എൽഡിഎഫ് സർക്കാർ കരുതിവച്ചത് 2 മാസത്തെ ക്ഷേമപെൻഷൻ തുക

വേണു കെ ആലത്തൂർ
Published on May 23, 2026, 01:06 AM | 1 min read
പാലക്കാട്: സാമൂഹ്യസുരക്ഷാ പെൻഷൻ വിതരണം മുടങ്ങാതിരിക്കാനുള്ള കരുതൽ ഉറപ്പാക്കിയാണ് എൽഡിഎഫ് സർക്കാർ അധികാരമൊഴിഞ്ഞത്. സർക്കാർ രൂപീകരിച്ച പെൻഷൻ കമ്പനിയിൽ രണ്ടു മാസത്തേക്കുള്ള തുക നീക്കിവച്ചിട്ടുണ്ട്. വിഷുവിനുമുമ്പ് രണ്ടുമാസത്തെ പെൻഷൻ കൊടുത്തശേഷം 1800 കോടി രൂപ കമ്പനിയിൽ ബാക്കിയുണ്ട്. ഇതിൽനിന്നാണ് യുഡിഎഫ് സർക്കാർ 1070 കോടി അനുവദിച്ചത്.
സഹകരണ സംഘങ്ങൾ, കെഎസ്‌എഫ്‌ഇ, ബിവറേജസ് കോർപറേഷൻ തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളിൽനിന്ന് വായ്‌പയെടുത്താണ് ക്ഷേമപെൻഷൻ വിതരണംചെയ്യുന്നത്. ഒരുവർഷത്തേയ്ക്കെടുക്കുന്ന വായ്‌പയ്ക്ക് ഒമ്പത് ശതമാനം പലിശ മാസം കൃത്യമായി നൽകുന്നു.
ഉയർന്ന പലിശയുള്ളതിനാൽ യുഡിഎഫ് ഭരണത്തിലുള്ള സഹകരണസംഘങ്ങളും പെൻഷൻ കമ്പനിയിലേക്ക് പണം നൽകുന്നതിന് വലിയ താൽപ്പര്യം കാണിക്കാറുണ്ട്. പെൻഷൻഫണ്ടിലേക്ക് നൽകിയാൽ കൃത്യമായി പലിശ ലഭിക്കും. തിരിച്ചടവ് മുടങ്ങാറുമില്ല. ഇതിനാൽ സംഘങ്ങൾക്കും ബധ്യതയില്ല. മണ്ണാർക്കാട് റൂറൽ സഹകരണ സംഘമാണ് ഫണ്ട് മാനേജർ. 31ന് കാലാവധി അവസാനിക്കും.
സഹകരണ ബാങ്കുകൾക്ക് 8629 കോടി രൂപ സർക്കാർ നൽകാനുണ്ടെന്ന തരത്തിൽ വാർത്തയുണ്ടാക്കി പെൻഷൻ വിതരണം വൈകിപ്പിക്കാൻ ശ്രമം നടക്കുന്നുണ്ട്. യുഡിഎഫ് സർക്കാരിനുവേണ്ടി ഒരു പത്രം എടുക്കുന്ന മുൻകൂർ ജാമ്യമാണിത്.










0 comments