print edition ക്ഷേമ പെൻഷൻ വിതരണം; കേന്ദ്രവിഹിതം മുടങ്ങുമെന്നത് കള്ളം

തിരുവനന്തപുരം : ക്ഷേമ പെൻഷൻ നേരിട്ട് അക്കൗണ്ടിലെത്തിക്കാൻ കേന്ദ്ര നിർദേശമുണ്ടെന്ന യുഡിഎഫ് സർക്കാരിന്റെ വാദം കഴമ്പില്ലാത്തത്. മുന്പും ഇത്തരം നിർദേശം കേന്ദ്രം മുന്നോട്ടുവച്ചിരുന്നെങ്കിലും അതിനുവഴങ്ങാതെ എൽഡിഎഫ് സർക്കാർ പെൻഷൻ വീടുകളിലുൾപ്പെടെ കൃത്യമായി എത്തിച്ചിരുന്നു. ആ സംവിധാനം യുഡിഎഫ് സർക്കാരിനും തുടരാവുന്നതേയുള്ളൂ. അത് ചെയ്യുന്നില്ലെന്നുമാത്രമല്ല, കേന്ദ്ര സർക്കാരിനോടുള്ള വിധേയത്വംമൂലം യാഥാർഥ്യം മറച്ചുവച്ച് പാവപ്പെട്ട പെൻഷൻകാരെ പറ്റിക്കുകയുമാണ്. ഡയറക്ട് ബെനഫിറ്റ് ട്രാൻസ്‌ഫർ (ഡിബിടി) സംബന്ധിച്ച നിർദേശം പാലിച്ചില്ലെങ്കിൽ കേന്ദ്രസർക്കാർ നൽകുന്ന സാമ്പത്തികസഹായം നഷ്ടപ്പെടുമെന്നാണ് സംസ്ഥാന സർക്കാർ ഉത്തരവിൽ പറയുന്നത്. കേന്ദ്ര സർക്കാരിന്റെ ഡിബിടി നിർദേശം 2022, 2023 വർഷങ്ങളിലും വന്നിരുന്നു. എന്നാൽ, എൽഡിഎഫ് സർക്കാർ ഡിബിടി നടപ്പാക്കില്ലെന്ന് തീരുമാനിച്ചു.
സാമൂഹ്യസുരക്ഷ, വയോജന പെൻഷനുകൾ വാങ്ങുന്നത് 51 ലക്ഷത്തിലേറെപേരാണ്. ഒൻപത് ലക്ഷത്തിലധികംപേർക്ക് ക്ഷേമനിധി ബോർഡുകൾ വഴിയുള്ള സഹായമുണ്ട്. ഇതിൽ എട്ടുലക്ഷംപേർക്കാണ് കേന്ദ്ര ധനസഹായം. അതും 200– 300 രൂപ മാത്രം. 80 വയസ്സ് കഴിഞ്ഞവരാണെങ്കിൽ 500 രൂപ. മാസം 941 കോടി രൂപ സംസ്ഥാന സർക്കാർ ക്ഷേമപെൻഷൻ നൽകുന്പോൾ 24 കോടി രൂപയേ കേന്ദ്ര സഹായമുള്ളൂ.
2023 ജനുവരിയിൽ കേന്ദ്ര വിഹിതം നേരിട്ട് ഡിബിടി വഴി ഗുണഭോക്താക്കൾക്ക് നൽകാൻ കേന്ദ്രസർക്കാർ ഉത്തരവിട്ടു. എട്ടുലക്ഷം പേർക്കും കേന്ദ്ര വിഹിതം ബാങ്ക് വഴി നൽകാൻ ഏർപ്പാടുണ്ടാക്കുകയും ക്ഷേമപെൻഷൻ വീട്ടിലെത്തിക്കുന്നത് എൽഡിഎഫ് സർക്കാർ തുടരുകയുമായിരുന്നു. സംസ്ഥാനവിഹിതം കേന്ദ്രത്തിന് കൈമാറണമെന്നും കേന്ദ്ര വിഹിതവും ചേർത്ത് അക്കൗണ്ടിലേക്ക് നൽകാമെന്നുമുള്ള നിർദേശവും കേന്ദ്രം മുന്നോട്ടുവച്ചിരുന്നു. എന്നാൽ, എൽഡിഎഫ് സർക്കാർ അതും തള്ളി. ഇരുപത്തിമൂന്നുലക്ഷം ഗുണഭോക്താക്കൾ തങ്ങൾക്ക് സഹകരണ ബാങ്ക് വഴി നേരിട്ട് വീട്ടിൽ പണം എത്തിക്കണമെന്ന് താൽപ്പര്യമറിയിച്ചതോടെ തുക കൃത്യമായി വിതരണംചെയ്‌തു.
സർക്കാർ പഠനം നടത്തണം: പിണറായി വിജയൻ
കണ്ണൂർ : പ്രായത്തിന്റെ അവശതമൂലം ബാങ്കിൽപോയി ഇടപാട് നടത്താൻ പറ്റാത്തവരെക്കുറിച്ച് പഠനം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞു. അവശതയുള്ളതിനാൽ ബാങ്കിൽ ചെല്ലാൻ പറ്റാത്തവരുടെയും കിടപ്പിലായവരുടെയും പെൻഷൻ ബാങ്ക് അക്കൗണ്ടിലേക്ക് കൊടുക്കുന്നത് ശരിയല്ല. ഫലത്തിൽ ക്ഷേമ പെൻഷൻ പദ്ധതിയെത്തന്നെ പ്രതികൂലമായി ബാധിക്കുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. കിടപ്പിലായവർ, പൂർണ ആരോഗ്യമില്ലാത്തവർ, അക്കൗണ്ട് കൈകാര്യം ചെയ്യാൻ പറ്റാത്തവർ തുടങ്ങിയവർക്ക് വീട്ടിൽ പെൻഷൻ എത്തിക്കണം. എല്ലാ പെൻഷനും ബാങ്കിലേക്ക് ആക്കിയാൽ ചില സാമൂഹ്യ പ്രശ്‌നങ്ങളുണ്ടാകും. അതുകൂടി പരിഗണിച്ചുവേണം തീരുമാനം എടുക്കാനെന്നും പിണറായി പറഞ്ഞു.










0 comments