ഉൾപ്പെടെയുള്ള പ്രമുഖ സർവകലാശാലകളിലേക്ക് വിപുലീകരിച്ചിട്ടുമുണ്ട്.
സംസ്ഥാനത്തെ പൊതുഭരണ സംവിധാനത്തെ പൂർണമായും ജനസൗഹൃദമാക്കുന്നതിൽ സി -ഡിറ്റിന്റെ വെബ് ഇൻഫോമാറ്റിക്സ് ഡിവിഷനുകൾ നിർണായകമായ പങ്കാണ് വഹിക്കുന്നത്. നിയമസഭ, പിഎസ്‌സി, ആരോഗ്യ, പൊതുമരാമത്ത് വകുപ്പുകൾ, അക്ഷയ, ദുരന്തനിവാരണ അതോറിറ്റി തുടങ്ങിയ സുപ്രധാന സർക്കാർ പോർട്ടലുകൾ ഉൾപ്പെടെ മുന്നൂറിലധികം ഔദ്യോഗിക വെബ്‌സൈറ്റുകളും നൂറിലധികം ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും വിജയകരമായി രൂപകൽപ്പന ചെയ്ത് നിയന്ത്രിക്കുന്നു. വെബ് ഇൻഫോമാറ്റിക്സ് ഡിവിഷന്റെ മേൽനോട്ടത്തിലുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി, വിവിധ ജനക്ഷേമ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്ന ഡിബിടി സംവിധാനങ്ങൾ, ലൈഫ് മിഷൻ, ഇ-–ഗ്രാന്റ്സ് തുടങ്ങിയ സ്കോളർഷിപ് പോർട്ടലുകൾ എന്നിവയിലൂടെ കോടിക്കണക്കിന് രൂപയാണ് ജനങ്ങളിലേക്ക് നേരിട്ട് സുരക്ഷിതമായി എത്തിക്കുന്നത്.
ഒപ്പം, സംസ്ഥാനത്തെ സർക്കാർ വിവരങ്ങൾ പൂർണമായും സുരക്ഷിതമായി സൂക്ഷിക്കുന്നതിനുള്ള ക്ലൗഡ് ഹോസ്റ്റിങ്, സൈബർ സുരക്ഷ, ഡിഎൻഎസ് മാനേജ്‌മെന്റ് സേവനങ്ങളും ഈ വിഭാഗം നൽകുന്നു. 1988-ൽ അന്നത്തെ ഇടതുപക്ഷ സർക്കാരിന്റെ കാലത്താണ് സി -ഡിറ്റ് സ്ഥാപിച്ചത്.











0 comments