ad
Deshabhimani

സംസ്ഥാനത്ത് വ്യാപക മഴ മുന്നറിയിപ്പ്; നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, ജാഗ്രതാ നിർദ്ദേശങ്ങൾ

heavy rain alert
വെബ് ഡെസ്ക്

Published on Jun 02, 2026, 02:59 PM | 2 min read

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ, ഓറഞ്ച് അലേർട്ടുകൾ പ്രഖ്യാപിച്ചു.


അന്തരീക്ഷത്തിൽ ചക്രവാതച്ചുഴി രൂപപ്പെട്ടതിനെ തുടർന്ന് കൊല്ലം മുതൽ കോഴിക്കോട് വരെയുള്ള തീരദേശ മേഖലകളിൽ മഴ ശക്തമാകുമെന്നാണ് പ്രവചനം.


ജൂൺ അഞ്ചാം തീയതി വരെ ശക്തമായ ഇടിമിന്നലിനും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ നാളെ ഓറഞ്ച് അലേർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് നാളെ യെല്ലോ അലെർട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.


ഇടിമിന്നൽ മുൻകരുതലുകൾ

ഇടിമിന്നൽ മനുഷ്യരുടെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വലിയ നാശനഷ്ടം വരുത്തുന്നതിനാൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്:


  • സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാം: ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാലുടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറണം. തുറസായ സ്ഥലങ്ങളിലും ടെറസിലും നിൽക്കുന്നത് ഒഴിവാക്കുക. ജനലുകളും വാതിലുകളും അടച്ചിടണം.

  • വൈദ്യുതോപകരണങ്ങൾ: ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക. ഇടിമിന്നലുള്ള സമയത്ത് ടെലഫോൺ ഉപയോഗം ഒഴിവാക്കണം (മൊബൈൽ ഫോൺ ഉപയോഗിക്കാം). ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും കുളിക്കുന്നതും ഒഴിവാക്കുക.

  • യാത്ര ചെയ്യുമ്പോൾ: ഇടിമിന്നൽ സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുന്നതാണ് സുരക്ഷിതം. എന്നാൽ സൈക്കിൾ, ബൈക്ക്, ട്രാക്ടർ എന്നിവയിലുള്ള യാത്രകൾ ഒഴിവാക്കി സുരക്ഷിതമായ കെട്ടിടത്തിൽ അഭയം തേടണം. വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കാനോ വാഹനങ്ങൾ പാർക്ക് ചെയ്യാനോ പാടില്ല.

  • ജലാശയങ്ങൾ: ഇടിമിന്നലുള്ളപ്പോൾ മീൻപിടുത്തം, കുളിക്കൽ, ബോട്ടിങ് എന്നിവ പൂർണ്ണമായും നിർത്തിവെക്കണം. കാർമേഘം കാണുമ്പോൾ തന്നെ സുരക്ഷിതമായി കരയിലേക്ക് മാറാൻ ശ്രദ്ധിക്കുക.

  • വളർത്തുമൃഗങ്ങൾ: അന്തരീക്ഷം മേഘാവൃതമാകുമ്പോൾ വളർത്തുമൃഗങ്ങളെ തുറസായ സ്ഥലങ്ങളിൽ കെട്ടരുത്. മഴ ശക്തമായതിന് ശേഷം അവയെ മാറ്റിക്കെട്ടാൻ പോകുന്നത് അപകടം ക്ഷണിച്ചുവരുത്തും.

  • തുറസായ സ്ഥലങ്ങളിലകപ്പെട്ടാൽ: പെട്ടെന്ന് കെട്ടിടങ്ങളിലേക്ക് മാറാൻ സാധിക്കാത്ത സാഹചര്യമാണെങ്കിൽ പാദങ്ങൾ ചേർത്തുവെച്ച് തല കാൽമുട്ടുകൾക്കിടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.


മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ, കാഴ്ച-കേൾവി നഷ്ടപ്പെടൽ, ഹൃദയാഘാതം എന്നിവ ഉണ്ടാകാം. മിന്നലേറ്റ ആളുടെ ശരീരത്തിൽ വൈദ്യുത പ്രവാഹം അവശേഷിക്കില്ല എന്നതിനാൽ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്. മിന്നലേറ്റാൽ ആദ്യത്തെ 30 സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണ്. ഉടനടി പ്രഥമ ശുശ്രൂഷ നൽകുകയും വിദഗ്ധ വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്യുക. കെട്ടിടങ്ങൾക്ക് മുകളിൽ മിന്നൽ രക്ഷാ ചാലകങ്ങളും വൈദ്യുതോപകരണങ്ങളുടെ സുരക്ഷയ്ക്കായി സർജ് പ്രൊട്ടക്ടറുകളും സ്ഥാപിക്കുന്നത് ഉചിതമായിരിക്കും.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home