കേരള വികസനം മാതൃകാപരം, എൽഡിഎഫ് സർക്കാർ തുടരണം: കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ

തിരുവനന്തപുരം: കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയായിരിക്കുമെന്ന് കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയു ആയിരുന്ന മണിശങ്കർ അയ്യർ. കേരള സംസ്ഥാന ആസൂത്രണ ബോർഡ് സംഘടിപ്പിച്ച വിഷൻ 2031 എന്ന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷൻ 2031സമ്മേളനം ബഹിഷ്‌ക്കരിച്ച കേരളത്തിലെ കോൺഗ്രസ് നേതാക്കളെ മണിശങ്കർ അയ്യർ വിമർശിച്ചു.
പുതിയൊരു ഇന്ത്യയെക്കുറിച്ചുള്ള മഹാത്മാ ഗാന്ധിയുടെ ദർശനം ഇന്ത്യയിൽ നടപ്പാക്കിയത് ഒരു കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർടിയാണ് എന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യ വികേന്ദ്രീകൃത പരീക്ഷണത്തിൽ കേരളം സൃഷ്ടിച്ച മാതൃക കൂടുതൽ മെച്ചപ്പെടുത്തി മുന്നോട്ട് പോകാൻ കഴിയട്ടെ എന്നും അദ്ദേഹം പറഞ്ഞു. ഡോ തോമസ് ഐസക്കിനെ പേരുവിളിച്ച് അഭിനന്ദിക്കുകയും ചെയ്തു.
ത്രിതല പഞ്ചായത്തീരാജ് ഭരണനിർവ്വഹണത്തിന്റെ കാര്യത്തിൽ രാജ്യത്ത് തന്നെ ഒന്നാമതാണ് കേരളം. ഇന്ന് നമ്മോടൊപ്പമില്ലാത്ത മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ആശയങ്ങൾ മറ്റേത് സംസ്ഥാനത്തേക്കാളും മികച്ച രീതിയിൽ പ്രാവർത്തികമാക്കാൻ കേരളത്തിന് സാധിച്ചിട്ടുണ്ട്. എന്നാൽ 'പ്രയോഗത്തിൽ' കേരളം ഒന്നാമതാണെങ്കിലും, 'നിയമത്തിന്റെ' കാര്യത്തിൽ രണ്ടാം സ്ഥാനത്താണ്. പഞ്ചായത്തീരാജ് സംവിധാനത്തിൽ കേരളത്തിന്റെ ഒന്നാം സ്ഥാനം നിയമപരമായി കൂടി ഉറപ്പിക്കാനാവശ്യമായ ഭേദഗതികൾ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ മണിശങ്കർ അയ്യർ നിർദ്ദേശിച്ചു.
തന്റെ പാർടിയായ കോൺഗ്രസ് പരാജയപ്പെട്ടിടത്ത് കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി പിണറായി വിജയനു ഏറെ മുന്നോട്ട് പോകാൻ കഴിയട്ടെ എന്നും അദ്ദേഹം പറഞ്ഞു. അമർത്യ സെന്നും റോമില ഥാപ്പറും ഈ സമ്മേളനം ബഹിഷ്‌ക്കരിക്കണം എന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇരുവരും ഓൺലൈനായി പങ്കെടുത്തു.
കേരളത്തിന്റെ വികസന കാഴ്ചപ്പാടുകളും ജനാധിപത്യ മുന്നേറ്റങ്ങളും ചർച്ച ചെയ്യുന്ന അന്താരാഷ്ട്ര കോൺഫറൻസ് ആണ് വിഷൻ 2031. 15 മുതൽ 17 വരെ തിരുവനന്തപുരത്താണ് കോൺഫറൻസ് നടക്കുന്നത്. 33 വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് സെമിനാറുകൾ. ഒക്ടോബറിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലകളിൽ നടന്ന സെമിനാറുകളുടെ ക്രോഡീകരണമാണ് അന്തരാഷ്‌ട്ര കോൺഫറൻസിൽ നടക്കുക.










0 comments