ad
Deshabhimani

print edition കേരളയിലെ ചട്ടവിരുദ്ധ സ്റ്റാൻഡിങ്
കൗൺസിൽ നിയമനം: വിസിക്ക് നോട്ടീസ്

Kerala university
വെബ് ഡെസ്ക്

Published on Jul 02, 2026, 12:00 AM | 1 min read

കൊച്ചി: കേരള സർവകലാശാലയിൽ സിൻഡിക്കറ്റിനെ മറികടന്ന് ചട്ടവിരുദ്ധമായി സ്റ്റാൻഡിങ് ക‍ൗൺസിൽ നിയമനം നടത്തിയതിനെതിരെ നൽകിയ ഹർജിയിൽ വെെസ് ചാൻസലർ അടക്കമുള്ള കക്ഷികൾക്ക് ഹെെക്കോടതി നോട്ടീസയച്ചു.


നിലവിലുണ്ടായിരുന്ന അഡ്വ. തോമസ് എബ്രഹാമിനെ ഒഴിവാക്കി അഡ്വ. ഗിരിജ ഗോപാലിനെ നിയമിച്ച നടപടി ചോദ്യംചെയ്ത് സിൻഡിക്കറ്റ് അംഗം ഡോ. ടി ആർ മനോജാണ് ഹർജി നൽകിയത്.


അഭിഭാഷകനെ നിയമിക്കാനുള്ള അധികാരം സിൻഡിക്കറ്റിനാണെന്നിരിക്കെ, വിസി ഏകപക്ഷീയമായി നടപടി സ്വീകരിച്ചത് നിലനിൽക്കില്ലെന്നും നിയമനം റദ്ദാക്കണമെന്നുമാണ് ആവശ്യം. ഹർജി പരിഗണിച്ച ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് 13ലേക്ക്‌ മാറ്റി.


അടിയന്തര സാഹചര്യത്തിൽമാത്രമേ സിൻഡിക്കറ്റിനെ മറികടന്ന് വിസിക്ക് തീരുമാനമെടുക്കാൻ അധികാരമുള്ളൂവെന്നിരിക്കെ യോഗം വിളിച്ചുചേർക്കാതെയാണ് വിസി സ്റ്റാൻഡിങ് കൗൺസിൽ നിയമനം നടത്തിയത്. രണ്ടുമാസം കൂടുമ്പോൾ സിൻഡിക്കറ്റ് വിളിച്ചുചേർക്കണമെന്നാണ് നിയമം.


എന്നാൽ, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിന്നിരുന്നതിനാൽ മാർച്ച് 24ലെ അവസാന യോഗത്തിനുശേഷം 96 ദിവസമായിട്ടും യോഗം വിളിച്ചുചേർത്തിരുന്നില്ല. അടിയന്തര സാഹചര്യം ഇല്ലാതിരിക്കെ വിസി സ്വീകരിച്ച നടപടി റദ്ദാക്കണമെന്നാണ് ഹർജിയിലെ വാദം.


റെയിൽവേ സ്റ്റാൻഡിങ് കൗൺസിൽകൂടിയായ ഗിരിജ ഗോപാൽ, നേരത്തേ വിസിക്കുവേണ്ടി ഹാജരായിട്ടുണ്ട്. സർവകലാശാല സെനറ്റ് ഹാളിൽ ഗവർണർ പങ്കെടുത്ത വേദിയിൽ കാവിക്കൊടിയേന്തിയ സ്ത്രീയുടെ ചിത്രംവച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു അത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home