Deshabhimani

അക്വാൻ' ചുഴലിക്കാറ്റ് അതിതീവ്രമാകും; നവംബർ 20 ന് ആന്ധ്രാ തീരത്ത് കരതൊടും, അതീവ ജാഗ്രതാ നിർദേശം

CYCLON IN ANDHRA

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Nov 17, 2026, 11:36 AM | 2 min read

ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട 'അക്വാൻ' ചുഴലിക്കാറ്റ് അതിശക്തി പ്രാപിക്കുന്നു. നവംബർ 19 വൈകിട്ടോടെ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നവംബർ 20ന് ഉച്ചയോടെ ആന്ധ്രാപ്രദേശ്-യാനം തീരങ്ങൾക്കിടയിൽ നെല്ലൂരിനും ടുണിക്കും സമീപം ചുഴലിക്കാറ്റ് കരതൊടാൻ സാധ്യതയുണ്ട്.


തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും സമീപ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലുമായി രൂപപ്പെട്ട അതിതീവ്ര ന്യൂനമർദമാണ് ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചത്. നവംബർ 16ന് വൈകിട്ട് 5.30 ലെ കണക്കനുസരിച്ച് ചെന്നൈയിൽനിന്ന് 610 കിലോമീറ്ററും മച്ചിലിപട്ടണത്തുനിന്ന് 660 കിലോമീറ്ററും വിശാഖപട്ടണത്തുനിന്ന് 670 കിലോമീറ്ററും ഒഡിഷയിലെ ഗോപാൽപുരിൽനിന്ന് 790 കിലോമീറ്ററും അകലെയായിരുന്നു ചുഴലിക്കാറ്റിന്റെ കേന്ദ്രം.


നവംബർ 17ന് വൈകിട്ടോടെ ശക്തമായ ചുഴലിക്കാറ്റായും നവംബർ 19 ന് വൈകിട്ടോടെ അതിതീവ്ര ചുഴലിക്കാറ്റായും ഇത് മാറുമെന്നാണ് പ്രവചനം. കരതൊടുന്ന സമയത്ത് മണിക്കൂറിൽ 120 മുതൽ 130 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. കാറ്റിന്റെ വേഗം മണിക്കൂറിൽ 145 കിലോമീറ്റർ വരെയാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


ചുഴലിക്കാറ്റ് മണിക്കൂറിൽ 10 കിലോമീറ്റർ വേഗത്തിലാണ് നീങ്ങുന്നതെന്ന് ആന്ധ്രാപ്രദേശ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മാനേജിങ് ഡയറക്ടറും റിയൽ ടൈം ഗവേണൻസ് സൊസൈറ്റി സിഇഒയുമായ പ്രഖർ ജെയിൻ അറിയിച്ചു. പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിലാണ് ചുഴലിക്കാറ്റിന്റെ സഞ്ചാരം.


തീരദേശ ആന്ധ്രയിൽ അതിശക്തമായ മഴയ്ക്ക് സാധ്യത


ചുഴലിക്കാറ്റിന്റെ സ്വാധീനത്തിൽ നവംബർ 18 മുതൽ തീരദേശ ആന്ധ്രാപ്രദേശിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നവംബർ 19, 20 തീയതികളിൽ അതിതീവ്ര മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.


തീരദേശ മേഖലകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും പൊതുജനങ്ങളും കർഷകരും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.


അടിയന്തര സഹായത്തിന് ഹെൽപ്പ് ലൈൻ നമ്പറുകൾ


ചുഴലിക്കാറ്റുമായി ബന്ധപ്പെട്ട സഹായങ്ങൾക്കായി 'മന മിത്ര' വാട്സ്ആപ്പ് നമ്പറായ 9552300009ൽ ബന്ധപ്പെടാം. അടിയന്തര സഹായത്തിന് 112, 1070, 18004250101 എന്നീ നമ്പറുകളിൽ വിളിക്കാമെന്ന് പ്രഖർ ജെയിൻ അറിയിച്ചു.


ജനങ്ങൾ പാലിക്കേണ്ട സുരക്ഷാ നിർദേശങ്ങൾ


വ്യാജവാർത്തകൾ വിശ്വസിക്കരുതെന്നും പരിഭ്രാന്തരാകാതെ ഔദ്യോഗിക മുന്നറിയിപ്പുകൾ മാത്രം പിന്തുടരണമെന്നും അധികൃതർ നിർദേശിച്ചു. മൊബൈൽ ഫോണുകൾ ചാർജ് ചെയ്ത് സൂക്ഷിക്കുകയും പ്രധാന രേഖകളും സർട്ടിഫിക്കറ്റുകളും വെള്ളം കടക്കാത്ത കവറുകളിൽ സുരക്ഷിതമാക്കുകയും വേണം. കുറഞ്ഞത് ഒരാഴ്ചത്തേക്ക് ആവശ്യമായ ഭക്ഷണവും കുടിവെള്ളവും കരുതണം.


വീടിന്റെ മേൽക്കൂര, വാതിലുകൾ, ജനലുകൾ എന്നിവയുടെ സുരക്ഷ ഉറപ്പാക്കണം. ചുഴലിക്കാറ്റ് സമയത്ത് പ്രധാന വൈദ്യുതിബന്ധം വിച്ഛേദിക്കുകയും ഗ്യാസ് കണക്ഷൻ ഓഫ് ചെയ്യുകയും വേണം. സുരക്ഷിതമല്ലാത്ത വീടുകളിൽ താമസിക്കുന്നവർ മുൻകൂട്ടി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണമെന്നും നിർദേശമുണ്ട്.


വെള്ളപ്പൊക്ക സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശപ്രകാരം ഉയർന്ന സുരക്ഷിത മേഖലകളിലേക്ക് മാറണം. ചുഴലിക്കാറ്റിനിടെ മരങ്ങൾ, പരസ്യബോർഡുകൾ, വൈദ്യുതിത്തൂണുകൾ എന്നിവയുടെ സമീപം നിൽക്കരുത്. തകർന്നതോ അപകടാവസ്ഥയിലുള്ളതോ ആയ കെട്ടിടങ്ങളിൽ അഭയം തേടുന്നതും ഒഴിവാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home