print edition കേരള സർവകലാശാല ഐക്യുഎസി പുനഃസംഘടിപ്പിച്ചു, സംഘപരിവാറുകാരെ കുത്തിനിറച്ചു; കണ്ണടച്ച് സർക്കാർ

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കേരള സർവകലാശാലയിൽ അക്കാദമിക് ഗുണനിലവാരം ഉറപ്പാക്കാനുള്ള ആഭ്യന്തര സമിതിയിൽ (ഐക്യുഎസി) സംഘപരിവാറുകാരെ കുത്തിനിറച്ച് വൈസ്‌ചാൻസലർ മോഹനൻ കുന്നുമ്മൽ. സംഘപരിവാർ അധ്യാപക സംഘടനയായ എബിആർഎസ്‌എമ്മുകാരായ നാലുപേരും ബിജെപി സിൻഡിക്കറ്റംഗവുമാണ് സമിതിയിൽ ഉൾപ്പെട്ടത്.
യുഡിഎഫ് അധ്യാപക സംഘടന തങ്ങളുടെ പ്രതിനിധികളെ തഴഞ്ഞെന്ന് ആരോപിച്ച് വിസിക്ക് പരാതി നൽകിയതോടെ അവരെയും ഉൾപ്പെടുത്തി പ്രശ്‌നപരിഹാരത്തിനുള്ള ശ്രമത്തിലാണ് വിസി. മൂന്ന് യുഡിഎഫ് പ്രതിനിധികളടക്കം അഞ്ചുപേരെ ഉൾപ്പെടുത്തും. ഇതോടെ 34 അംഗ ജംബോ സമിതിയായി ഐക്യുഎസി മാറും.
നാക് അക്രഡിറ്റേഷൻ പ്രവർത്തനങ്ങളുടെ ഏകോപനം, അധ്യാപക നിയമനത്തിനുള്ള അപേക്ഷകളുടെ സൂക്ഷ്‌മപരിശോന, സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട പരിശോധന തുടങ്ങിയ നിർണായക ഉത്തരവാദിത്വം വഹിക്കുന്ന സമിതിയാണിത്. അക്കാദമിക് പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകേണ്ട സമിതിയെ സംഘപരിവാർ അജൻഡ നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിൽ പുനഃസംഘടിപ്പിച്ചത്.
സിൻഡിക്കറ്റംഗം വിനോദ്‌കുമാർ ടി ജി നായർ, അധ്യാപകരായ സി എൻ വിജയകുമാരി, ജി പ്രസാദ്, എസ് വേണുമോഹൻ, മിഥുൻ സുകുമാരൻ എന്നിവരെയാണ് ഉൾപ്പെടുത്തിയത്. അക്കാദമിക് മികവുള്ളവരെയും സീനിയർ പ്രൊഫസർമാരെയും തഴഞ്ഞാണ് രാഷ്‌ട്രീയ പക്ഷപാതിത്വത്തോടെയുള്ള തീരുമാനം. മുൻപ് 26 അംഗ സമിതിയിൽ എല്ലാ മേഖലയിൽനിന്നും വിഭാഗങ്ങളിൽനിന്നും ആളുകളെ ഉൾപ്പെടുത്തിയിരുന്നു.
സർവകലാശാലയ്‌ക്ക് നാക് എ പ്ലസ്‌പ്ലസ് റാങ്കിങ്ങും നാഷണൽ ഇൻസ്‌റ്റിറ്റ്യൂഷണൽ റാങ്കിങ് ഫ്രേംവർകിൽ (എൻഐആർഎഫ്) മികച്ച നേട്ടത്തിനും അർഹമാക്കുന്നതിൽ സംഭാവനകൾ നൽകാനും സമിതിക്കായി.
സംഘപരിവാറുകാരെ ഉൾപ്പെടുത്തി ജംബോ സമിതിയാക്കിയിട്ടും ഏറ്റുമുട്ടലിനില്ലെന്ന സംഘപരിവാർ വിധേയ നിലപാട് തുടരുകയാണ് യുഡിഎഫ് സർക്കാർ.
എംജി സർവകലാശാലയിലും കാർഷിക സർവകലാശാലയിലും സർക്കാരിനെ നോക്കുകുത്തിയാക്കി സംഘപരിവാർ അധ്യാപക നേതാക്കളെ ഗവർണർ വിസിമാരാക്കിയിരുന്നു. എംജി സെനറ്റിലേക്ക് ബിജെപി ദേശീയസമിതി അംഗം ജെ പ്രമീളാദേവി ഉൾപ്പെടെ 19 സംഘപരിവാറുകാരെയും എത്തിച്ചു.
മോഹനൻ കുന്നുമ്മലടക്കമുള്ള വിസിമാർ ആർഎസ്‌എസ് വേദികളിൽ സ്ഥിരം സാന്നിധ്യമാവുകയും അധിക്ഷേപ പരാമർശങ്ങളടക്കം നടത്തുകയും ചെയ്‌തിട്ടും ശക്തമായ പ്രതികരണം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. പ്രോ ചാൻസലർ എന്ന നിലയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ ഇടപെടണമെന്ന ആവശ്യം ശക്തമായിട്ടും ഒരു നീക്കവും ഉണ്ടായിട്ടില്ല.










0 comments