കേരള സർവകലാശാല ഫണ്ട് ട്രാൻസ്‌ഫർ വിവാദം
print edition അധ്യാപകനെ ഉത്തരവാദിയാക്കാനുള്ള നീക്കത്തിൽ പ്രതിഷേധം

കേരള സർവകലാശാല
തിരുവനന്തപുരം: കേരള സർവകലാശാലയുടെ സെന്റർ ഫോർ ലാറ്റിൻ അമേരിക്കൻ സ്റ്റഡീസ് സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയ്ക്ക് നേതൃത്വം നൽകിയ ബ്രസീലിയൻ വിഷയവിദഗ്ധന് പ്രതിഫലത്തുക കൈമാറിയതിൽ എസ്‌ബിഐക്ക് ഉണ്ടായ ഗുരുതര പിഴവിന്റെ ഉത്തരവാദിത്വം അധ്യാപകന്റെമേൽ ചുമത്താനുള്ള സർവകലാശാലയുടെ നീക്കത്തിൽ പ്രതിഷേധം ശക്തം. 20,000 രൂപ കൈമാറാൻ നിർദേശിച്ചപ്പോൾ ബാങ്ക് അബദ്ധവശാൽ 20,000 യുഎസ് ഡോളറാണ് വിദേശത്തേക്ക് കൈമാറിയത്. ബാങ്ക് രേഖാമൂലം വീഴ്‌ച അംഗീകരിച്ചതും വിദേശ വിനിമയ നിയന്ത്രണ ചട്ടം ലംഘിക്കപ്പെട്ടെന്ന് ഓംബുഡ്‌സ്‌മാൻ കണ്ടെത്തുകയും ചെയ്‌തതുമാണ്.
തുക തിരിച്ചുപിടിക്കുന്നതിനായി വൈസ് ചാൻസലർ ചെയർമാനായ സെന്ററിന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയും തീരുമാനിച്ചു. സിൻഡിക്കറ്റ് ഉപസമിതിയും സർവകലാശാലയുടെ ഓഡിറ്റ് വിഭാഗവും ബാങ്കിനെതിരെ നിയമനടപടിക്ക് ശുപാർശ ചെയ്‌തു. സെന്റർ ഡയറക്ടർ പ്രൊഫ. ഗിരീഷ് കുമാറും സർവകലാശാലാ അധികൃതർക്കും ബാങ്കിനും നിരവധി കത്തുകൾ നൽകി. രണ്ടര വർഷമായി സർവകലാശാലയുടെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായില്ല. തീരുമാനമെടുക്കുന്നതിൽ ഉണ്ടായ ഭരണപരമായ വീഴ്ച മറച്ചുവയ്ക്കുന്നതിനും രാഷ്ട്രീയപ്രേരിത നടപടികൾക്കും വൈസ് ചാൻസലർ നേതൃത്വം നൽകുകയാണെന്ന് കേരള സർവകലാശാല ടീച്ചേഴ്സ് ഓർഗനൈസേഷൻ (കെയുടിഒ) പ്രസ്‌താവനയിൽ പറഞ്ഞു.
പ്രൊഫ. ഗിരീഷ് കുമാറിനെതിരെ ബാഹ്യശക്തികൾ ആസൂത്രിതമായി നടത്തുന്ന നീക്കങ്ങളുടെ ഭാഗമാണിത്. സിൻഡിക്കറ്റ് ഉപസമിതിയുടെ റിപ്പോർട്ട് സിൻഡിക്കറ്റിന്റെ പരിഗണനയ്ക്ക് സമർപ്പിക്കാതെ വൈസ് ചാൻസലർ ബോധപൂർവം തീരുമാനം മാറ്റിവച്ചു. സർവകലാശാലയ്ക്ക് നഷ്ടപ്പെട്ട തുക ബാങ്കിൽനിന്ന് തിരിച്ചുപിടിക്കുന്നതിനുള്ള നിയമനടപടികൾ ഉടൻ പുനരാരംഭിക്കണമെന്നും വ്യക്തിവിദ്വേഷ നീക്കം അവസാനിപ്പിക്കണമെന്നും കെയുടിഒ ആവശ്യപ്പെട്ടു.











0 comments