print edition കേരള സർവകലാശാല പരീക്ഷാഫലം ജയിച്ചവർ തോറ്റു; മാർക്കും കാണാനില്ല

കേരള സർവകലാശാല
തിരുവനന്തപുരം : കേരള സർവകലാശാലയുടെ നാലുവർഷ ബിരുദത്തിന്റെ ഒന്ന്, രണ്ട് സെമസ്റ്റർ, സപ്ലിമെന്ററി പരീക്ഷാഫലം എന്നിവയിൽ വ്യാപകമായി തെറ്റ്. ജയിച്ച പല വിദ്യാർഥികളും തോറ്റതായാണ് മാർക്ക് ലിസ്റ്റിൽ. ചിലർക്ക് പൂജ്യം മാർക്കും ലഭിച്ചു. സർവകലാശാലയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ കെ-റീപ് പോർട്ടലിൽ പല വിദ്യാർഥികളുടെയും മാർക്ക് കാണാനില്ല.
ഗ്രേഡ് നൽകിയതിലും തെറ്റുണ്ട്. സപ്ലിമെന്ററി പരീക്ഷയെഴുതിയവരുടെ മുൻ മാർക്കും കാണാതായിട്ടുണ്ട്. സർവകലാശാല പരീക്ഷ കൺട്രോളറെ സർക്കാർ മാറ്റിയിരുന്നു. പകരംവന്ന ഉദ്യോഗസ്ഥനാണ് കൺട്രോളറുടെ താൽക്കാലിക ചുമതല നൽകിയത്. ഒന്നരവർഷംകൂടി കാലാവധി ഉള്ള പരീക്ഷാ കൺട്രോളറെ പക്ഷപാതപരമായി മാറ്റുകയായിരുന്നു.
കെ-റീപ് പോർട്ടലിന്റെ പ്രശ്‌നമാണെന്ന നിരുത്തരവാദ നിലപാടാണ് വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റേത്. നാലുവർഷ ബിരുദക്കാർ അഞ്ചാം സെമസ്റ്ററിലേക്ക് കടക്കുന്പോൾ ഇതുവരെയുള്ള പരീക്ഷാഫലവും മാർക്ക് ലിസ്‌റ്റും കിട്ടാത്ത സ്ഥിതിയാണ്. കെ-റീപ് പോർട്ടലിൽനിന്നോ ഡിജിലോക്കറിൽനിന്നോ ഡൗൺലോഡ് ചെയ്തെടുക്കാം എന്നായിരുന്നു അറിയിപ്പ്.
ഡിജി ലോക്കറിൽനിന്ന് കിട്ടുന്നില്ല. എസ്എൽസിഎം പോർട്ടലിൽനിന്ന് വിദ്യാർഥികളുടെ വിവരങ്ങൾ പുതിയ കെ–റീപ് പോർട്ടലിലേക്കു മാറ്റിയിരുന്നു. ഇൗ ഘട്ടത്തിൽ സാങ്കേതിക പിഴവുണ്ടായതായാണ് സംശയം. നിലവിൽ എക്സൽ ഷീറ്റുവഴി കോളേജുകളിൽനിന്ന് മാർക്ക് ശേഖരിച്ച് നൽകാനാണ് സർവകലാശാല നിർദേശിച്ചിരിക്കുന്നത്. അപാകതകൾ പുറത്തുവന്നതിനുപിന്നാലെ പോർട്ടലിൽനിന്ന് ചില പരീക്ഷാഫലങ്ങൾ പിൻവലിക്കാനും തീരുമാനിച്ചു.
പിഴവുകൾക്ക് ഉത്തരവാദി വൈസ് ചാൻസലർ:- എകെപിസിടിഎ
കേരള സർവകലാശാലയുടെ പരീക്ഷകളിൽ വ്യാപകമായ തെറ്റുകൾ കടന്നുകൂടിയതിൽ ഉത്തരവാദിത്വം മറന്ന് വൈസ് ചാൻസലർ നടത്തിയ പ്രതികരണം അപലപനീയമെന്ന് എകെപിസിടിഎ. നാലാം സെമസ്റ്റർ പരീക്ഷാഫലത്തിലും ഒന്നും രണ്ടും സെമസ്റ്റർ സപ്ലിമെന്ററി പരീക്ഷയിലുമാണ് തെറ്റുകൾ വന്നിട്ടുള്ളത്.
ഇത് കെ റീപ് സോഫ്റ്റ്‌വെയറിന്റെയും കഴിഞ്ഞ സർക്കാരിന്റെയും കുറ്റമായാണ് വിസി അവതരിപ്പിക്കുന്നത്. ഉത്തരവാദിത്വം നിർവഹിക്കാതെ മറ്റുള്ളവരിൽ പഴിചാരി രക്ഷപ്പെടൽ തന്ത്രമാണിത്. വിസിയും യുഡിഎഫ് സിൻഡിക്കറ്റ് അംഗങ്ങളും ചേർന്ന് രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി പരീക്ഷ കൺട്രോളറെ ഒഴിവാക്കി. കുറച്ചുകാലമായി പരീക്ഷാ വിഷയങ്ങളിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായും കൂടിയാലോചനകളുമില്ല.
കോളേജുതലത്തിൽ തെറ്റുകൾ തിരുത്തേണ്ട ഉത്തരവാദിത്വം അധ്യാപകരുടെ തലയിലിട്ടു. പരീക്ഷകളുടെ മൂല്യനിർണയം അവതാളത്തിലായി. വിദ്യാർഥികളുടെ ഉപരിപഠന സാധ്യതയും പ്രതിസന്ധിയിലാണ്. സിൻഡിക്കറ്റ് അംഗീകരിച്ച അധ്യാപകരുടെ പ്രമോഷൻ ഉൾപ്പെടെ തീരുമാനങ്ങൾ നടപ്പാക്കുന്നില്ല. സർവകലാശാലയെ രാഷ്ട്രീയ ഇടപെടലുകൾക്കുള്ള വേദിയാക്കാതെ വിസി ഉത്തരവാദിത്വങ്ങൾ നിറവേറ്റണമെന്ന് എകെപിസിടിഎ സെക്രട്ടറി ഡോ. ജി എസ് സുമേഷ് ആവശ്യപ്പെട്ടു.










0 comments