പത്തനാപുരത്ത് ഗുണ്ടാ വിളയാട്ടം; സപ്താഹ വേദിയിൽ നായയുമായെത്തി ഭീകരാന്തരീക്ഷം, പൊലീസിനെ ആക്രമിച്ചു

പത്തനാപുരം: കൊല്ലം പത്തനാപുരത്ത് പൊലീസിന് നേരെ ഗുണ്ടാ നേതാവിന്റെ അഴിഞ്ഞാട്ടം. സപ്താഹ പരിപാടിക്കിടെ അൽസേഷ്യൻ നായയുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടാ നേതാവ് സജീവ്, ചോദ്യം ചെയ്യാനെത്തിയ പോലീസിനെ ആക്രമിച്ചു.
അക്രമത്തിൽ പോലീസുകാർക്ക് പരിക്കേൽക്കുകയും പൊലീസ് ജീപ്പ് തകർക്കുകയും ചെയ്തു. സപ്താഹ വേദിയിൽ നായയുമായെത്തി സജീവ് പ്രകോപനം സൃഷ്ടിച്ചതിനെത്തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ പൊലീസ് സംഘത്തിന് നേരെ സജീവ് തന്റെ ഓഫ് റോഡ് വാഹനം ഇടിച്ചു കയറ്റുകയായിരുന്നു. ആക്രമണത്തിൽ പൊലീസ് ജീപ്പിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഓഫ് റോഡ് വാഹനം ഉപയോഗിച്ച് പൊലീസ് ജീപ്പ് ഇടിച്ചുതകർത്തു.
ആക്രമണത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. അൽസേഷ്യൻ നായയെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് സജീവ് പൊതുസ്ഥലത്ത് ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കിയത്.
പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും സജീവിനെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസെടുത്തു. പ്രതിക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ഗുണ്ടാ നിയമപ്രകാരം നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.










0 comments