കൊച്ചിയിൽ കേരള–കൊറിയ ട്രേഡ് ഡെസ്ക്; രാജ്യാന്തര കരാറുകൾക്ക് ഗ്ലോബൽ ഡിജിറ്റൽ സമ്മിറ്റ്

കൊച്ചി: കേരളവും ദക്ഷിണ കൊറിയയും തമ്മിലുള്ള വാണിജ്യബന്ധം ശക്തിപ്പെടുത്തുന്നതിനായി കൊച്ചിയിൽ കേരള–കൊറിയ ട്രേഡ് ഡെസ്ക് സ്ഥാപിക്കും. നവംബർ 24, 25 തീയതികളിൽ അങ്കമാലി അഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന കേരള ഗ്ലോബൽ ഡിജിറ്റൽ ട്രാൻസ്ഫർമേഷൻ ആൻഡ് ഇൻവെസ്റ്റ്മെന്റ് സമ്മിറ്റിൽ ഇതുസംബന്ധിച്ച് കൊറിയ–ഇന്ത്യ കൗൺസിലുമായി ധാരണാപത്രം ഒപ്പുവെക്കും. വിദ്യാഭ്യാസം, ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി, സാങ്കേതികവിദ്യ, നിക്ഷേപം തുടങ്ങിയ മേഖലകളിലും രാജ്യാന്തര സഹകരണത്തിനുള്ള കരാറുകൾ ഉച്ചകോടിയുടെ ഭാഗമായി കൈമാറും.
അങ്കമാലി അഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ഉച്ചകോടിയിൽ മുഖ്യമന്ത്രി വി ഡി സതീശൻ മുഖ്യാതിഥിയായി പങ്കെടുക്കും. ഒമ്പത് രാജ്യങ്ങളിൽനിന്നുള്ള നയതന്ത്ര പ്രതിനിധികളും വിവിധ ആഗോള സാങ്കേതിക കമ്പനികളുടെ പ്രതിനിധികളും ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
കിർഗിസ്ഥാൻ വിദ്യാഭ്യാസ മന്ത്രാലയവുമായുള്ള ധാരണാപത്രവും മ്യാൻമറിൽനിന്ന് അരിയും പയറുവർഗങ്ങളും വിതരണം ചെയ്യുന്നതിനായി ആസിയാൻ കൗൺസിലുമായുള്ള കരാറും ഉച്ചകോടിയുടെ ഭാഗമാകും. വിവിധ രാജ്യങ്ങളുമായുള്ള വാണിജ്യ, വിദ്യാഭ്യാസ സഹകരണം വിപുലപ്പെടുത്തുന്നതിനും പുതിയ നിക്ഷേപ സാധ്യതകൾ കണ്ടെത്തുന്നതിനുമാണ് പ്രാധാന്യം നൽകുന്നത്.
കേരള ഐടി വകുപ്പ്, തൊഴിൽ വകുപ്പ്, കിൻഫ്ര, ടെക്നോപാർക്ക്, സ്മാർട്ട് സിറ്റി, ഇൻഫോപാർക്ക്, ഇന്ത്യൻ ഇക്കണോമിക് ട്രേഡ് ഓർഗനൈസേഷൻ എന്നിവയുൾപ്പെടെ പതിനഞ്ചോളം സർക്കാർ–സ്വകാര്യ ഏജൻസികളുടെ സഹകരണത്തോടെ ബ്ലൂ ക്ലൗഡാണ് ദ്വിദിന ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഒമ്പത് രാജ്യങ്ങളിൽനിന്നുള്ള നയതന്ത്ര പ്രതിനിധികൾ ഉൾപ്പെടെ 11 രാജ്യങ്ങളിൽനിന്നായി 1500ഓളം പേർ പങ്കെടുക്കുമെന്നാണ് സംഘാടകർ അറിയിച്ചത്.
മൈക്രോസോഫ്റ്റ്, ആമസോൺ, ഇന്റൽ, ഫോഴ്സ്പോയിന്റ്, നെറ്റ്സ്കൗട്ട്, വാന്റേജ്ഓ, ഗിനിമൈൻഡ്സ്, സിടിആർഎൽഎസ്, ഇൻസ്പാർക്ക്, നെസ്റ്റ്, നോർഡൻ, ഹീൽ തുടങ്ങിയ കമ്പനികളുടെ പ്രതിനിധികളും ഉച്ചകോടിയുടെ വിവിധ സെഷനുകളിൽ പങ്കെടുക്കും. ആഗോള സാങ്കേതിക സ്ഥാപനങ്ങൾ, നിക്ഷേപകർ, വ്യവസായ പ്രതിനിധികൾ, സ്റ്റാർട്ടപ്പുകൾ, വിദ്യാർഥികൾ എന്നിവർക്കും പങ്കെടുക്കാൻ അവസരമുണ്ടാകും.
സർക്കാർ സേവനങ്ങളുടെയും സംരംഭങ്ങളുടെയും ഡിജിറ്റൽ പരിവർത്തനത്തിനാണ് ആദ്യദിനത്തിൽ പ്രാധാന്യം. സാങ്കേതികവിദ്യയുടെ ഉപയോഗം, ഡിജിറ്റൽ ഭരണസംവിധാനങ്ങൾ, വ്യവസായമേഖലയിലെ മാറ്റങ്ങൾ എന്നിവയെക്കുറിച്ചുള്ള പാനൽ ചർച്ചകളും ടെക് കമ്പനികളുടെ പ്രദർശനങ്ങളും നടക്കും. ഡിജിറ്റൽ ലീഡർഷിപ്പ് അവാർഡുകളും പ്രഖ്യാപിക്കും.
രണ്ടാംദിനം നിക്ഷേപങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കുമായാണ് മാറ്റിവെച്ചിരിക്കുന്നത്. സ്റ്റാർട്ടപ്പുകൾക്ക് നിക്ഷേപകരുമായി നേരിട്ട് സംവദിക്കാനും പുതിയ സംരംഭ ആശയങ്ങൾ അവതരിപ്പിക്കാനും അവസരമുണ്ടാകും. നിക്ഷേപ പ്രഖ്യാപനങ്ങളും സ്റ്റാർട്ടപ്പ് അവാർഡുകളും അവസാനദിനം നടക്കും.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ജനറേറ്റീവ് എഐ, സൈബർ സുരക്ഷ, ക്ലൗഡ് ട്രാൻസ്ഫർമേഷൻ, ഡിജിറ്റൽ ബാങ്കിങ്, ഫിൻടെക്, ഹെൽത്ത്ടെക്, അഗ്രോടെക്, ഗ്രീൻ എനർജി, ഗ്ലോബൽ കാപ്പബിലിറ്റി സെന്ററുകൾ തുടങ്ങിയ മേഖലകളിലെ പുതിയ സാധ്യതകളും വെല്ലുവിളികളും ചർച്ച ചെയ്യും.
ഉച്ചകോടിയുടെ ലോഗോയും വാർത്താസമ്മേളനത്തിൽ പ്രകാശനം ചെയ്തു. ബ്ലൂ ക്ലൗഡ് ഇ–കോം സ്ഥാപകനും സിഎസ്ഒയുമായ അലക്സ് ജോർജ്, ബെന്നി മാത്യു, ജെ രാജ്മോഹൻ പിള്ള, രംഗനാഥ് ഷേണായ്, ജയരാമ കാസർഗോഡ്, ഉത്തം ഈശ്വർലാൽ ദവെ, എ ബാലകൃഷ്ണൻ, അനിരുദ്ധ ഭുനാനിയ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: https://events.bluecloude.com/









0 comments