print edition മെയിന്റനൻസ് ഗ്രാന്റും തടഞ്ഞു; തദ്ദേശം സ്തംഭിച്ചു

എ ഐ നിർമിത ചിത്രം
തിരുവനന്തപുരം: പദ്ധതി വിഹിതത്തിലെ 3000 കോടി തടഞ്ഞതിനുപിന്നാലെ തദ്ദേശസ്ഥാപനങ്ങളുടെ ആസ്‌തി സംരക്ഷണ മെയിന്റനൻസ് ഗ്രാന്റും നിഷേധിച്ച് യുഡിഎഫ് സർക്കാർ. ഇതോടെ തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥിതി ഭരണസ്‌തംഭനത്തിന് സമാനം. റോഡ്, ആശുപത്രി, സ്‌കൂൾ തുടങ്ങിയവയുടെ അറ്റകുറ്റപ്പണിക്ക് എൽഡിഎഫ് സർക്കാർ ബജറ്റിൽ വകയിരുത്തിയ തുകയാണ് തടഞ്ഞത്.
ആസ്‌തി സംരക്ഷണ ഗ്രാന്റ്, റോഡ് ഇതര ആസ്‌തി സംരക്ഷണ ഗ്രാന്റ് എന്നിങ്ങനെ രണ്ടായാണ് തദ്ദേശസ്ഥാപനങ്ങൾക്ക് പണം നൽകുന്നത്. ആദ്യവിഭാഗത്തിൽ 2697 കോടിരൂപയും രണ്ടാംവിഭാഗത്തിൽ 1618 കോടിയും ഉൾപ്പെടെ 4315 കോടിരൂപയാണ് നൽകേണ്ടത്.
ആദ്യഗഡു 1348.56 കോടി ഏപ്രിൽ ആദ്യം നൽകണം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം കാരണം അത് വൈകി. അധികാരത്തിലേറി രണ്ടുമാസത്തോളമായിട്ടും ഇൗ തുക കൈമാറിയില്ല. എൽഡിഎഫ് സർക്കാർ ഭരണം ഒഴിയുന്പോൾ 6000 കോടിരൂപ ട്രഷറി നീക്കിയിരിപ്പുണ്ടായിരുന്നു.
2004ലാണ് അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി വിവിധ സർക്കാർ സ്ഥാപനങ്ങൾ തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറിയത്. പൊതുമരാമത്ത്, ദേശീയപാത ഒഴികെയുള്ള റോഡുകളുടെ ചുമതലയും ഇതിലുണ്ട്. അവയുടെ അറ്റകുറ്റപ്പണി, കലുങ്ക് നിർമാണം, റീടാറിങ് തുടങ്ങിയവയ്‌ക്കാണ് മെയിന്റനൻസ് ഗ്രാന്റ് (റോഡ്) നൽകുന്നത്.
ഇതുപയോഗിച്ചാണ് കാലവർഷത്തിനുമുന്പേ റോഡിലെ കുഴിയടയ്‌ക്കൽ, റീടാറിങ് തുടങ്ങിയവ നടത്തുന്നത്. തദ്ദേശസ്ഥാപനങ്ങൾക്ക് കൈമാറിയ സ്‌കൂൾ, സർക്കാർ ആശുപത്രി, അങ്കണവാടി, മൃഗാശുപത്രി, കൃഷിഭവൻ, ക്ഷീര വികസന ഓഫീസ്, മത്സ്യബന്ധന ഓഫീസ്, ഹാച്ചറികൾ തുടങ്ങിയവയുടെ അറ്റകുറ്റപ്പണിക്കും മറ്റുമാണ് റോഡ് ഇതര മെയിന്റനൻസ് ഗ്രാന്റ്.
പണം അനുവദിക്കാത്തതിനാൽ ഈ അധ്യയനവർഷം സ്‌കൂൾ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണിയും മുടങ്ങി. അങ്കണവാടി, ആശുപത്രി, ഫിഷറീസ് ഓഫീസ്, ഹാച്ചറി തുടങ്ങിയ സ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണിയും ഉപകരണം ലഭ്യമാക്കലുമെല്ലാം സ്‌തംഭിച്ചു.










0 comments