സംസ്ഥാനത്ത് അൾട്രാവയലറ്റ് വികിരണം തീവ്രം; 6 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ വിവിധയിടങ്ങളിൽ അൾട്രാവയലറ്റ് വികിരണത്തിന്റെ അളവ് ആശങ്കാജനകമായ രീതിയിൽ ഉയരുന്നു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഏപ്രിൽ 16-ന് പുറത്തുവിട്ട കണക്കുകൾ പ്രകാരം യുവി സൂചിക 8 രേഖപ്പെടുത്തിയ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കൊല്ലം, പാലക്കാട് എന്നീ ജില്ലകളിലാണ് കടുത്ത ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്. അതിനിടെ, കാസറഗോഡ് കാഞ്ഞങ്ങാട് കളിക്കളത്തിൽ ഇരുന്ന 13 വയസുകാരന് സൂര്യാഘാതമേറ്റു. ശരീരത്തിൽ പൊള്ളലേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊല്ലം (കൊട്ടാരക്കര), പത്തനംതിട്ട (കോന്നി), ആലപ്പുഴ (ചെങ്ങന്നൂർ), കോട്ടയം (ചങ്ങനാശ്ശേരി), ഇടുക്കി (മൂന്നാർ), പാലക്കാട് (തൃത്താല) എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടും കളമശ്ശേരി, ഒല്ലൂർ, പൊന്നാനി എന്നിവിടങ്ങളിൽ യെല്ലോ അലർട്ടുമാണ്. കോഴിക്കോട്, വയനാട് ജില്ലകളിൽ സൂചിക 6 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.
യുവി സൂചിക ഉയരുന്നത് സൂര്യാതപം, ചർമ്മരോഗങ്ങൾ, കണ്ണിന് അസുഖങ്ങൾ എന്നിവയ്ക്ക് കാരണമാകും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും വികിരണ തീവ്രത കൂടുതലായിരിക്കും. ജലാശയങ്ങൾ, മണൽ തുടങ്ങിയ പ്രതലങ്ങൾ ഈ രശ്മികളെ പ്രതിഫലിപ്പിക്കുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു.
പ്രധാന ജാഗ്രതാ നിർദ്ദേശങ്ങൾ:
പകൽ 10 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.
പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ നിർബന്ധമായും ഉപയോഗിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, പുറംജോലികളിൽ ഏർപ്പെടുന്നവർ, ചർമ്മരോഗമുള്ളവർ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവർ അതീവ ജാഗ്രത പാലിക്കണം.
യാത്രകൾക്കിടയിൽ കൃത്യമായ ഇടവേളകളിൽ തണലിൽ വിശ്രമിക്കുകയും ധാരാളം വെള്ളം കുടിക്കുകയും ചെയ്യണം.
നിലവിലെ കാലാവസ്ഥാ സാഹചര്യത്തിൽ പൊതുജനങ്ങൾ ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.










0 comments