സ്ത്രീ സുരക്ഷാ പദ്ധതിക്ക് തുടക്കം: 10 ലക്ഷത്തിലധികം സ്ത്രീകൾക്കും ട്രാൻസ് വുമണുകൾക്കും ആനുകൂല്യം ലഭിക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളം ലിംഗസമത്വത്തിലേക്ക് നടത്തുന്ന യാത്രയിലെ സുപ്രധാനമായ ഒരു നാഴികക്കല്ലാണ് 'സ്ത്രീ സുരക്ഷാ പദ്ധതി' എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീകൾക്ക് ഭയരഹിതമായി ജീവിക്കാനും തങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാനുമുള്ള സാഹചര്യം ഒരുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് സ്ത്രീസുരക്ഷ പദ്ധതി ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകളോടൊപ്പം തന്നെ ട്രാൻസ് വുമണുകൾക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഒന്നാം ഘട്ടത്തിൽ 10,18,390 പേർക്കാണ് ആനുകൂല്യം ലഭ്യമാകുന്നത്. സാമ്പത്തിക പരാശ്രയത്വം സ്ത്രീകളെ വീടിനകത്ത് പോലും നിശബ്ദരാക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും, ആരോടും കൈനീട്ടാതെ തലയുയർത്തി ജീവിക്കാൻ അവർക്ക് കഴിയണമെന്നും മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു.
നവോത്ഥാന പ്രസ്ഥാനങ്ങളും 1957-ലെ ഇ.എം.എസ് സർക്കാരിന്റെ പരിഷ്കാരങ്ങളുമാണ് കേരള മോഡൽ വികസനത്തിന് അടിത്തറയിട്ടത്. ഇതിന്റെ തുടർച്ചയായാണ് ഡിഗ്രി കോഴ്സുകൾ സൗജന്യമാക്കുമെന്ന ബജറ്റ് പ്രഖ്യാപനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ലോകത്താദ്യമായി ഓരോ വകുപ്പിന്റെയും പദ്ധതിവിഹിതത്തിൽ സ്ത്രീകൾക്കായി പ്രത്യേക തുക മാറ്റിവെക്കുന്ന 'ജെൻഡർ ബജറ്റിങ്' നടപ്പിലാക്കിയത് കേരളമാണ്. ഇന്ന് ബജറ്റിന്റെ വലിയൊരു വിഹിതം സ്ത്രീകൾക്കായി മാറ്റിവെക്കപ്പെടുന്നു.
കുടുംബശ്രീയും അയൽക്കൂട്ടങ്ങളും ഇന്ന് സ്ത്രീകളുടെ രാഷ്ട്രീയവും സാമൂഹികവുമായ വളർച്ചയുടെ പ്രഭവ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണെന്നും മുഖ്യമന്ത്രി തന്റെ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. അർഹരായ സ്ത്രീകൾക്ക് പ്രതിമാസം 1,000 രൂപ വീതമാണ് ഈ പദ്ധതിയിലൂടെ ധനസഹായം ലഭിക്കുന്നത്.










0 comments