ad
Deshabhimani

വിദ്യാർത്ഥി സംഘടനാ നേതാക്കൾ ലഹരിക്ക് അടിമകൾ; വിസി മോഹനൻ കുന്നുമ്മലിന്റെ പ്രസ്താവന വിവാദത്തിൽ

VC.jpg
വെബ് ഡെസ്ക്

Published on Mar 13, 2026, 06:30 PM | 1 min read

തിരുവനന്തപുരം: വിദ്യാർത്ഥി സംഘടനാ നേതാക്കളിൽ പലരും ലഹരിക്ക് അടിമകളാണെന്ന കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ പ്രസ്താവന വിവാദമാകുന്നു. നേതാക്കളെ ലഹരി പരിശോധനയ്ക്ക് വിധേയരാക്കാൻ വെല്ലുവിളിച്ച വിസി, ക്യാമ്പസുകളിൽ പ്രശ്നമുണ്ടാക്കുന്നവർ 'തെമ്മാടികളാണെന്നും' ആക്ഷേപിച്ചു.


അധ്യാപകരെ തടഞ്ഞുവെക്കുന്നവരും റോഡിൽ ടയർ കത്തിക്കുന്നവരും ബസിന് കല്ലെറിയുന്നവരുമല്ല നാടിന്റെ കരുത്തെന്നും അദ്ദേഹം പറഞ്ഞു. സർവകലാശാലയിൽ തന്നെ നേരിട്ട് ഖരാവോ ചെയ്യുന്ന ചില വിദ്യാർത്ഥി നേതാക്കൾ ഗുണ്ടകളെപ്പോലെയാണ് പെരുമാറുന്നതെന്നും ഇത്തരം 'തെമ്മാടികൾ' സമൂഹത്തിന് മാതൃകയല്ലെന്നും വിസി അധിക്ഷേപിച്ചു.


ലഹരി പരിശോധന നടത്തിയാൽ ഇതിൽ എത്ര പേർ അടിമകളാണെന്ന് ബോധ്യപ്പെടുമെന്നും അദ്ദേഹം കൂട്ടിചേർത്തു. വിസിയുടെ പ്രസ്താവനയ്‌ക്കെതിരെ വിദ്യാർത്ഥി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. രാഷ്ട്രീയ പ്രേരിതമായാണ് വിസി ഇത്തരമൊരു പരാമർശം നടത്തിയതെന്നും ഇത് വിദ്യാർത്ഥി സമൂഹത്തെയാകെ അവഹേളിക്കുന്നതാണെന്നും സംഘടനകൾ പറഞ്ഞു.


ക്യാമ്പസുകളിലെ ജനാധിപത്യപരമായ പ്രതിഷേധങ്ങളെ ക്രിമിനൽ പ്രവർത്തനങ്ങളായി ചിത്രീകരിക്കാനാണ് വിസി ശ്രമിക്കുന്നതെന്നും സംഘടനകൾ പറഞ്ഞു. സംഭവത്തിൽ വിസി മാപ്പ് പറയണമെന്ന ആവശ്യവും ശക്തമാണ്. ആത്മാഭിമാനവും പൊതുബോധവുമില്ലാത്ത ഒരു സമൂഹത്തെ കെട്ടിയപ്പടുക്കണം എന്നതാണ് വിസിയുടെ ആവശ്യമെന്നും വിമർശനമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home