മാമലയിൽ സ്കൂളിലേക്ക് പോയ പ്ലസ് വൺ വിദ്യാർത്ഥിനി പാറമടയിൽ മരിച്ച നിലയിൽ

കൊച്ചി: എറണാകുളം ചോറ്റാനിക്കരയ്ക്ക് സമീപം മാമലയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി. ചോറ്റാനിക്കര വി.എച്ച്.എസ്.സിയിലെ വിദ്യാർത്ഥിനിയായ ആദിത്യ (16) ആണ് മരിച്ചത്.
ഇന്ന് രാവിലെ സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ പെൺകുട്ടിയെയാണ് മണിക്കൂറുകൾക്കകം മരിച്ച നിലയിൽ കണ്ടെത്തിയത്. മാമലയിലെ ഒരു പാറമടയ്ക്ക് സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു സ്കൂൾ ബാഗ് ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ഓട്ടോറിക്ഷ ഡ്രൈവറാണ് പൊലീസിനെ വിവരം അറിയിച്ചത്.
ബാഗ് കണ്ട് സംശയം തോന്നി നാട്ടുകാരും പൊലീസും നടത്തിയ പരിശോധനയിലാണ് പാറമടയ്ക്കുള്ളിലെ വെള്ളത്തിൽ മൃതദേഹം കണ്ടെത്തിയത്. ഉടൻ തന്നെ മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.
പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. പ്രാഥമിക നിഗമനമനുസരിച്ച് കുട്ടി മുങ്ങി മരിച്ചതായാണ് കരുതുന്നതെന്ന് പൊലീസ് അറിയിച്ചു. ശരീരത്തിൽ മറ്റ് പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ല.
വീട്ടിൽ ചില തർക്കങ്ങൾ നടന്നതായി സൂചനയുണ്ടെങ്കിലും ആത്മഹത്യാ കുറിപ്പുകളൊന്നും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മരണം ആത്മഹത്യയാണോ എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
കുട്ടിയുടെ സുഹൃത്തുക്കളോടും ബന്ധുക്കളോടും കാര്യങ്ങൾ ചോദിച്ചറിഞ്ഞുവരികയാണെന്ന് ചോറ്റാനിക്കര പൊലീസ് വ്യക്തമാക്കി.











0 comments